ആയോധനാഭ്യാസം നേടിയ ചുവപ്പുസേനയുമായി സിപിഐ

നിര്‍ജീവമായി കിടക്കുന്ന ജനസേവാദള്‍(പീപ്പിള്‍സ് സര്‍വീസ് കോള്‍) പുനരുജ്ജീവിപ്പിക്കുകയാണ് പാര്‍ട്ടി
ആയോധനാഭ്യാസം നേടിയ ചുവപ്പുസേനയുമായി സിപിഐ

തിരുവനന്തപുരം: സ്വയം പ്രതിരോധത്തിന് ആയോധനാഭ്യാസം നേടിയ അരലക്ഷം പേരുടെ സേനയുമായി സിപിഐ. സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി നിര്‍ജീവമായി കിടക്കുന്ന ജനസേവാദള്‍(പീപ്പിള്‍സ് സര്‍വീസ് കോള്‍) പുനരുജ്ജീവിപ്പിക്കുകയാണ് പാര്‍ട്ടി. ഇതിന്റെ ഭാഗമായി തെരഞ്ഞെടിത്ത അണികള്‍ക്ക് കുറവിലങ്ങാട്ട് പരിശീലനം നല്‍കി വരികയാണ്. 

കരാട്ടെ, കുംഫു, ജൂഡൊ, കളരിപ്പയറ്റ് എന്നിവയിലാണ് പരിശീലനം. ചുവപ്പുസേനാ രൂപവത്കരണത്തിന്റെ മേല്‍നോട്ടം പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ നേരിട്ടാണ് വഹിക്കുന്നത്. 

വര്‍ഗീയതയ്ക്കും ഫാസിസത്തിനുമെതിരേ ആശയതലത്തിലാണ് പ്രചാരണം നടക്കേണ്ടതെങ്കിലും ആക്രമണങ്ങളിലേക്ക് അന്തരീക്ഷം മാറാനുള്ള സാഹചര്യം കൂടുതലാണ്. ഇതു മുന്നില്‍ക്കണ്ടാണ് ചുവപ്പുസേനയ്ക്ക് ആയോധനാഭ്യാസം നല്‍കാന്‍ പാര്‍ട്ടി തീരുമാനിച്ചത്.

സംഘടനാ വര്‍ഷം എന്ന നിലയില്‍ കഴിഞ്ഞ ഓഗസ്റ്റ് മുതല്‍ ഒരു വര്‍ഷമായി പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ വിവിധതലത്തില്‍ ചര്‍ച്ചകളും പരിശീലനവും നടന്നുവരികയാണ്. 

പാര്‍ട്ടി സമ്മേളനദിവസങ്ങളില്‍ ചുവപ്പ് ഷര്‍ട്ടും കാക്കി പാന്റ്‌സുമിട്ട് വരുന്ന വൊളന്റിയര്‍മാര്‍ക്ക് പകരം പരിശീലനം സിദ്ധിച്ചവര്‍ വേണമെന്നാണ് തീരുമാനം.

സംഘടനാ പ്രവര്‍ത്തനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി പ്രധാനപ്പെട്ട മുഴുവന്‍സമയ ഭാരവാഹികള്‍ക്ക് സിപിഐ സാമ്പത്തികസഹായം നല്‍കിത്തുടങ്ങി. ലോക്കല്‍ സെക്രട്ടറിമാര്‍ക്ക് മണ്ഡലം കമ്മിറ്റിയും മണ്ഡലം സെക്രട്ടറിമാര്‍ക്ക് ജില്ലാ കമ്മിറ്റിയുമാണ് സഹായം നല്‍കേണ്ടത്. കുറഞ്ഞത് 5000 രൂപയെങ്കിലും നല്‍കാനാണ് നിര്‍ദേശം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com