ഹര്‍ത്താല്‍: സുരക്ഷ ഉറപ്പാക്കുമെന്ന് ഡിജിപി

സമാധാനം ഉറപ്പാക്കുന്നതിനും അതിക്രമങ്ങളും പൊതുമുതല്‍ നശിപ്പിക്കുന്നത് തടയുന്നതിനും ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരമുള്ള എല്ലാ മുന്‍കരുതലുകളും കൈക്കൊണ്ടിട്ടുണ്ടെന്നും ഡിജിപി അറിയിച്ചു. 
ഹര്‍ത്താല്‍: സുരക്ഷ ഉറപ്പാക്കുമെന്ന് ഡിജിപി

തിരുവനന്തപുരം: തിങ്കളാഴ്ച യുഡിഎഫ് പ്രഖ്യാപിച്ചിരിക്കുന്ന ഹര്‍ത്താലില്‍ സുരക്ഷ ഉറപ്പാക്കാനുള്ള എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു. സമാധാനം ഉറപ്പാക്കുന്നതിനും അതിക്രമങ്ങളും പൊതുമുതല്‍ നശിപ്പിക്കുന്നത് തടയുന്നതിനും ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരമുള്ള എല്ലാ മുന്‍കരുതലുകളും കൈക്കൊണ്ടിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. 

ഹര്‍ത്താലിന്റെ പേരില്‍ വാഹന ഗതാഗതം തടസപ്പെടുത്തുകയോ, നിര്‍ബന്ധിച്ച് കടകള്‍ അടപ്പിക്കുകയോ, ജോലിക്കെത്തുന്നവരെ ഭീഷണിപ്പെടുത്തുകയോ, തടയുകയോ ചെയ്യുന്നവര്‍ക്കെതിരെ നടപടി ഉണ്ടാവും. അക്രമവും പൊതുമുതല്‍ നശിപ്പിക്കാനുള്ള ശ്രമങ്ങളേയും കര്‍ശനമായി നേരിടണമെന്ന് ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് ഡിജിപി നിര്‍ദ്ദേശം നല്‍കി. കെഎസ്ആര്‍ടിസി ബസുകള്‍ക്കും സ്വകാര്യവാഹനങ്ങള്‍ക്കും ആവശ്യമായ സംരക്ഷണം നല്‍കും. കോടതികള്‍, ഓഫീസുകള്‍, മറ്റ് പൊതുസ്ഥാപനങ്ങള്‍ തുടങ്ങിയവ സുഗമമായി പ്രവര്‍ത്തിപ്പിക്കുന്നതിന് പൊലീസ് സംരക്ഷണം നല്‍കും.

അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കുന്നതിന് ഇന്ന് രാത്രി മുതല്‍ പട്രോളിങ്്, ആവശ്യമായ സ്ഥലങ്ങളില്‍ പിക്കറ്റിങ് എന്നിവ ഏര്‍പ്പെടുത്തും. അക്രമങ്ങള്‍ക്ക് സാദ്ധ്യതയുള്ള സ്ഥലങ്ങളില്‍ ഹര്‍ത്താല്‍ അവസാനിക്കുന്നതുവരെ പൊലീസിന്റെ നിരീക്ഷണമുണ്ടായിരിക്കും. ഹര്‍ത്താലുമായി ബന്ധപ്പെട്ട് ഉച്ചഭാഷിണി ഉപയോഗിക്കാനും അനുവദിക്കില്ല. പൊതുമുതല്‍ നശിപ്പിച്ചാല്‍ സിവില്‍ കേസെടുക്കും. ഇന്റലിജന്‍സ് ഉള്‍പ്പെടെ പൊലീസിന്റെ എല്ലാ വിഭാഗങ്ങളും സുസജ്ജമായി പ്രവര്‍ത്തിക്കാനും ഡിജിപി നിര്‍ദേശിച്ചു. ഹര്‍ത്താലിനോടനുബന്ധിച്ച് സമാധാനം ഉറപ്പാക്കുന്നതിനും അതിക്രമങ്ങള്‍ ഒഴിവാക്കുന്നതിനും എല്ലാവരും സഹകരിക്കണമെന്നും പൊതുജനങ്ങളോട് പൊലീസ് മേധാവി അഭ്യര്‍ത്ഥിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com