ഇന്ത്യയിലെ ഏറ്റവും മുന്തിയ പൊതുഗതാഗതമുള്ള നഗരമായി കൊച്ചി മാറും: പിണറായി വിജയന്‍

കൊച്ചി മെട്രോ ലാഭകരമാകുന്നതിനുള്ള മറ്റ് സംവിധാനങ്ങള്‍ ഒരുക്കുമെന്നും പിണറായി വിജയന്‍ അറിയിച്ചു 
ഇന്ത്യയിലെ ഏറ്റവും മുന്തിയ പൊതുഗതാഗതമുള്ള നഗരമായി കൊച്ചി മാറും: പിണറായി വിജയന്‍

മെട്രോയും വാട്ടര്‍ മെട്രോയും നല്ല ബസ് സര്‍വീസുകളും ഒക്കെ ചേര്‍ന്ന ഇന്ത്യയിലെ തന്നെ ഏറ്റവും മുന്തിയ പൊതുഗതാഗത സംവിധാനമുള്ള നഗരമായി കൊച്ചി മാറുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പാലാരിവട്ടം മുതല്‍ മഹാരാജാസ് വരെയുളള കൊച്ചിമെട്രോയുടെ രണ്ടാം പാദം ഉദ്ഘാടനം ചെയ്തത് അറിയിച്ചുകൊണ്ടുള്ള തന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് മുഖ്യമന്ത്രി ഇങ്ങനെ പറഞ്ഞത്. 

തൃപ്പൂണിത്തുറ വരെ മെട്രോ എത്തുന്നതോടുകൂടി നഗര ഗതാഗതസംവിധാനത്തില്‍ വലിയ മാറ്റം ഉണ്ടാവുമെന്നും പാലാരിവട്ടം കാക്കനാട് ഭാഗത്തേക്കുള്ള 11 കിലോമീറ്റര്‍ നിര്‍മാണപ്രവര്‍ത്തനങ്ങളും ഉടന്‍ ആരംഭിക്കുമെന്ന് അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

പാലാരിവട്ടം മുതല്‍ മഹാരാജാസ് വരെയുള്ള കൊച്ചി മെട്രോയുടെ രണ്ടാം പാദം ഉദ്ഘാടനം ചെയ്തു. നഗരകാര്യ വകുപ്പിന്റെ സ്വതന്ത്ര ചുമതലയുള്ള കേന്ദ്രസഹമന്ത്രി ഹര്‍ദീപ് സിങ് പുരിയുടെ സാന്നിദ്ധ്യത്തിലായിരുന്നു ഉദ്ഘാടനം. കേന്ദ്രമന്ത്രിയോടും മറ്റ് ജനപ്രതിനിധികളോടുമൊപ്പം ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയം സ്റ്റേഷനില്‍ നിന്ന് മഹാരാജാസ് വരെയും തിരിച്ച് കലൂര്‍ സ്റ്റേഷന്‍ വരെയും മെട്രോയില്‍ യാത്ര ചെയ്തു.

കൊച്ചി മെട്രോ ലാഭകരമാകുന്നതിനുള്ള മറ്റ് സംവിധാനങ്ങള്‍ ഒരുക്കും. മെട്രോയുടെ നിര്‍മാണം തൃപ്പൂണിത്തുറ വരെ നീട്ടുന്നതിനാവശ്യമായ നടപടികള്‍ സംസ്ഥാനസര്‍ക്കാര്‍ എടുത്തുകഴിഞ്ഞു. സ്ഥലം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട വേഗത്തിലാക്കുവാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. തൃപ്പൂണിത്തുറ വരെ മെട്രോ എത്തുന്നതോടുകൂടി നഗര ഗതാഗതസംവിധാനത്തില്‍ വലിയ മാറ്റം ഉണ്ടാവും. പാലാരിവട്ടം കാക്കനാട് ഭാഗത്തേക്കുള്ള 11 കിലോമീറ്റര്‍ നിര്‍മാണപ്രവര്‍ത്തനങ്ങളും ഉടന്‍ ആരംഭിക്കും. നെടുമ്പാശ്ശേരി വിമാനത്താവളം വരെ മെട്രോ നീട്ടുന്നതും പരിഗണിക്കും.

ഒരു മെട്രോ റെയില്‍ സര്‍വീസ് മാത്രമല്ല, എല്ലാത്തരം ഗതാഗതമാര്‍ഗങ്ങളും ഒത്തു ചേര്‍ന്ന സമഗ്ര ഗതാഗതസംവിധാനമുള്ള നഗരമായി കൊച്ചിയെ മാറ്റാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. മെട്രോയും വാട്ടര്‍ മെട്രോയും നല്ല ബസ് സര്‍വീസുകളും ഒക്കെ ചേര്‍ന്ന ഇന്ത്യയിലെ തന്നെ ഏറ്റവും മുന്തിയ പൊതുഗതാഗത സംവിധാനമുള്ള നഗരമായി കൊച്ചി മാറും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com