ക്യാംപസുകള്‍ പൊതുസമൂഹത്തിന്റെ പരിച്ഛേദം; വിദ്യാര്‍ത്ഥി രാഷ്ട്രീയത്തെ പിന്തുണച്ച് ദീപാ നിശാന്ത്

വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിന്റെ കുറവുകളും നിഷേധാത്മകവശങ്ങളും പര്‍വ്വതീകരിച്ച് കാട്ടുന്ന മാനേജ്‌മെന്റുകള്‍ക്ക് ഒത്താശ പാടുന്ന തരത്തില്‍ കോടതി ഇത്തരം വിധികള്‍ പുറപ്പെടുവിക്കുന്നത് തീര്‍ത്തും പരിഹാസ്യം
ക്യാംപസുകള്‍ പൊതുസമൂഹത്തിന്റെ പരിച്ഛേദം; വിദ്യാര്‍ത്ഥി രാഷ്ട്രീയത്തെ പിന്തുണച്ച് ദീപാ നിശാന്ത്

തൃശൂര്‍: വിദ്യാര്‍ത്ഥിരാഷ്ട്രീയത്തിനെതിരായ ഹൈക്കോടതി ഉത്തരവിനെതിരെ അധ്യാപികയും എഴുത്തുകാരിയുമായ ദീപാ നിശാന്ത്. ക്യാംപസ് എന്നത് പൊതുസമൂഹത്തില്‍ നിന്നും വേറിട്ടു നില്‍ക്കുന്ന ഒന്നല്ല.. പൊതുസമൂഹത്തിന്റെ പരിച്ഛേദമായ ക്യാംപസുകളില്‍ നിന്നു തന്നെയാണ് ജനാധിപത്യപ്രക്രിയയില്‍ വിദ്യാര്‍ത്ഥികള്‍ പരിശീലനം നേടേണ്ടതെന്നും ദീപ പറയുന്നു.

വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിന് ഒരു പാട് പോരായ്മകളുണ്ടാകാം.. അതിന്റെ കുറവുകളും നിഷേധാത്മകവശങ്ങളും പര്‍വ്വതീകരിച്ച് കാട്ടുന്ന മാനേജ്‌മെന്റുകള്‍ക്ക് ഒത്താശ പാടുന്ന തരത്തില്‍ കോടതി ഇത്തരം വിധികള്‍ പുറപ്പെടുവിക്കുന്നത് തീര്‍ത്തും പരിഹാസ്യമാണെന്നും ദീപാ നിശാന്ത്് പറയുന്നു. കലാലയങ്ങള്‍ സമരത്തിനുള്ള വേദികളല്ല. പഠിക്കാനുള്ളവയാണ്. പഠിക്കാനായി മാത്രമാണ് വിദ്യാര്‍ത്ഥികള്‍ അവിടെക്കു പോകുന്നത്. അതല്ല സമരങ്ങളും സത്യാഗ്രഹങ്ങളും വഴി രാഷ്ട്രീയ ഭാവി നേടിയെടുക്കാനുള്ള ശ്രമമാണെങ്കില്‍ അതിന് പഠനം ഉപേക്ഷിക്കണം. കോളേജുകളിലെ വിദ്യാഭ്യാസ അന്തരീക്ഷത്തെ തകര്‍ക്കുന്ന തരത്തിലുള്ള ഇത്രം സമരങ്ങളില്‍ വിദ്യാര്‍ത്ഥികളെ പുറത്താക്കാന്‍ അധികൃതര്‍ക്ക് അധികാരമുണ്ടെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് ഉത്തരവ് ഇറക്കിയിരുന്നു.

ദീപാ നിശാന്തിന്റെ പോസ്റ്റിന്റെ പൂര്‍ണരൂപം
ക്യാംപസ് എന്നത് പൊതുസമൂഹത്തില്‍ നിന്നും വേറിട്ടു നില്‍ക്കുന്ന ഒന്നല്ല.. പൊതുസമൂഹത്തിന്റെ പരിച്ഛേദമായ ക്യാംപസുകളില്‍ നിന്നു തന്നെയാണ് ജനാധിപത്യപ്രക്രിയയില്‍ വിദ്യാര്‍ത്ഥികള്‍ പരിശീലനം നേടേണ്ടത്. വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിന് ഒരു പാട് പോരായ്മകളുണ്ടാകാം.. അതിന്റെ കുറവുകളും നിഷേധാത്മകവശങ്ങളും പര്‍വ്വതീകരിച്ച് കാട്ടുന്ന മാനേജ്‌മെന്റുകള്‍ക്ക് ഒത്താശ പാടുന്ന തരത്തില്‍ കോടതി ഇത്തരം വിധികള്‍ പുറപ്പെടുവിക്കുന്നത് തീര്‍ത്തും പരിഹാസ്യമാണ്..
അടുത്തിടെ തൃശ്ശൂര്‍ജില്ലയിലെ പ്രശസ്തമായ ഒരു വനിതാകോളേജില്‍ എം.എ. കുട്ടികളുടെ ഡെസര്‍ട്ടേഷന്‍ വൈവ നടത്താന്‍ പോയി.. ഉയര്‍ന്ന മാര്‍ക്കോടെ ഡിഗ്രി പാസായ ഒരു കുട്ടിയുടെ ഡെസര്‍ട്ടേഷന്‍ മോശമായതിന്റെ കാരണമന്വേഷിച്ചപ്പോള്‍ കുട്ടി പറഞ്ഞ മറുപടി 'പഠിക്കാനോ എഴുതാനോ നേരം കിട്ടുന്നില്ല' എന്നാണ്.ദിവസവും ഒന്നര മണിക്കൂര്‍ യാത്ര ചെയ്ത് വേണം വീട്ടിലെത്താന്‍. ഗര്‍ഭിണിയുമാണ്.വീട്ടിലെത്തുമ്പോഴേക്കും തളരും.. ' ഹോസ്റ്റലില്‍ നില്‍ക്കായിരുന്നില്ലേ?' എന്ന ചോദ്യത്തിന് ദയനീയമായ ഒരു ചിരിയായിരുന്നു മറുപടി.. പിന്നീടാണ് അറിഞ്ഞത് വിവാഹിതരെ കോളേജ്‌ഹോസ്റ്റലില്‍ തുടരാന്‍ അനുവദിക്കില്ലത്രേ.. അധ്യാപകര്‍ക്കും നിയമം ബാധകമാണ്. വിവാഹം ,ഗര്‍ഭധാരണം എന്നീ കുറ്റകരമായ പ്രവണതകളില്‍ നിന്നും മറ്റു കുട്ടികളെ മാറ്റിനിര്‍ത്തി ഒരു 'സദാചാരസുന്ദര ഹോസ്റ്റല്‍' വാര്‍ത്തെടുക്കുകയാണ് ഉദ്ദേശം..
ചുറ്റുപാടുമുള്ള പല കോളേജുകളിലും ഇത്തരം വിചിത്ര നിയമങ്ങള്‍ നിലവിലുണ്ട്. രണ്ടു തരം ഭക്ഷണം വിളമ്പുന്ന ഹോസ്റ്റലുകളുണ്ട്. വെജിറ്റേറിയന്‍ / നോണ്‍ വെജിറ്റേറിയന്‍ തരം തിരിവുകളല്ല. സര്‍ക്കാരില്‍ നിന്നും ഫീസാനുകൂല്യങ്ങള്‍ കൈപ്പറ്റുന്നവര്‍ക്ക് ഒരു ഭക്ഷണം.. 'പൈസ കൊടുത്ത് 'പഠിക്കുന്ന പൊന്നോമനമക്കള്‍ക്ക് കുറേക്കൂടി മുന്തിയ ഭക്ഷണം!
മേല്‍പ്പറഞ്ഞ നിയമങ്ങള്‍ നിലവിലുളള കോളേജുകളിലൊന്നും രാഷ്ട്രീയമില്ല!വിദ്യാര്‍ത്ഥി സംഘട്ടനമോ സമരമോ ഇല്ല! ആര്‍ക്കും ഒരു പരാതിയുമില്ല!
'വര്‍ത്തമാനം വിളിച്ചു കൂവും
ചെക്കന്റേ നാവരിഞ്ഞൂ...
ചുമരിലെല്ലാം കരിവരയ്ക്കും
കരുമാടീ നാവരിഞ്ഞു!
.......................................
.......................................
കാവില്‍ നിന്നു കുളിരു കൊ്ണ്ടൂ
വായില്ലാക്കുന്നിലപ്പന്‍!''
നാവടക്കൂ.. പഠിക്കൂ..

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com