ഒടിയനെയും രണ്ടാമൂഴത്തെയും മറികടക്കുമോ മമ്മൂട്ടിയുടെ ഈ ബിഗ് ബജറ്റ് ചിത്രം

വളളുവനാടിന്റെ ചാവേറുകളുടെ ചരിത്രം പറയുന്ന മാമാങ്കം താന്‍ ഇതുവരെ ചെയ്തതില്‍ ഏറ്റവും വലിയ സിനിമയാണെന്നും മമ്മൂട്ടി
ഒടിയനെയും രണ്ടാമൂഴത്തെയും മറികടക്കുമോ മമ്മൂട്ടിയുടെ ഈ ബിഗ് ബജറ്റ് ചിത്രം

കൊച്ചി: ചരിത്രവും ജീവിതവും ഇടകലര്‍ത്തി മമ്മൂട്ടി നായകനായെത്തിയ ചിത്രങ്ങള്‍ ഇരു കയ്യും നീട്ടി പ്രേക്ഷകര്‍ സ്വീകരിച്ചിട്ടുണ്ട്. ചന്തുവും പഴശ്ശിരാജയും ഉദാഹരണങ്ങള്‍ മാത്രം. ചരിത്രപശ്ചാത്തലത്തില്‍ മമ്മൂട്ടിയുടെ പുതിയ ചിത്രമൊരുങ്ങുന്നു. മലപ്പുറം ജില്ലയിലെ തിരുന്നാവായ മണപ്പുറത്ത് വ്യാഴവട്ടത്തിലൊരിക്കല്‍ മാഘമാസത്തിലെ വെളുത്തവാവില്‍ നടന്നിരുന്ന മാമാങ്കം പ്രമേയമാക്കി ഒരുക്കുന്ന ചിത്രമാണ് മമ്മൂട്ടിയുടെ പുതിയ പ്രൊജക്ട്. ചിത്രത്തിന്റെ വിശേഷങ്ങള്‍ മമ്മൂട്ടി തന്നെയാണ് ഫേസ്ബുക്കിലൂടെ പങ്കു വെച്ചത്. 

വളളുവനാടിന്റെ ചാവേറുകളുടെ ചരിത്രം പറയുന്ന മാമാങ്കം താന്‍ ഇതുവരെ ചെയ്തതില്‍ ഏറ്റവും വലിയ സിനിമയാണെന്നും മമ്മൂട്ടി തന്റെ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. നവാഗതനായ സജീവ് പിളള 12 വര്‍ഷത്തെ ഗവേഷണം നടത്തി തയ്യാറാക്കിയ  തിരക്കഥയാണ് ചിത്രത്തിന്റേത്. സജീവ് തന്നെയാണ് ചിത്രം സംവിധാനം ചെയ്യുന്നതും. 17ആം നൂറ്റാണ്ടിന്റെ പശ്ചാത്തലത്തിലാണ് ചിത്രം കഥ പറയുന്നത്.

ചിത്രത്തിന്റെ പേരായി മാമാങ്കം ഉപയോഗിക്കാന്‍ അനുവാദം തന്ന നവോദയയ്ക്ക് മമ്മൂട്ടി നന്ദി പറഞ്ഞു. കാവ്യ ഫിലിംസിന്റെ ബാനറില്‍ വേണു കുന്നമ്പിളളിയാണ് ചിത്രം നിര്‍മ്മിക്കുന്നത്. തന്നോടൊപ്പം വലിയ താരനിരയും ലോകോത്തര സാങ്കേതിക വിദഗ്ദരും ചിത്രത്തിന് വേണ്ടി അണിനിരക്കുമെന്നും മമ്മൂട്ടി ഫേസ്ബുക്കില്‍ കുറിച്ചു. 12വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന മാമാങ്കത്തിന്റെയും ചാവേറായി പൊരുതി മരിക്കാന്‍ വിധിക്കപ്പെട്ട യോദ്ധാക്കളുടെ  കഥ പറയുന്നതാണ് ചിത്രം. അടുത്ത വര്‍ഷം പകുതിയോടെ ചിത്രീകരണം ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com