മദ്യശാലകളുടെ ദൂരപരിധിയും ദുഷ്പ്രചാരണവും - ടി പി രാമകൃഷ്ണന്‍

നിരോധനമുള്ള സംസ്ഥാനങ്ങളില്‍ വ്യാജമദ്യം ഒഴുകുന്നു, വ്യാജ മദ്യലോബി തഴച്ചുവളരുന്നു.  കേരളത്തില്‍ മദ്യലഭ്യതയില്‍ കുറവുണ്ടായപ്പോള്‍ ഈ ആപത്ത് നാം കണ്ടതാണ്.
മദ്യശാലകളുടെ ദൂരപരിധിയും ദുഷ്പ്രചാരണവും - ടി പി രാമകൃഷ്ണന്‍

ദ്യശാലകള്‍ സ്ഥാപിക്കുന്നതിനുള്ള ദൂരപരിധിയുമായി ബന്ധപ്പെട്ട് എല്‍ഡിഎഫ് സര്‍ക്കാരിനെതിരെ ഒരു വിഭാഗമാളുകള്‍ അടിസ്ഥാനരഹിതമായ പ്രചാരണം നടത്തുകയാണ്.  പൊതുജനങ്ങളില്‍  തെറ്റിദ്ധാരണ പരത്തി മുതലെടുക്കുക എന്ന ലക്ഷ്യമാണ് ഈ പ്രചാരണത്തിന് പിന്നിലെന്ന് വ്യക്തമാണ്.  ഈ സാഹചര്യത്തില്‍ സത്യം എന്താണെന്ന് വിശദീകരിക്കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ്. 
 
മദ്യശാലകള്‍ സ്ഥാപിക്കുന്നതിന് വിദ്യാലയങ്ങള്‍, ആരാധനാലയങ്ങള്‍, പട്ടികജാതിപട്ടികവര്‍ഗ കോളനികള്‍, പൊതുശ്മശാനം എന്നിവയില്‍ നിന്ന് പാലിക്കേണ്ട ദൂരം 200 മീറ്ററില്‍ നിന്ന് 50 മീറ്ററായി കുറച്ചത് ഫോര്‍ സ്റ്റാര്‍, ഫൈവ് സ്റ്റാര്‍ ഹോട്ടലുകള്‍ക്ക് മാത്രമാണ് ബാധകം.   ത്രീ സ്റ്റാര്‍ വരെയുള്ള ബാര്‍ ഹോട്ടലുകള്‍, ബിവറേജസ് കോര്‍പറേഷന്റെയും കണ്‍സ്യൂമര്‍ ഫെഡറേഷന്റെയും വിദേശ മദ്യ വില്‍പ്പന ശാലകള്‍ എന്നിവയ്‌ക്കെല്ലാം ദൂരപരിധി നിലവിലുള്ള 200 മീറ്റര്‍ തന്നെയാണ്. അതില്‍ ഒരു മാറ്റവും വരുത്തിയിട്ടില്ല. കള്ള്ഷാപ്പുകളുടെ ദൂരപരിധി 400 മീറ്റര്‍ എന്നതിലും മാറ്റമില്ല. ഇതാണ് സത്യം. എന്നാല്‍ എല്ലാ മദ്യശാലകളുടെയും ദൂരപരിധി കുറച്ചു എന്ന രീതിയിലാണ് പ്രചാരണം നടക്കുന്നത്.  ഈ പ്രചാരണം നടത്തുന്നവര്‍ക്ക് സത്യമറിയാഞ്ഞിട്ടല്ല. 
 
ഫോര്‍ സ്റ്റാറും അതിന് മുകളിലുമുള്ള ഗണത്തില്‍ പെടുന്ന ഹോട്ടലുകള്‍ എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് ജനങ്ങള്‍ക്കറിയാം.  ഈ നിലവാരത്തിലുള്ള ഹോട്ടലുകളില്‍ നിന്ന് മദ്യം കഴിക്കുന്നവരില്‍ കൂടുതലും വിദേശത്തുനിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും വരുന്ന വിനോദസഞ്ചാരികളാണ്.  ഈ ഹോട്ടലുകളുടെ ദൂരപരിധിയില്‍ മാറ്റം വരുത്തിയതുകൊണ്ട് പൊതുജനങ്ങള്‍ക്ക് ഒരുവിധ പ്രയാസവും ഉണ്ടാകില്ല. ദൂരപരിധിയില്‍ മാറ്റം വന്നതിനാല്‍ വളരെ കുറച്ച് ഹോട്ടലുകള്‍ക്ക് മാത്രമാണ് ബാര്‍ ലൈസന്‍സ് കിട്ടാന്‍ പോകുന്നത്. 
 
ഫോര്‍ സ്റ്റാറും അതിനു മുകളിലും ഉള്ള ഹോട്ടലുകള്‍ക്ക് ദൂരപരിധി 2012 വരെ 50 മീറ്റര്‍ തന്നെയായിരുന്നു.  മുന്‍ സര്‍ക്കാര്‍ ഈ ദൂരപരിധി കൂട്ടിയത് പൊതുജന താല്‍പ്പര്യം കണക്കിലെടുത്തായിരുന്നില്ല.  നേരത്തെയുള്ളവയ്ക്ക് പുതിയ നിബന്ധന ബാധകമാക്കിയതുമില്ല. 

 അബ്കാരി നയം രൂപീകരിക്കുന്നതിന് ശുപാര്‍ശ സമര്‍പ്പിക്കാന്‍ റിട്ടയര്‍ഡ് ജസ്റ്റിസ് രാമചന്ദ്രനെ മുന്‍ സര്‍ക്കാര്‍ കമീഷനായി നിയോഗിച്ചിരുന്നു. ത്രീ സ്റ്റാര്‍ മുതല്‍ മുകളിലേക്കുള്ള എല്ലാ ബാര്‍ ഹോട്ടലുകളുടെയും ദൂരപരിധി 50 മീറ്ററായി കുറയ്ക്കണം എന്നായിരുന്നു കമീഷന്റെ ശുപാര്‍ശകളില്‍ ഒന്ന്. കേരളത്തിലെ യാത്രാസൗകര്യവും മറ്റും പരിഗണിക്കുമ്പോള്‍ 200 മീറ്റര്‍ എന്ന ദൂരപരിധി കാലഹരണപ്പെട്ടതാണെന്നാണ് കമീഷന്‍ അഭിപ്രായപ്പെട്ടത്.  കമീഷന്‍ ശുപാര്‍ശ പോലും ഈ സര്‍ക്കാര്‍ പൂര്‍ണമായി സ്വീകരിച്ചിട്ടില്ല.  ത്രീ സ്റ്റാര്‍ ഹോട്ടലുകളുടെ ദൂരപരിധി കുറയ്ക്കാന്‍ സര്‍ക്കാര്‍ തയാറായിട്ടില്ല. 

സംസ്ഥാനത്തിന്റെ താല്‍പ്പര്യം മുന്‍നിര്‍ത്തിയാണ് യുഡിഎഫ് മദ്യനയത്തില്‍ തിരുത്തലുകള്‍ വരുത്താന്‍ പുതിയ സര്‍ക്കാര്‍ തയാറായത്.  അത്തരമൊരു നിലപാട് എടുത്തപ്പോള്‍ പോലും മുഴുവന്‍ മദ്യഷാപ്പുകളും തുറന്നുകൊടുക്കുക എന്നതിലേക്ക് സര്‍ക്കാര്‍ പോയിട്ടില്ല. യുഡിഎഫ് കാലത്ത് പൂട്ടിയ ബവറേജസ് വില്‍പ്പനശാലകളില്‍ ഒന്നുപോലും തുറന്നിട്ടില്ല. ദേശീയപാതയുടെ 500 മീറ്റര്‍ ചുറ്റളവില്‍ മദ്യശാലകള്‍ പാടില്ലെന്ന വ്യവസ്ഥയില്‍  നിന്ന് കോര്‍പറേഷനുകളെയും മുനിസിപ്പാലിറ്റികളെയും സുപ്രീം കോടതി തന്നെ ഒഴിവാക്കിയിട്ടുണ്ട്. എന്നാല്‍ പഞ്ചായത്തുകളില്‍ ഈ നിയന്ത്രണം തുടരുകയാണ്.  അതുകാരണം 533 കള്ള് ഷാപ്പുകളും 217 ബീയര്‍ പാര്‍ലറുകളും നാല് ബാറുകളും അടഞ്ഞുകിടക്കുന്നു.    
    
മുന്‍ യുഡിഎഫ് സര്‍ക്കാര്‍ അവസാന കാലത്ത് മദ്യനയത്തില്‍ വരുത്തിയ മാറ്റം ഒരുപഠനവും നടത്താതെയും മുന്‍പിന്‍ ആലോചനയില്ലാതെയുമായിരുന്നു.  യുഡിഎഫിനെ നയിച്ച കോണ്‍ഗ്രസ് പാര്‍ട്ടിയിലെ തര്‍ക്കങ്ങളാണ് ഫൈവ് സ്റ്റാര്‍ ഒഴികെയുള്ള ബാറുകള്‍ക്ക് അനുമതി നിഷേധിക്കുന്ന മദ്യനയത്തില്‍ എത്തിയത് എന്നതില്‍ ആര്‍ക്കും തര്‍ക്കമുണ്ടാകില്ല. ഈ മദ്യനയം കേരളത്തിന്റെ ടൂറിസം മേഖലയില്‍  വലിയ ആഘാതമാണുണ്ടാക്കിയത്. 

 കടുത്ത മത്‌സരം നേരിടുന്ന രംഗമാണ് ടൂറിസം.   ഈ മത്‌സരം നേരിട്ടാണ് ലോക ടൂറിസം ഭൂപടത്തില്‍ കേരളം പ്രധാന സ്ഥാനം നേടിയത്.  നമ്മെ സംബന്ധിച്ച് കൂടുതല്‍ തൊഴിലവസരം സൃഷ്ടിക്കാന്‍ കഴിയുന്ന മേഖലകളില്‍ ഏറ്റവും പ്രധാനമണ് ടൂറിസം.  മദ്യം കഴിക്കാനാണോ വിനോദസഞ്ചാരികള്‍ കേരളത്തില്‍ വരുന്നതെന്ന ചോദ്യം ചിലര്‍ ഉന്നയിക്കുന്നത് കേട്ടിട്ടുണ്ട്. തീര്‍ച്ചയായും അല്ല.  എന്നാല്‍, സ്റ്റാര്‍ ഹോട്ടലുകളില്‍ പോലും മദ്യം കിട്ടാത്ത സാഹചര്യം വന്നപ്പോള്‍ സഞ്ചാരികളുടെ വരവ് കാര്യമായി കുറഞ്ഞു എന്ന വസ്തുത കാണേണ്ടതുണ്ട്. 

 കേരളത്തില്‍ നിന്ന് ദേശീയ, അന്തര്‍ദേശീയ സമ്മേളനങ്ങള്‍ മാറിപ്പോയത് ഇവിടുത്തെ വന്‍കിട ഹോട്ടലുകളെയും കണ്‍വന്‍ഷന്‍ സെന്ററുകളെയും ബാധിച്ചു.  ഈ രംഗം കടുത്ത തളര്‍ച്ചയിലായി.  ടൂറിസം മേഖലയില്‍ തൊഴിലവസരങ്ങള്‍ കുറഞ്ഞു.  കേരളത്തിന്റെ സാമ്പത്തിക വളര്‍ച്ചയെ ഇത് ബാധിക്കുമെന്ന് പറയേണ്ടതില്ല.  ഇതെല്ലാം കണക്കിലെടുത്താണ് യുഡിഎഫിന്റെ മദ്യനയം തിരുത്താന്‍ പിണറായി വിജയന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.  പുതിയ മദ്യനയം പൊതുവെ സ്വാഗതം ചെയ്യപ്പെട്ടു. മാധ്യമങ്ങളും ബിസിനസ് ലോകവും തൊഴില്‍ മേഖലയുമെല്ലാം പുതിയ നയത്തെ പിന്തുണയ്ക്കുകയാണ് ചെയ്തത്.  വ്യാജമദ്യത്തിന്റെയും മയക്കുമരുന്നിന്റെയും പിടിയിലേക്ക് കേരളം പോകരുതെന്ന് ആഗ്രഹിക്കുന്ന എല്ലാവരും പുതിയ മദ്യനയത്തെ സ്വാഗതം ചെയ്യും. 

 മദ്യനിരോധനത്തെ എല്‍ഡിഎഫ് അനുകൂലിക്കുന്നില്ലെന്ന് നേരത്തെ വ്യക്തമാക്കിയതാണ്.  ലോകത്തെവിടെയും മദ്യനിരോധനം വിജയിച്ചിട്ടില്ല.  ഇന്ത്യയില്‍ മദ്യനിരോധനം നടപ്പാക്കിയ സംസ്ഥാനങ്ങളിലെ സ്ഥിതി നമുക്കറിയാം.  നിരോധനമുള്ള സംസ്ഥാനങ്ങളില്‍ വ്യാജമദ്യം ഒഴുകുന്നു, വ്യാജ മദ്യലോബി തഴച്ചുവളരുന്നു.  കേരളത്തില്‍ മദ്യലഭ്യതയില്‍ കുറവുണ്ടായപ്പോള്‍ ഈ ആപത്ത് നാം കണ്ടതാണ്.  വ്യാജമദ്യത്തിലേക്കും മയക്കുമരുന്നിലേക്കും ആളുകള്‍ പോകാന്‍ തുടങ്ങി.  വ്യാജമദ്യ കേസുകളും മയക്കുമരുന്ന് കേസുകളും ക്രമാതീതമായി വര്‍ധിച്ചു.  ഈ സാഹചര്യം ഒഴിവാക്കാനാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. 
വ്യാജ മദ്യത്തിനും മയക്കുമരുന്നിനുമെതിരെ പൊലീസുമായി ചേര്‍ന്ന് എക്‌സൈസ് വകുപ്പ് കര്‍ശന നടപടികള്‍ സ്വീകരിച്ചുവരികയാണ്.  അതോടൊപ്പം മദ്യത്തിനും മയക്കുമരുന്നിനും എതിരായ ബോധവല്‍ക്കരണ പ്രവര്‍ത്തനവും സര്‍ക്കാര്‍ ശക്തിയായി നടത്തുന്നുണ്ട്.  വരുംവര്‍ഷങ്ങളില്‍  ഇതിന്റെ നല്ല ഫലങ്ങള്‍ സംസ്ഥാനത്ത് അനുഭവപ്പെടും എന്ന ഉറച്ച വിശ്വാസമുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com