ബിഡിജെഎസ് പിരിച്ചുവിടണമെന്ന് കോടിയേരി;സമുദായ പാര്‍ട്ടികളുമായി സഖ്യമില്ല

ബിഡിജെഎസിനെ ഇടത് പാളയത്തിലെത്തിക്കാനുള്ള എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ ശ്രമങ്ങള്‍ക്ക് കനത്ത തിരിച്ചടി
ബിഡിജെഎസ് പിരിച്ചുവിടണമെന്ന് കോടിയേരി;സമുദായ പാര്‍ട്ടികളുമായി സഖ്യമില്ല

മലപ്പുറം: ബിഡിജെഎസുമായി സഖ്യമില്ലെന്ന് വ്യക്തമാക്കി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ബിഡിജെഎസ് പിരിച്ചുടുകയാണ് വേണ്ടതെന്ന് കോടിയേരി പറഞ്ഞു. മത-സമുദായങ്ങളുടെ പേരിലുണ്ടാക്കുന്ന പാര്‍ട്ടികളുമായി സഖ്യം ചേരില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ബിഡിജെഎസിനെ ഇടത് പാളയത്തിലെത്തിക്കാനുള്ള എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ ശ്രമങ്ങള്‍ക്ക് കനത്ത തിരിച്ചടിയാണ് കോടിയേരിയുടെ പ്രസ്താവന. കേരള കോണ്‍ഗ്രസിന്റെ രാഷ്ട്രീയ നിലപാട് തീരുമാനിക്കേണ്ടത് കെ.എം മാണിയാണെന്നും അദ്ദേഹം പറഞ്ഞു. 

വെള്ളാപ്പള്ളി നടേശനേയും ബിഡിജെഎസിനേയും എല്‍ഡിഎഫിനൊപ്പം കൂട്ടുന്നത് അസംഭവ്യമെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞതിന് പിന്നാലെയാണ് കോടിയേരിയും നിലപാട് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുന്നത്. 

ബിഡിജെഎസ് എന്‍ഡിഎ വിടണമെന്നും എല്‍ഡിഎഫാണ് ബിഡിജെഎസിന് പറ്റിയ മുന്നണിയെന്നും മുമ്പ് പറഞ്ഞ വെള്ളാപ്പള്ളി, മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഭരണത്തിന്റെ അവസാന കാലഘട്ടത്തില്‍ ബിജെപി വെച്ചുനീട്ടുന്ന നക്കാപ്പിച്ച ബിഡിജെഎസ് സ്വീകരിക്കരുതെന്നും വെള്ളാപ്പള്ളി പറഞ്ഞിരുന്നു. ബിജെപിയ്ക്ക് വേങ്ങരയില്‍ പോസ്റ്ററടിച്ച കാശ് നഷ്ടമാകുമെന്നും 5000 വോട്ട് പോലും കിട്ടില്ലെന്നും വെള്ളാപ്പള്ളി തുറന്നടിച്ചിരുന്നു. 

യുഡിഎഫിലേക്ക് ക്ഷണിച്ച നേതാക്കളെ തള്ളിയാണ് വെള്ളാപ്പള്ളി ബിഡിജെഎസിനെ ഇടത് പാളയത്തിലെത്തിക്കാന്‍ ശ്രമിച്ചത്. എന്നാല്‍ സിപിഎം സംസ്ഥാന സെക്രട്ടറി തന്നെ കടുത്ത നിലപാടുമായി എത്തിയിരിക്കുന്നത് ബിഡിജെഎസിന്റെ ഇടത് മുന്നണി പ്രവേശന പ്രതീക്ഷകള്‍ അസ്തമിപ്പിക്കുകയാണ്. ബിഡിജെഎസിനെ യുഡിഎഫിലേക്ക് ക്ഷണിച്ച യുഡിഎഫ് നേതാക്കളോട് തന്നെ ദ്രേഹിച്ചതിനെല്ലാം ഏറ്റുപറച്ചില്‍ നടത്തൂ എന്നായിരുന്നു വെള്ളാപ്പള്ളിയുടെ പ്രതികരണം. 

ബിഡിജെഎസിനെ മുന്നണിയിലെടുക്കുന്നതില്‍ വിരോധമില്ല എന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പ്രതികരിച്ചിരുന്നു. അവര്‍ക്ക് മാറ്റം സംഭവിക്കുന്നതില്‍ നല്ലതല്ലേയെന്നായിരുന്നു കാനത്തിന്റെ ചോദ്യം.

തങ്ങള്‍ക്ക് നല്‍കാമെന്നേറ്റിരുന്ന ബോര്‍ഡ്,കോര്‍പ്പറേഷന്‍ സ്ഥാനങ്ങള്‍ ലഭിക്കാത്തതിനെത്തുടര്‍ന്നാണ് ബിഡിജെഎസ് ബിജെപിയുമായി ഉടക്കിയത്. എന്നാല്‍ വേങ്ങര ഉപതെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ബോര്‍ഡ് കോര്‍പ്പറേഷന്‍ സ്ഥാനങ്ങള്‍ എത്രയുംവേഗം നല്‍കുമെന്ന് തുഷാര്‍ വെള്ളാപ്പള്ളിയ്ക്ക് വാക്കുകൊടുത്തിരുന്നു. ഇതേത്തുടര്‍ന്ന് എന്‍ഡിഎ വിടില്ലെന്ന് തുഷാര്‍ പറഞ്ഞിരുന്നു. മാത്രവുമല്ല, ബിജെപി അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നയിക്കുന്ന ജനരക്ഷ യാത്രയില്‍ പങ്കെടുക്കുമെന്നും ബിഡിജെഎസ് അറിയിച്ചിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com