ആദ്യം മുഖ്യശത്രു ആരാണെന്നു പറയൂ, ഒന്നിച്ചുള്ള സമരം അതു കഴിഞ്ഞ്: ചെന്നിത്തല

സംസ്ഥാനത്ത് ഇതര സംസ്ഥാന തൊഴിലാളികള്‍ക്കെതിരായ വിദ്വേഷപ്രചാരണം അവസാനിപ്പിക്കാന്‍ മുഖ്യമന്ത്രി ഇടപെടണമെന്ന് പ്രതിപക്ഷ നേതാവ്
ആദ്യം മുഖ്യശത്രു ആരാണെന്നു പറയൂ, ഒന്നിച്ചുള്ള സമരം അതു കഴിഞ്ഞ്: ചെന്നിത്തല

തിരുവനന്തപുരം:  കേന്ദ്ര സര്‍ക്കാരിനെതിരെ ഒറ്റയ്ക്കു സമരം ചെയ്യാന്‍ യുഡിഎഫിനു കഴിവുണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഒന്നിച്ചുള്ള സമരത്തെക്കുറിച്ച് ആലോചിക്കുംമുമ്പ് മുഖ്യശത്രു ആരാണെന്നു സിപിഎം വ്യക്തമാക്കണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു. 

കേന്ദ്ര സര്‍ക്കാരിനെതിരായ പ്രതിഷേധത്തില്‍ യുഡിഎഫിനൊപ്പം ചേരാന്‍ തയ്യാറാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞതിനു പ്രതികരണമായാണ് ചെന്നിത്തല നിലപാടു വ്യക്തമാക്കിയത്. മോദി സര്‍ക്കാരിനെതിരെ യോജിച്ച് പ്രക്ഷോഭം സംഘടിപ്പിക്കുന്നതിനായി ചെന്നിത്തലയ്ക്ക് കാര്യങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി സംസാരിക്കാമെന്നാണ് രണ്ടു ദിവസം മുമ്പ് കോടിയേരി പറഞ്ഞത്. 

പൊതുധാരണയുടെ അടിസ്ഥാനത്തിലായിരിക്കണം യോജിച്ചുള്ള പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കേണ്ടത്. നോട്ട് അസാധുവാക്കല്‍ പ്രഖ്യാപിച്ചതിന് ശേഷം കേന്ദ്രത്തിനെതിരെ യോജിച്ച സമരത്തിന് സിപിഎം തയ്യാറായിരുന്നു. എന്നാല്‍ യുഡിഎഫ് ഏകപക്ഷീയമായി ഇതില്‍ നിന്നും പിന്മാറുകയായിരുന്നുവെന്നും കോടിയേരി ചൂണ്ടിക്കാട്ടിയിരുന്നു. 

കേന്ദ്ര സര്‍ക്കാരിനെതിരായ സമരത്തിന് യുഡിഎഫിന് ആരുടെയും സഹായം വേണ്ടെന്ന് ചെന്നിത്തല വ്യക്തമാക്കി. സിപിഎം ആദ്യം മുഖ്യശസ്ത്രു ആരാണെന്നു വ്യക്തമാക്കട്ടെ. സമരത്തെക്കുറിച്ച് അതുകഴിഞ്ഞ് ആലോചിക്കാമെന്ന് ചെന്നിത്തല പറഞ്ഞു.

സംസ്ഥാനത്ത് ഇതര സംസ്ഥാന തൊഴിലാളികള്‍ക്കെതിരായ വിദ്വേഷപ്രചാരണം അവസാനിപ്പിക്കാന്‍ മുഖ്യമന്ത്രി ഇടപെടണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. കേരളത്തിലെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമമാണ് നടക്കുന്നതെന്ന് ചെന്നിത്തല പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com