ടി.പി കേസ് ഒത്തു തീര്‍പ്പാക്കിയതിന് തെളിവുണ്ടെങ്കില്‍ ബല്‍റാം കോടതിയില്‍ വെളിപ്പെടുത്തണം: തിരുവഞ്ചൂര്‍

യുഡിഎഫ് സര്‍ക്കാര്‍ ടി.പി കേസ് ഒത്തുതീര്‍പ്പാക്കിയെന്ന വി.ടി ബല്‍റാം എംഎല്‍എയുടെ വിമര്‍ശനത്തിനെതിരെ അന്നത്തെ ആഭ്യന്തര മന്ത്രിയായിരുന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍
ടി.പി കേസ് ഒത്തു തീര്‍പ്പാക്കിയതിന് തെളിവുണ്ടെങ്കില്‍ ബല്‍റാം കോടതിയില്‍ വെളിപ്പെടുത്തണം: തിരുവഞ്ചൂര്‍

കൊച്ചി: യുഡിഎഫ് സര്‍ക്കാര്‍ ടി.പി കേസ് ഒത്തുതീര്‍പ്പാക്കിയെന്ന വി.ടി ബല്‍റാം എംഎല്‍എയുടെ വിമര്‍ശനത്തിനെതിരെ അന്നത്തെ ആഭ്യന്തര മന്ത്രിയായിരുന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. ഒരു ഒത്തുതീര്‍പ്പിനും നിന്നിട്ടില്ലെന്നും കേസ് നന്നായി അന്വേഷിച്ചതുകൊണ്ട് ആഭ്യന്തര മന്ത്രിസ്ഥാനം പോയ ആളാണ് താന്‍ എന്നും തിരുവഞ്ചൂര്‍ ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. 

ഒത്തുതീര്‍പ്പ് സംബന്ധിച്ച് തെളിവുകള്‍ ഉണ്ടെങ്കില്‍ ബല്‍റാം കോടതിയില്‍ വെളിപ്പെടുത്തണം. തനിക്ക് പിന്നാലെ ആഭ്യന്തര മന്ത്രിയായ രമേശ് ചെന്നിത്തല കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചതായി തനിക്ക് തോന്നിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. 

അതേസമയം,ടിപി  കേസ് അന്വേഷണം ഫലപ്രദമായിരുന്നുവെന്നും ബല്‍റാമിന്റെ ആരോപണത്തെ കുറിച്ച് ബല്‍റാമിനോട് തന്നെ ചോദിക്കണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. 

സോളാര്‍ അന്വേഷണ റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പുറത്തുവിട്ട് മുഖ്യമന്ത്രി നടത്തിയ പത്രസമ്മേളനത്തിന് പിന്നാലെയാണ് കോണ്‍ഗ്രസ് നേതാക്കള്‍ അഡ്ജസ്റ്റ്‌മെന്റ് രാഷ്ട്രീയം അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ട് വി.ടി ബല്‍റാം രംഗത്ത് വന്നത്. 

ടിപി ചന്ദ്രശേഖരന്‍ കൊലപാതകത്തിന് പിന്നിലെ ഗൂഢാലോചനക്കേസ് നേരാവണ്ണം അന്വേഷിച്ച് മുന്നോട്ട് കൊണ്ടു പോവാതെ ഇടയ്ക്ക് വച്ച് ഒത്തുതീര്‍പ്പാക്കിയതിന് കിട്ടിയ പ്രതിഫലമായി കണക്കാക്കിയാല്‍ മതി പുതിയ ആരോപണങ്ങള്‍ എന്നായിരുന്നു വിടി ബല്‍റാം ഫെയ്‌സ്ബുക്കില്‍ കുറിച്ചത്. 

അഡ്ജസ്റ്റ്‌മെന്റ് രാഷ്ട്രീയ അവസാനിപ്പിച്ച് തോമസ് ചാണ്ടിയടക്കമുള്ള ഇപ്പോഴത്തെ കാട്ടുകള്ളന്‍ മന്ത്രിമാര്‍ക്കെതിരെ ശബ്ദമുയര്‍ത്താന്‍ കോണ്‍ഗ്രസ് നേതാക്കള്‍ തയ്യാറാകണമെന്നും വി.ടി ബല്‍റാം പറഞ്ഞിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com