ഹാദിയ കേസ്: എന്‍ഐഎ അന്വേഷിക്കേണ്ട കുറ്റങ്ങളില്ലെന്ന് കേരളത്തിന്റെ സത്യവാങ്മൂലം

സുപ്രിം കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ് സംസ്ഥാനം നിലപാട് അറിയിച്ചിരിക്കുന്നത്
ഹാദിയ കേസ്: എന്‍ഐഎ അന്വേഷിക്കേണ്ട കുറ്റങ്ങളില്ലെന്ന് കേരളത്തിന്റെ സത്യവാങ്മൂലം

ന്യൂഡല്‍ഹി: വൈക്കം സ്വദേശി അഖില, ഹാദിയ എന്ന പേരില്‍ മതം മാറി വിവാഹം ചെയ്ത കേസില്‍ ദേശീയ അന്വേഷണ ഏജന്‍സി അന്വേഷിക്കേണ്ട സാഹചര്യമില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍. സുപ്രിം കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ് സംസ്ഥാനം നിലപാട് അറിയിച്ചിരിക്കുന്നത്.

ഹാദിയ കേസ് അന്വേഷണത്തിന്റെ ഒരു ഘട്ടത്തിലും എന്‍ഐഎ അന്വേഷിക്കേണ്ട കുറ്റങ്ങള്‍ സംസ്ഥാന ക്രൈംബ്രാഞ്ച് കണ്ടെത്തിയിട്ടില്ലെന്ന് സത്യവാങ്മൂലം ചൂണ്ടിക്കാട്ടുന്നു. ഇത്തരത്തില്‍ ഒരു സാഹചര്യം ഉണ്ടായിരുന്നെങ്കില്‍ സംസ്ഥാനം നേരത്തെ തന്നെ കേന്ദ്ര സര്‍ക്കാരിനെ അറിയിക്കുമായിരുന്നുവെന്നും സത്യവാങമൂലത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. തിങ്കളാഴ്ച കേസ് സുപ്രിം കോടതി പരിഗണിക്കാനിരിക്കെയാണ് സര്‍ക്കാരിന്റെ സത്യവാങ്മൂലം.

കേസില്‍ എന്‍ഐഎ അന്വേഷണത്തിന്റെ ആവശ്യമുണ്ടോയെന്ന കാര്യം പരിശോധിക്കുമെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കിയിരുന്നു. രണ്ടു കാര്യങ്ങളാണ് ഇക്കാര്യത്തില്‍ സുപ്രിം കോടതിയുടെ പരിഗണനയിലുള്ളത്. പ്രായപൂര്‍ത്തി വിവാഹം റദ്ദാക്കാന്‍ ഹൈക്കോടതിക്ക് അധികാരമുണ്ടോയെന്നതാണ് ഒന്ന്. ഇത്തരമൊരു കേസില്‍ എന്‍ഐഎ അന്വേഷണം വേണ്ടതുണ്ടോയെന്നും കോടതി പരിശോധിക്കുമെന്ന് ജസ്റ്റിസ് മിശ്ര പറഞ്ഞു.

എന്‍ഐഎ അന്വേഷണത്തെ സാധൂകരിക്കുന്ന വിവരങ്ങള്‍ കണ്ടെത്തിയിട്ടുണ്ടെന്ന് ഏജന്‍സിയുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചുണ്ട്. ഇക്കാര്യത്തില്‍ തിങ്കളാഴ്ച കോടതി വിശദാംശങ്ങള്‍ തേടുമെന്നാണ് കരുതുന്നത്. കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടത് അനുസരിച്ചാണ് കേസ് സുപ്രിം കോടതി ദേശീയ അന്വേഷണ ഏജന്‍സിക്കു വിട്ടത്. ആ ഘട്ടത്തില്‍ സംസ്ഥാനം ഇതിനെ എതിര്‍ത്തിരുന്നില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com