വെള്ളാപ്പള്ളിയുമായി കൂട്ടുവേണ്ട; ബിഡിജെഎസിനെ മുന്നണിയിലെടുക്കുന്നത് അസംഭവ്യം: തോമസ് ഐസക്

എന്‍ഡിഎയോട് ഇടഞ്ഞു നില്‍ക്കുന്ന ബിഡിജെഎസിനെ എല്‍ഡിഎഫ് പാളയത്തിലെത്തിക്കാന്‍ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ശ്രമിക്കുന്നതിനിടയിലാണ് തോമസ് ഐസക്കിന്റെ പ്രതികരണം
വെള്ളാപ്പള്ളിയുമായി കൂട്ടുവേണ്ട; ബിഡിജെഎസിനെ മുന്നണിയിലെടുക്കുന്നത് അസംഭവ്യം: തോമസ് ഐസക്

കൊച്ചി: വെള്ളാപ്പള്ളി നടേശനേയും ബിഡിജെഎസിനേയും എല്‍ഡിഎഫിനൊപ്പം കൂട്ടുന്നത് അസംഭവ്യമെന്ന് ധനമന്ത്രി തോമസ് ഐസക്. എന്‍ഡിഎയോട് ഇടഞ്ഞു നില്‍ക്കുന്ന ബിഡിജെഎസിനെ എല്‍ഡിഎഫ് പാളയത്തിലെത്തിക്കാന്‍ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ശ്രമിക്കുന്നതിനിടയിലാണ് തോമസ് ഐസക്കിന്റെ പ്രതികരണം വന്നിരിക്കുന്നത്. 

ബിഡിജെഎസ് എന്‍ഡിഎ വിടണമെന്നും എല്‍ഡിഎഫാണ് ബിഡിജെഎസിന് പറ്റിയ മുന്നണിയെന്നും മുമ്പ് പറഞ്ഞ വെള്ളാപ്പള്ളി, മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഭരണത്തിന്റെ അവസാന കാലഘട്ടത്തില്‍ ബിജെപി വെച്ചുനീട്ടുന്ന നക്കാപ്പിച്ച ബിഡിജെഎസ് സ്വീകരിക്കരുതെന്നും വെള്ളാപ്പള്ളി പറഞ്ഞിരുന്നു. ബിജെപിയ്ക്ക് വേങ്ങരയില്‍ പോസ്റ്ററടിച്ച കാശ് നഷ്ടമാകുമെന്നും 5000 വോട്ട് പോലും കിട്ടില്ലെന്നും വെള്ളാപ്പള്ളി തുറന്നടിച്ചിരുന്നു. 

വേങ്ങര തെരഞ്ഞെടുപ്പ് അടുത്ത് നില്‍ക്കുന്ന സാഹചര്യത്തില്‍ ബിഡിജെഎസിനെ അനുനയിപ്പിക്കാനായി, ബോര്‍ഡ്,കോര്‍പ്പറേഷന്‍ സ്ഥാനങ്ങള്‍ എത്രയും വേഗം നല്‍കാമെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ വാക്കു നല്‍കിയിരുന്നു. ഇതിന്‌ പിന്നാലെ ബിഡിജെഎസ് എന്‍ഡിഎ വിടില്ലെന്ന് തുഷാര്‍ വെള്ളാപ്പള്ളി പറയുകയും ചെയ്തു. ഇതിനോട് പ്രതികരിക്കവെയായിരുന്നു വെള്ളാപ്പള്ളി നടേശന്റെ ബിജെപിയ്ക്ക് എതിരായ പരാമര്‍ശം. മുന്നണി വിടില്ലായെന്ന് പറഞ്ഞെങ്കിലും ബിജെപി സംസ്ഥാന അധ്യക്ഷന്‍ നയിക്കുന്ന ജനരക്ഷാ യാത്രയില്‍ ബിഡിജെഎസ് പങ്കെടുക്കില്ല.

ബിഡിജെഎസിനെ യുഡിഎഫിലേക്ക് ക്ഷണിച്ച യുഡിഎഫ് നേതാക്കളോട് തന്നെ ദ്രേഹിച്ചതിനെല്ലാം ഏറ്റുപറച്ചില്‍ നടത്തൂ എന്നായിരുന്നു വെള്ളാപ്പള്ളിയുടെ പ്രതികരണം. ഇങ്ങനെ എല്‍ഡിഎഫിനെ പുകഴ്ത്തിയും നേതാക്കളുമായി ചര്‍ച്ച നടത്താന്‍ താത്പര്യപ്പെട്ടും വെള്ളാപ്പള്ളി സജീവമായി മുന്നോട്ടു പോകവെയാണ് ബിഡിജെഎസിനെതിരെ മന്ത്രി തോമസ് ഐസക് രംഗത്തെത്തിയിരിക്കുന്നത്. 

ബിഡിജെഎസിനെ മുന്നണിയിലെടുക്കുന്നതില്‍ വിരോധമില്ല എന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പ്രതികരിച്ചിരുന്നു. അവര്‍ക്ക് മാറ്റം സംഭവിക്കുന്നതില്‍ നല്ലതല്ലേയെന്നായിരുന്നു കാനത്തിന്റെ ചോദ്യം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com