മകളെ മനുഷ്യ ബോംബായി കാണാന്‍ ആഗ്രഹമില്ല; ഹാദിയയുടെ അച്ഛന്‍ പറയുന്നു

ഒരു മതത്തിനും, മത പരിവര്‍ത്തനത്തിനും ഞാന്‍ എതിരല്ല, എന്നാല്‍ നിഷ്‌കളങ്കരായ പെണ്‍കുട്ടികളെ ഗൂഢലക്ഷ്യത്തോടെ മതം മാറ്റുന്നതിനെ അംഗീകരിക്കാന്‍ സാധിക്കില്ല
മകളെ മനുഷ്യ ബോംബായി കാണാന്‍ ആഗ്രഹമില്ല; ഹാദിയയുടെ അച്ഛന്‍ പറയുന്നു

മകളെ മനുഷ്യ ബോംബായി കാണാന്‍ ആഗ്രഹമില്ലെന്ന് ഹാദിയയുടെ പിതാവ് അശോകന്‍. കേസില്‍ തിങ്കളാഴ്ച സുപ്രീംകോടതിയില്‍ വാദം തുടരാനിരിക്കെയാണ് ഹാദിയയുടെ അച്ഛന്റെ പ്രതികരണം. 

ഒരു മനുഷ്യ ബോംബായി തന്റെ മകള്‍ അവസാനിക്കുന്നത് കാണാന്‍ കഴിയില്ലെന്നും, നീതിന്യായ വ്യവസ്ഥയില്‍ പൂര്‍ണ വിശ്വാസമുണ്ടെന്നും അശോകന്‍ ഹിന്ദുസ്ഥാന്‍ ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. 

എന്റെ കുടുംബത്തിനെതിരെ ക്യാംപെയിനുകള്‍ സംഘടിപ്പിക്കുകയാണ് ചില മനുഷ്യാവകാശ പ്രവര്‍ത്തകരും സംഘടനകളും. എന്നാല്‍ ഞങ്ങളനുഭവിക്കുന്ന വേദന മനസിലാക്കാന്‍ ആരും തയ്യാറാകുന്നില്ല. ഒരു മതത്തിനും, മത പരിവര്‍ത്തനത്തിനും ഞാന്‍ എതിരല്ല, എന്നാല്‍ നിഷ്‌കളങ്കരായ പെണ്‍കുട്ടികളെ ഗൂഢലക്ഷ്യത്തോടെ മതം മാറ്റുന്നതിനെ അംഗീകരിക്കാന്‍ സാധിക്കില്ലെന്നും അശോകന്‍ വ്യക്തമാക്കുന്നു. 

ഒരു മകള്‍ മാത്രമാണ് തനിക്കുള്ളത്. മനുഷ്യ ബോംബായി അവള്‍ അവസാനിക്കുന്നത് കാണാന്‍ ആഗ്രഹമില്ല. മനുഷ്യാവകാശ പ്രവര്‍ത്തകരെ ബോധിപ്പിക്കുകയല്ല എന്റെ ലക്ഷ്യം. മകളെ രക്ഷിക്കുന്നതിന് മാത്രമാണ് താന്‍ ശ്രമിക്കുന്നതെന്നും അശോകന്‍ പറയുന്നു. 

താന്‍ കോടതിയെ സമീപിച്ചില്ലായിരുന്നു എങ്കില്‍ മകളിപ്പോള്‍ തീവ്രവാദ സാന്നിധ്യമുള്ള വിദേശരാജ്യങ്ങളില്‍ എത്തുമായിരുന്നു. സംഘര്‍ഷം നിലനില്‍ക്കുന്ന അഫ്ഗാനിസ്ഥാന്‍, സിറിയ എന്നിവിടങ്ങളിലേക്ക് മകളെ അയയ്ക്കാന്‍ ഒരു പിതാവും ആഗ്രഹിക്കില്ല. സിറിയയിലെ ജീവിതത്തെ കുറിച്ച് മകള്‍ സംസാരിച്ചു തുടങ്ങിയപ്പോഴാണ് താന്‍ കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഫയല്‍ ചെയ്തതെന്നും അശോകന്‍ പറയുന്നു. 

കേരളത്തില്‍ നിന്നും തീവ്രവാദ ക്യാമ്പുകളില്‍ എത്തപ്പെട്ടതായി കരുതപ്പെടുന്ന 21 പേരുടെ മാതാപിതാക്കളുടെ അവസ്ഥയിലേക്ക് ഞങ്ങളും വീഴണമായിരുന്നു എന്നാണോ നിങ്ങള്‍ പറയുന്നതെന്നും അശോകന്‍ ചോദിക്കുന്നു. 21 പേരെ കാണാതായതുമായി ഹാദിയ കേസിന് സാമ്യങ്ങളുണ്ടെന്നും അശോകന്‍ പറയുന്നു. 

21 പേരുടെ കേസില്‍ ഉള്‍പ്പെട്ട അതേ വ്യക്തികളും, സ്ഥാപനങ്ങളുമാണ് ഹാദിയയുടെ വിഷയത്തിലുമുള്ളതെന്ന് അശോകന്‍ ചൂണ്ടിക്കാട്ടുന്നു. ഒരു മതത്തിനും എതിരെയല്ല എന്റെ പോരാട്ടം. മറിച്ച് യുവാക്കളെ സംഘര്‍ഷമേഖലകളിലേക്ക് കയറ്റി അയക്കാന്‍ വേണ്ടി ശക്തമായി വളരുന്ന റാക്കറ്റിനെതിരെയാണ് താന്‍ പോരാടുന്നത്. 

ഈ കാരണങ്ങളുടെയൊക്കെ പേരില്‍ ഭീഷണികളുടെ കീഴിലാണ് കഴിഞ്ഞ നാല് മാസമായി ഞങ്ങളുടെ ജീവിതം. മകള്‍ വീട്ടു തടങ്കലിലാണെന്ന ആരോപണങ്ങളേയും അശോകന്‍ നിഷേധിക്കുന്നു. അച്ഛന്‍ എന്ന നിലയില്‍ മകള്‍ക്ക് നല്ലത് വരണം എന്ന് മാത്രമെ ഞാന്‍ അഗ്രഹിക്കുന്നുള്ളുവെന്നും ഹാദിയയായി മാറിയ അഖിലയുടെ അച്ഛന്‍ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com