കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെതിരെ കേസിലെ ഏഴാം പ്രതിയുടെ രഹസ്യ മൊഴി. നടിയെ ആക്രമിക്കാന്‍ സുനില്‍ കുമാറിന് ക്വട്ടേഷന്‍ നല്‍കിയതില്‍ ദിലീപിന് പങ്കെന്ന് വ്യക്തമാക്കുന്ന രഹസ്യമൊഴിയാണ് കേസിലെ ഏഴാം പ്രതിയായ ചാര്‍ളി നല്‍കിയിരിക്കുന്നത്.
ദിലീപിനെതിരെ മൊഴി നല്‍കിയിരിക്കുന്ന ചാര്‍ളിയെ കേസില്‍ പൊലീസ് മാപ്പ് സാക്ഷിയാക്കും. നടിയെ ആക്രമിക്കാനുള്ളത് ദിലീപിന്റെ ക്വട്ടേഷനായിരുന്നു എന്ന് സുനില്‍ കുമാര്‍ പറഞ്ഞു, നടി ആക്രമിക്കപ്പെട്ടതിന്റെ മൂന്നാം ദിവസമാണ് ദിലീപിന്റെ പങ്കിനെ കുറിച്ച് തന്നോട് പറഞ്ഞതെന്നും ചാര്‍ളിയുടെ രഹസ്യമൊഴിയില്‍ പറയുന്നു. കോയമ്പത്തൂരില്‍ ചാര്‍ളിയുടെ വീട്ടിലായിരുന്നു സുനി ഒളിവില്‍ കഴിഞ്ഞിരുന്നത്.
തനിക്ക് ഒളിത്താവളം ഒരുക്കിയാല്‍ നടിയെ ആക്രമിച്ച ക്വട്ടേഷനില്‍ നിന്നും ലഭിക്കുന്ന ഒന്നര കോടിയില്‍ നിന്നും പത്ത് ലക്ഷം രൂപ തരാമെന്ന് സുനി പറഞ്ഞു. മാത്രമല്ല, മൊബൈലില്‍ പകര്‍ത്തിയ നടിയുടെ ദൃശ്യങ്ങള്‍ സുനി തന്നെ കാണിച്ചതായും ചാര്‍ളിയുടെ മൊഴിയില്‍ പറയുന്നു. എന്നാല്‍ അവരോട് അപ്പോള്‍ തന്നെ തന്റെ വീട്ടില്‍ നിന്നും പോകണമെന്ന് ആവശ്യപ്പെട്ടു. പിറ്റേന്ന് അവിടെയുണ്ടായിരുന്ന പള്‍സര്‍ ബൈക്ക് മോഷ്ടിച്ച് സുനിയും വിജേഷും പോവുകയായിരുന്നു എന്നുമാണ് ചാര്‍ളിയുടെ രഹസ്യ മൊഴി.
അതിനിടെ ദിലീപിന് ജാമ്യം ലഭിച്ചതിന്റെ പശ്ചാത്തലത്തില്‍ ആലുവ പൊലീസ് ക്ലബില്‍ എഡിജിബി ബി.സന്ധ്യയുടെ നേതൃത്വത്തില്‍ അടിയന്തര യോഗം ചേര്‍ന്നിരുന്നു. ബുധനാഴ്ച രാത്രിയായിരുന്നു യോഗം. ഗൂഢാലോചന സംബന്ധിച്ച കുറ്റപത്രം സമര്‍പ്പിക്കുന്നതിനെ കുറിച്ചായിരുന്നു ചര്‍ച്ചയെന്നാണ് സൂചന.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ