കുറ്റപത്രം ഈയാഴ്ച നല്‍കില്ല; സമയമെടുത്ത് പിഴവറ്റ കുറ്റപത്രം തയാറാക്കാന്‍ നിയമോപദേശം

ശേഷിച്ച സാക്ഷികളുടെ രഹസ്യമൊഴി കൂടി രേഖപ്പെടുത്തിയ ശേഷമായിരിക്കും കുറ്റപത്രം സമര്‍പ്പിക്കുക എന്നാണ് സൂചന
ഫോട്ടോ: ആല്‍ബിന്‍ മാത്യു
ഫോട്ടോ: ആല്‍ബിന്‍ മാത്യു

കൊച്ചി: നടിയെ ആക്രമിച്ചതിനു പിന്നിലെ ഗൂഢാലോചന കേസില്‍ അന്വേഷണ സംഘം ഈയാഴ്ച കുറ്റപത്രം നല്‍കില്ല. കൂടുതല്‍ സമയമെടുത്ത് പിഴവറ്റ കുറ്റപത്രം തയാറാക്കുന്നതാണ് ഉചിതമെന്ന നിയമോപദേശമാണ് പൊലീസിനു ലഭിച്ചിരിക്കുന്നത്. ശേഷിച്ച സാക്ഷികളുടെ രഹസ്യമൊഴി കൂടി രേഖപ്പെടുത്തിയ ശേഷമായിരിക്കും കുറ്റപത്രം സമര്‍പ്പിക്കുക എന്നാണ് സൂചനകള്‍.

കേസില്‍ നടന്‍ ദിലീപ് അറസ്റ്റിലായി തൊണ്ണൂറു ദിവസം പൂര്‍ത്തിയാവും മുമ്പ് കുറ്റപത്രം സമര്‍പ്പിക്കാനായിരുന്നു പൊലീസ് ഉദ്ദേശിച്ചിരുന്നത്. ഇത് അനുസരിച്ച് ഈ മാസം ഏഴിനകം കുറ്റപത്രം സമര്‍പ്പിക്കണം. ദിലീപീന് സ്വാഭാവിക ജാമ്യം ലഭിക്കുന്ന സാഹചര്യം ഒഴിവാക്കാനായിരുന്നു അന്വേഷണ സംഘം ഇത്തരമൊരു നീക്കം നടത്തിയത്. എന്നാല്‍ ദിലീപിന് ജാമ്യം ലഭിച്ച സാഹചര്യത്തില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നതിന് തിടുക്കം വേണ്ടെന്നാണ് അ്‌ന്വേഷണ സംഘത്തിന്റെ നിലപാട്.

കുറ്റപത്രം സമര്‍പ്പിക്കുന്നതു സംബന്ധിച്ച് പൊലീസ് നിയമോപദേശം തേടിയിരുന്നു. 90 ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിച്ചില്ലെങ്കില്‍ മറ്റു പ്രതികള്‍ക്കു ജാമ്യം ലഭിക്കുന്നതിനുള്ള സാഹചര്യം കൂടി കണക്കിലെടുത്താണ് നിയമോപദേശം തേടിയത്. എന്നാല്‍ പരമാവധി തെളിവുകളും സാക്ഷിമൊഴികളും ശേഖരിച്ച് പിഴവറ്റ കുറ്റപത്രം തയാറാക്കാനാണ് പൊലീസിനു ലഭിച്ച നിയമോപദേശം. ഏറെ മാധ്യമ ശ്രദ്ധ ലഭിക്കുകയും പൊതു ചര്‍ച്ച നടക്കുകയും ചെയ്ത കേസ് എന്ന നിലയില്‍ അന്വേഷണ സംഘത്തിന് കോടതിയില്‍ തിരിച്ചടി കിട്ടുന്ന അവസ്ഥ ഒഴിവാക്കുക എന്നതാണ് നിയമോപദേശത്തിന്റെ കാതല്‍. പ്രമുഖര്‍ ഉള്‍പ്പെട്ട കേസ് എന്ന നിലയില്‍ കുറ്റപത്രത്തില്‍  പിഴവുകള്‍ ഉണ്ടാവുന്നത് വലിയ വിമര്‍ശനങ്ങള്‍ക്ക് ഇടവയ്ക്കുമെന്നും പൊലീസ് കരുതുന്നുണ്ട്്.

തിടുക്കപ്പെട്ട കുറ്റപത്രം സമര്‍പ്പിക്കേണ്ട സാഹചര്യം ഇപ്പോള്‍ ഇല്ലെന്നാണ് ഇതുമായി ബന്ധപ്പെട്ട മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹറ മറുപടി നല്‍കിയത്. ദിലീപിന് ജാമ്യം ലഭിച്ചത് പ്രോസിക്യൂഷനു വീഴ്ച പറ്റിയതുകൊണ്ടല്ലെന്നും ബെഹറ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com