സോളാര്‍ റിപ്പോര്‍ട്ട് വന്നതോടെ ബല്‍റാമിന് ചിത്തഭ്രമം പിടിപെട്ട പോലെ:  അശോകന്‍ ചരുവില്‍

പ്രിയപ്പെട്ട ബലറാം, നെഞ്ചില്‍ കൈവെച്ച് ഒന്ന് ആലോചിച്ച് പറയു:സത്യത്തില്‍ ആരാണ് കോണ്‍ഗ്രസ്സിനെ ഇമ്മട്ടില്‍ നശിപ്പിച്ചത്?
സോളാര്‍ റിപ്പോര്‍ട്ട് വന്നതോടെ ബല്‍റാമിന് ചിത്തഭ്രമം പിടിപെട്ട പോലെ:  അശോകന്‍ ചരുവില്‍

തൃശൂര്‍: സോളാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ സര്‍ക്കാര്‍ നടപടി തുടങ്ങിയതോടെ ചിത്തഭ്രമം പിടിപെട്ടതു പോലെയാണ് വിടി ബല്‍റാം എംഎല്‍എയുടെ ഫേസ് ബുക്ക് കുറിപ്പുകളെന്ന് എഴുത്തുകാരന്‍ അശോകന്‍ ചരുവില്‍. നിത്യേനയെന്നോണം കേന്ദ്രമന്ത്രിമാരുടെ നേതൃത്വത്തില്‍ ഡല്‍ഹിയിലെ സിപിഎം ആസ്ഥാനത്തേക്ക് തീവ്രഹിന്ദുത്വക്കാര്‍ അക്രമാസക്തമായ മാര്‍ച്ച് നടത്തുകയാണ്. വീട്ടില്‍ കയറി വന്ന് കണ്ണു ചൂഴ്‌ന്നെടുക്കുമെന്നും പറയുന്നു. ആ സമയത്ത് സിപിഎമ്മും ബിജെപിയും തമ്മില്‍ സഹകരിക്കുകയാണ് എന്ന് ഒരാള്‍ വിളിച്ചു പറയുന്നുണ്ടെങ്കില്‍ അയാളെ എവിടെ കൊണ്ടു പോവണമെന്ന് അശോകന്‍ ചരുവില്‍ ചോദിച്ചു.

അശോകന്‍ ചരുവിലിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ്: 

നമ്മുടെ തൃത്താല എം.എല്‍.എ. ശ്രി.വി.ടി.ബലറാമിനെ തമ്മില്‍ ഭേദപ്പെട്ട ഒരു കോണ്‍ഗ്രസ്സുകാരനായിട്ടാണ് ഞാന്‍ കരുതിയത്. പക്ഷേ ഇപ്പോള്‍ നിരാശ മാത്രം. സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ നടപടി തുടങ്ങിയതോടെ ചിത്തഭ്രമം പിടിപെട്ടതു പോലെയാണ് അദ്ദേഹത്തിന്റെ ഫേസ് ബുക്ക് കമന്റുകള്‍.
നിത്യേനയെന്നോണം കേന്ദ്രമന്ത്രിമാരുടെ നേതൃത്തത്തില്‍ ഡല്‍ഹിയിലെ സി.പി.എം.ആസ്ഥാനത്തേക്ക് തീവ്രഹിന്ദുത്വക്കാര്‍ അക്രമാസക്തമായ മാര്‍ച്ച് നടത്തുകയാണ്. വീട്ടില്‍ കയറി വന്ന് കണ്ണു ചൂഴ്‌ന്നെടുക്കുമെന്നും പറയുന്നു. ആ സമയത്ത് സി.പി.എമ്മും ബി.ജെ.പി.യും തമ്മില്‍ സഹകരിക്കുകയാണ് എന്ന് ഒരാള്‍ വിളിച്ചു പറയുന്നുണ്ടെങ്കില്‍ അയാളെ എവിടെ കൊണ്ടു പോവണം?
കോണ്‍ഗ്രസ്സിനെ തകര്‍ക്കാനും നശിപ്പിക്കാനും സി.പി.എം. ശ്രമിക്കുന്നു എന്നതാണ് മറ്റൊരു നിലവിളി.
പ്രിയപ്പെട്ട ബലറാം, നെഞ്ചില്‍ കൈവെച്ച് ഒന്ന് ആലോചിച്ച് പറയു:
സത്യത്തില്‍ ആരാണ് കോണ്‍ഗ്രസ്സിനെ ഇമ്മട്ടില്‍ നശിപ്പിച്ചത്? കോണ്‍ഗ്രസ് നേതാക്കളല്ലാതെ മറ്റാരാണ്? കോണ്‍ഗ്രസ്സ് ഇല്ലാതായാല്‍ ആ സ്‌പെയിസിലേക്ക് ബി.ജെ.പി. എത്തുമെന്നു പറയുന്നു. ശരിയാവാം. ബി.ജെ.പി.ക്കും കോണ്‍ഗ്രസ്സിനും ഒരുപോലെ അവകാശപ്പെട്ടതായ ഒരു 'സ്‌പെയ്‌സ്' ആരാണ് സൃഷ്ടിച്ചത്?
സി.പി.ഐ.(എം) കോണ്‍ഗ്രസ്സിനെ എതിര്‍ത്തിട്ടുണ്ട്, എതിര്‍ത്തു കൊണ്ടിരിക്കുന്നു എന്നത് വാസ്തവമാണ്. സ്വാതന്ത്ര്യാനന്തരകാലം മുതല്‍ ഇന്ത്യന്‍ മുതലാളിത്തത്തിന്റെയും അതുവഴി ലോക മൂലധനത്തിന്റെയും നടത്തിപ്പ് ഏറ്റെടുത്ത്, ജനങ്ങള്‍ക്കെതിരായി രാജ്യം ഭരിച്ച കോണ്‍ഗ്രസ്സിനെ എതിര്‍ക്കുക എന്നത് ഒരു ജനപക്ഷ പാര്‍ടിയുടെ ഉത്തരവാദിത്തമാണ്. ഭരണം ഇല്ലാതായി എന്നതൊഴിച്ചാല്‍ നയസമീപനങ്ങളില്‍ ഇന്നും കോണ്‍ഗ്രസ്സ് ഒരു മാറ്റവും വരുത്തിയിട്ടില്ല എന്നതും ഓര്‍ക്കുക.
മറിച്ച് കമ്യൂണിസ്റ്റ് പാര്‍ടിയെ തകര്‍ക്കാന്‍ ഭരണത്തെയും ഫോഴ്‌സിനെയും ഉപയോഗിച്ച് കോണ്‍ഗ്രസ്സ് നടത്തിയ ശ്രമങ്ങളുടെ ചോരപുരണ്ട ചരിത്രം ഞാന്‍ വിവരിച്ചാല്‍ ബലറാമിന് രാജ്യം വിട്ട് ഓടിപ്പോകേണ്ടി വരും. ആദ്യകാല കര്‍ഷക മുന്നേറ്റങ്ങളെ ചോരയില്‍ അഭിഷേകം ചെയ്യാനാണ് വിവിധ കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ ശ്രമിച്ചത്. ശൂരനാട് എന്ന ഗ്രാമത്തിലെ കര്‍ഷകത്തൊഴിലാളികള്‍ ജന്മി മാടമ്പിത്തത്തിനെതിരെ പ്രതികരിച്ചു. അതു കേട്ട് കലിപൂണ്ട് അവിടേക്ക് അയച്ച സായുധ ദൗത്യസേനക്ക് അന്നത്തെ മുഖ്യമന്ത്രി പറവൂര്‍ നാരായണപിള്ള കൊടുത്ത പേര് 'ശൂരനാട് എന്ന ഒരു നാട് ഇനി വേണ്ട' എന്നായിരുന്നു.
ചൈനാ യുദ്ധം, 75ലെ അടിയന്തിരാവസ്ഥക്കാലം ഉള്‍പ്പടെ കോണ്‍ഗ്രസ്സ് ഭരണത്തിലെ പോലീസ് ലോക്കപ്പുകള്‍ക്ക് ഒരുപാട് കഥകള്‍ പറയാനുണ്ടാവും. ചരിത്രത്തിലെ സവിശേഷതയായി ലോകം കണ്ട 1957ലെ മന്ത്രിസഭയോട് സ്വീകരിച്ച സമീപനം അടിയന്തിരാവസ്ഥയെ പോലെത്തന്നെ ഇന്ത്യന്‍ ജനാധിപത്യത്തിലെ തീരാകളങ്കമായി അവശേഷിക്കുന്നു.
ഇന്നത്തെ ഇന്ത്യന്‍ സാഹചര്യത്തില്‍ കോണ്‍ഗ്രസ് നശിച്ചുപോകരുതെന്ന് ആംഹിക്കുന്ന ആളാണ് ഞാന്‍. പക്ഷേ ഇതുവരെയുള്ള നയങ്ങളില്‍ മാറ്റമില്ലാതെ കോണ്‍ഗ്രസ് തുടര്‍ന്നിട്ടു കാര്യമില്ലെന്നും കരുതുന്നു. ചുരുങ്ങിയപക്ഷം രാഷ്ട്രീയ ഹിന്ദുത്വത്തേയും മറ്റ് വര്‍ഗ്ഗീയ രാഷ്ട്രീയത്തെയും നേരിടാന്‍ ഒരു പരിപാടിയെങ്കിലും കോണ്‍ഗ്രസ്സിനുണ്ടാവണം. തന്റെ പാര്‍ടിയെ രക്ഷിക്കണമെന്ന് ബാലറാമിന് അല്‍പ്പമെങ്കിലും ആഗ്രഹമുണ്ടെങ്കില്‍ ആത്മപരിശോധനയായിരിക്കും ആദ്യം വേണ്ടിവരിക. കമ്യൂണിസ്റ്റ് വിരുദ്ധതയുടെ ചെലവില്‍ ഇനി അതു സാധിക്കുമോ? അധികാരത്തിന്റെ ജീര്‍ണപരിസരത്ത് നുരച്ചു വളര്‍ന്ന പുഴുക്കളെ ഇനിയും സംരക്ഷിച്ചു കൊണ്ട് സാധിക്കുമോ?
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com