രാജീവിന്റെ വീട്ടില്‍ ഉദയഭാനു വന്നിരുന്നതായി സിസിടിവി ദൃശ്യങ്ങള്‍; അറസ്റ്റ് ഒഴിവാക്കാന്‍  മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയിലേക്ക്

കൊലപാതകത്തിനായി കൊച്ചിയിലെ ഫഌറ്റ് കേന്ദ്രീകരിച്ചു നടന്ന ഗൂഢാലോചനയില്‍ പങ്കെടുത്തുന്നു കരുതുന്ന അങ്കമാലിക്കാരനായി തെരച്ചില്‍ നടക്കുകയാണെന്ന് പൊലീസ്
രാജീവിന്റെ വീട്ടില്‍ ഉദയഭാനു വന്നിരുന്നതായി സിസിടിവി ദൃശ്യങ്ങള്‍; അറസ്റ്റ് ഒഴിവാക്കാന്‍  മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയിലേക്ക്

തൃശൂര്‍: ചാലക്കുടിയിലെ റിയല്‍ എസ്റ്റേറ്റ് ബ്രോക്കറുടെ കൊലപാതകവുമായി ബന്ധപ്പെട്ട് നിര്‍ണായക തെളിവുകള്‍ അന്വേഷണ സംഘത്തിന് ലഭിച്ചതായി സൂചന. കൊല്ലപ്പെട്ട രാജീവിന്റെ വീട്ടില്‍ ആരോപണ വിധേയനായ പ്രമുഖ അഭിഭാഷകന്‍ സിപി ഉദയഭാനു പല തവണ വന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിനു ലഭിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. കൊലപാതകത്തിനായി കൊച്ചിയിലെ ഫഌറ്റ് കേന്ദ്രീകരിച്ചു നടന്ന ഗൂഢാലോചനയില്‍ പങ്കെടുത്തുന്നു കരുതുന്ന അങ്കമാലിക്കാരനായി തെരച്ചില്‍ നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു. അതിനിടെ കേസില്‍ അറസ്റ്റ് ഒഴിവാക്കാന്‍ സിപി ഉദയഭാനു മുന്‍കൂര്‍ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിക്കും. അഡ്വ. ബി രാമന്‍പിള്ള മുഖേനയാണ് ഉദയഭാനു മുന്‍കൂര്‍ ജാമ്യ ഹര്‍ജി നല്‍കുന്നത്.

ഉദയഭാനുവില്‍നിന്ന് ഭീഷണി ഉണ്ടെന്ന് മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്കു നല്‍കിയ പരാതിയില്‍ രാജീവ് ചൂണ്ടിക്കാട്ടിയിരുന്നു. രാജീവിന്റെ മകന്‍ പൊലീസില്‍ നല്‍കിയ മൊഴിയിലും ഉഭയഭാനുവിന്റെ പേരുണ്ടെന്നാണ് സൂചനകള്‍. ഉദയഭാനുവിന് എതിരായ ആരോപണത്തില്‍ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്ന് നേരത്തെ പൊലീസ് വ്യക്തമാക്കിയിരുന്നു. ഇതിന് സഹായകമാവുന്ന തെളിവുകളാണ് ഇപ്പോള്‍ ലഭിച്ചിരിക്കുന്നത് എന്നാണ് പൊലീസ് പറയുന്നത്. രാജീവീന്റെ വീട്ടില്‍ ഉദയഭാനു പല തവണ വന്നുപോയതിനു സിസിടിവി ദൃശ്യങ്ങളില്‍ തെളിവുകളുണ്ട്. ഇതു സംബന്ധിച്ച് കൂടുതല്‍ പരിശോധനകള്‍ നടക്കേണ്ടതുണ്ടെന്നാണ് പൊലീസ് പറയുന്നത്.

കൊലപാതകത്തില്‍ നേരിട്ടു പങ്കെടുത്തവര്‍ പിടിയിലായ സാഹചര്യത്തില്‍ ഇതിനു പിന്നിലെ ഗൂഢാലോചനയെക്കുറിച്ചാണ് പൊലീസ് ഇപ്പോള്‍ അന്വേഷിക്കുന്നത്. കൊച്ചിയിലെ ഫഌറ്റ് കേന്ദ്രീകരിച്ചാണ് ഇതിന് ഗൂഢാലോചന നടന്നത്. കൊലപാതകത്തിന് ക്വട്ടേഷന്‍ നല്‍കിയ ജോണി ഇന്നലെ പിടിയിലായിരുന്നു. ഗൂഢാലോചന നടന്ന ഫഌറ്റില്‍ ജോണി പല തവണ വന്നുപോയിട്ടുണ്ട്. 12 തവണ ജോണി ഇവിടെ വന്നുപോയതായി പൊലീസ് കണ്ടെത്തിയിട്ടുണ്ടെങ്കിലും ഇതില്‍ നാലു തവണ മൊബൈല്‍ഫോണ്‍ എടുക്കാതെയാണ് ഇയാള്‍ ഇവിടെയെത്തിയത്. ഈ ദിവസങ്ങളിലാവാം ഗൂഢോലോചന നടന്നത് എന്നാണ് പൊലീസിന്റെ നിഗമനം. ആ ദിവസങ്ങളില്‍ ഇവിടെ ആരൊക്കെ വന്നുപോയി എന്നാണ് പൊലീസ് പ്രധാനമായും തിരയുന്നതി.് ഇതില്‍ ഒരു അങ്കമാലിക്കാരനെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാള്‍ ഗൂഢാലോചനയില്‍ പങ്കാളിയാണെന്നാണ് കരുതുന്നത്. ഏതാനും ദിവസങ്ങള്‍ക്കകം കേസിന്റെ കാര്യത്തില്‍ കൂടുതല്‍ വ്യക്തത വരുമെന്നാണ് പൊലീസ് പറയുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com