പിണറായിയുടെ 'സര്‍ജിക്കല്‍ സ്‌ട്രൈക്ക്'; ആടിയുലഞ്ഞ് യുഡിഎഫ്

കോണ്‍ഗ്രസിലെ ഒരു ഡസനോളം പ്രമുഖ നേതാക്കള്‍ക്കെതിരെയാണ് ഒറ്റയടിക്ക് കേസ് രജിസ്റ്റര്‍ ചെയ്യപ്പെടുന്നത്
പിണറായിയുടെ 'സര്‍ജിക്കല്‍ സ്‌ട്രൈക്ക്'; ആടിയുലഞ്ഞ് യുഡിഎഫ്


തിരുവനന്തപുരം: സോളാര്‍ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ 'സര്‍ജിക്കല്‍ സ്‌ട്രൈക്കില്‍' അക്ഷരാര്‍ഥത്തില്‍ ആടിയുലഞ്ഞ അവസ്ഥയിലെത്തിയിരിക്കുകയാണ് യുഡിഎഫ്. ജസ്റ്റിസ് ശിവരാജന്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് പൂര്‍ണമായും അംഗീകരിച്ചുകൊണ്ട് തുടര്‍ നടപടികള്‍ക്കു തുടക്കമിട്ട സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണങ്ങളുടെ ചരിത്രത്തില്‍ പുതിയൊരു അധ്യായത്തിനാണ് തുടക്കമിട്ടിരിക്കുന്നത്.

കേരള രാഷ്ട്രീയത്തില്‍ വന്‍ വിവാദത്തിനു തുടക്കമിട്ടെങ്കിലും ഇതുവരെ ആരോപണങ്ങളായി മാത്രം നിലനിന്നിരുന്ന സോളാര്‍ കേസ് ഒരു ജുഡീഷ്യല്‍ അന്വേഷണ കമ്മിഷന്റെ കണ്ടെത്തലുകളായി രേഖകളില്‍ ഇടം പിടിച്ചു എന്നത് യുഡിഎഫിനെ സംബന്ധിച്ച് പരിഹരിക്കാനാവാത്ത തിരിച്ചടിയാണ്. സോളാര്‍ വിവാദകാലത്ത് അനുദിനമെന്നോണം വാര്‍ത്തകളിലൂടെ പുറത്തുവന്ന ഒട്ടുമിക്ക ആക്ഷേപങ്ങളും കമ്മിഷന്‍ അന്വേഷണത്തില്‍ ശരിയെന്നു കണ്ടെത്തിയിരിക്കുകയാണ്. അതിലുപരി ഇവയെല്ലാം തേച്ചുമായ്ച്ചു കളയാന്‍ ഭരണതലത്തില്‍ തന്നെ നീക്കം നടന്നതായും കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്.

ആരോപണങ്ങള്‍ ഉയര്‍ന്നുവന്ന കാലത്ത് ഉമ്മന്‍ ചാണ്ടിയിലെ ഓഫിസിലെ ചിലര്‍ച്ചു വീഴ്ച പറ്റി എന്ന നിലയിലായിരുന്നു കോണ്‍ഗ്രസില്‍നിന്നും യുഡിഎഫില്‍നിന്നും ഉയര്‍ന്ന പ്രതികരണങ്ങള്‍. ഉമ്മന്‍ ചാണ്ടി ഉള്‍പ്പെടെ ആരോപണ വിധേയരായ നേതാക്കളെ പൂര്‍ണമായും പ്രതിരോധിച്ചുകൊണ്ടാണ് കോണ്‍ഗ്രസും യുഡിഎഫും വിവാദത്തെ നേരിട്ടത്. വീഴ്ചയ്ക്കുള്ള പരിഹാരമെന്ന നിലയില്‍ മുഖ്യമന്ത്രിയുടെ ഓഫിസിലെ ഏതാനും പേരെ നീക്കുകയും ചെയ്തിരുന്നു. എന്നാല്‍ നേതാക്കള്‍ക്കെതിരെ ഉയര്‍ന്ന ആക്ഷേപങ്ങള്‍ എല്ലാം ശരിവച്ചുകൊണ്ടാണ് ജസ്റ്റിസ് ശിവരാജന്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. ഉമ്മന്‍ ചാണ്ടി ഉള്‍പ്പെടെയുള്ളവര്‍ ജനങ്ങളെ കബളിപ്പിക്കുന്നതിന് സരിത എസ് നായരെയും ടീം സോളാറിനെയും സഹായിച്ചു എന്നാണ് കമ്മിഷന്റെ കണ്ടെത്തല്‍. ഈ നടപടിയുടെ ക്രിമിനല്‍ ഉത്തരവാദിത്വത്തില്‍നിന്ന് ഉമ്മന്‍ ചാണ്ടിയെ രക്ഷപ്പെടുത്താന്‍ അന്നത്തെ ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഇടപെടല്‍ നടത്തിയതായും കമ്മിഷന്‍ വ്യക്തമാക്കുന്നു. കേസ് ഒതുക്കാന്‍ തമ്പാനൂര്‍ രവിയും ബെന്നി ബഹനാനും നടത്തിയതായി കമ്മിഷന്‍ ചൂണ്ടിക്കാട്ടുന്ന വസ്തുതകള്‍ കൂടിയാവുന്നതോടെ യുഡിഎഫിനെ പിടിച്ചുനില്‍ക്കാന്‍ കച്ചിത്തുരുമ്പു പോലുമില്ലാത്ത അവസ്ഥയിലേക്ക് എത്തിക്കുകയാണ് സോളാര്‍ റിപ്പോര്‍ട്ട്. 

കമ്മിഷന്‍ നല്‍കിയ ശുപാര്‍ശകളില്‍ അഡ്വക്കറ്റ് ജനറലില്‍നിന്നും ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനില്‍നിന്നും വെവ്വേറെ നിയമോപദേശം തേടുകയാണ് സര്‍ക്കാര്‍ ചെയ്തത്. കമ്മിഷന്റെ കണ്ടെത്തലുകള്‍, അവ ഓരോന്നിനും ലഭിച്ച നിയമോപദേശം, അതില്‍ സര്‍ക്കാര്‍ എടുത്ത തീരുമാനം ഇങ്ങനെ എണ്ണിയെണ്ണിയാണ് വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി കാര്യങ്ങള്‍ വിശദീകരിച്ചത്. ജുഡീഷ്യല്‍ കമ്മിഷന്‍ റിപ്പോര്‍ട്ടുകൊണ്ട് എന്തു ചെയ്യാന്‍ എന്ന പല കോണുകളില്‍നിന്ന് ഉയര്‍ന്ന ചോദ്യത്തെയാണ് വിശദവും പഴുതടച്ചതുമായ നടപടികളിലൂടെ സര്‍ക്കാര്‍ നിശബ്ദമാക്കിയത്. ഇത്തരമൊരു നടപടി യുഡിഎഫിനെ അങ്കലാപ്പിലാക്കുകയും ചെയ്‌തെന്നാണ് ആദ്യ പ്രതികരണങ്ങള്‍ വ്യക്തമാക്കുന്നത്. വേങ്ങര ഉപതെരഞ്ഞെടുപ്പു ദിവസം നടപടികള്‍ പ്രഖ്യാപിച്ചത് രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്ന പ്രതികരണത്തിലാണ് പല നേതാക്കളും മറുപടി ഒതുക്കിയത്. 

കോണ്‍ഗ്രസിലെ ഒരു ഡസനോളം പ്രമുഖ നേതാക്കള്‍ക്കെതിരെയാണ് ഒറ്റയടിക്ക് കേസ് രജിസ്റ്റര്‍ ചെയ്യപ്പെടുന്നത്. ഉമ്മന്‍ ചാണ്ടിയും ആര്യാടന്‍ മുഹമ്മദും ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്കെതിരെ വിജിലന്‍സ് കേസെടുക്കുമ്പോള്‍ തിരുവഞ്ചൂരും ബെന്നി ബഹനാനും തമ്പാനൂര്‍ രവിയും ഉള്‍പ്പെടെയുള്ളവര്‍ ക്രിമിനല്‍ കേസില്‍ പ്രതികളാവും. ഇതിനൊപ്പം സരിതയുടെ കത്തില്‍ പേരു പരാമര്‍ശിച്ചിട്ടുള്ള ഉമ്മന്‍ ചാണ്ടി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ ബലാത്സംഗ, ലൈംഗിക പീഡന കേസുകള്‍ കൂടി വരുമ്പോള്‍ ജനങ്ങള്‍ക്കു മുന്നില്‍ കാര്യങ്ങള്‍ വിശദീകരിക്കാന്‍ കോണ്‍ഗ്രസും യുഡിഎഫും പ്രയാസപ്പെടും. ഏതു വിധത്തിലും പ്രതിഛായ തിരിച്ചുപിടിക്കാന്‍ ശ്രമിക്കുന്ന പാര്‍ട്ടി ഹൈക്കമാന്‍ഡില്‍നിന്നുള്ള ശക്തമായ നടപടികള്‍ക്കും അതു വഴി വച്ചേക്കും.

കൊട്ടിഘോഷിച്ചു പ്രക്ഷോഭം നടത്തിയ സോളാര്‍ കേസിനെ പാതിവഴിയില്‍ ഉപേക്ഷിച്ചു എന്ന ആക്ഷേപത്തിനു കൂടിയാണ് ഈ സര്‍ജിക്കല്‍ സ്‌ട്രൈക്കിലൂടെ പിണറായി വിജയന്‍ മറുപടി പറയുന്നത്. സമീപകാലത്ത് എല്‍ഡിഎഫ് നടത്തിയ വന്‍ ജനകീയ പങ്കാളിത്തമുള്ള സമരങ്ങളില്‍ ഒന്നായിരുന്നു സോളാര്‍ സെക്രട്ടേറിയറ്റ് ഉപരോധം. അതിന്റെ അടിസ്ഥാനത്തിലാണ് യുഡിഎഫ് സര്‍ക്കാര്‍ ജുഡീഷ്യല്‍ കമ്മിഷനെ നിയമിച്ചത്. സോളാര്‍ ഉള്‍പ്പെടെയുള്ള അഴിമതികള്‍ ചൂണ്ടിക്കാട്ടി അധികാരത്തില്‍ എത്തിയ എല്‍ഡിഎഫ് പിന്നീട് ഇക്കാര്യത്തില്‍ നടപടി സ്വീകരിച്ചില്ലെന്ന ആക്ഷേപങ്ങള്‍ ഉയര്‍ന്നിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com