കൊച്ചിമെട്രോ നഗരഹൃദയങ്ങളിലേക്ക്: പാലാരിവട്ടം മുതല്‍ മഹാരാജാസ് ഗ്രൗണ്ട് വരെയുള്ള സര്‍വ്വീസിന് ഇന്ന് തുടക്കം
By സമകാലികമലയാളം ഡെസ്‌ക് | Published: 02nd October 2017 09:06 AM |
Last Updated: 03rd October 2017 07:31 AM | A+A A- |

കൊച്ചി: കൊച്ചി മെട്രോയുടെ പാലാരിവട്ടം മുതല്‍ മഹാരാജാസ് ഗ്രൗണ്ട് വരെയുള്ള അഞ്ചു കിലോമീറ്റര്‍ സര്‍വ്വീസിന് ഇന്ന് തുടക്കം. പരീക്ഷണ ഓട്ടം വിജയകരമായി പൂര്‍ത്തിയാക്കിയ അടിസ്ഥാനത്തിലാണ് ഉദ്ഘാടനം. ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ മുഖ്യമന്ത്രിയും കേന്ദ്രനഗരവികസന മന്ത്രി ഹര്‍ദീപ്‌സിങ് പുരിയും ചേര്‍ന്ന് സര്‍വീസ് ഫ്‌ലാഗ് ഓഫ് ചെയ്യും. ഉദ്ഘാടന ചടങ്ങുകള്‍ രാവിലെ പതിനൊന്നു മണിക്ക് ടൗണ്‍ ഹാളില്‍ വച്ച് നടക്കും.
മെട്രോ യാത്രക്ക് ശേഷമാകും ഇരുവരും ടൗണ്‍ഹാളില്‍ നടക്കുന്ന ഉദ്ഘാടന ചടങ്ങിനെത്തുക. ഉദ്ഘാടനം ചെയ്തതായി മുഖ്യമന്ത്രി അറിയിച്ച ഉടന്‍ മെട്രോ ജനങ്ങള്‍ക്കായി തുറന്ന് കൊടുക്കാനുള്ള രീതിയിലുള്ള ക്രമീകരണം ഒരുക്കിയിട്ടുണ്ടെന്ന് കെഎംആര്‍എല്‍ എംഡി ഏലിയാസ് ജോര്‍ജ് അറിയിച്ചു.
പാലാരിവട്ടംമുതല്‍ മഹാരാജാസ് കോളേജ് വരെ അഞ്ച് സ്‌റ്റേഷനാണുള്ളത്. മഹാരാജാസ് ഗ്രൗണ്ടിലേക്ക് സര്‍വീസ് നീളുന്നതോടെ ദൈര്‍ഘ്യം 18 കിലോമീറ്ററാകും. ഇതോടെ യാത്രക്കാരുടെ എണ്ണത്തില്‍ വര്‍ദ്ധനയുണ്ടാകുമെന്ന പ്രതീക്ഷയിലാണ് കെഎംആര്‍എല്‍. സ്ഥിരം യാത്രക്കാര്‍ക്ക് യാത്രാനിരക്ക് കുറയ്ക്കുന്നത് മുതലായുള്ള പദ്ധതികള്‍ കെഎംആര്‍എല്‍ മുന്നോട്ടു വയ്ക്കുമെന്നാണ് സൂചന.
അണ്ടര്‍ 17 ലോകകപ്പിന് മുന്‍പ് കലൂര്‍ സ്‌റ്റേഡിയത്തിന് മുന്നിലൂടെ മെട്രോ ഓടുമെന്ന വാഗ്ദാനം ഇതോടെ നടപ്പിലാവുകയാണ്. ജൂണ്‍ 17 കൊച്ചി മെട്രോ ആലുവ മുതല്‍ പാലാരിവട്ടം വരെ സര്‍വ്വീസ് ആരംഭിച്ചിരുന്നു.