ജനരക്ഷാ യാത്രയ്ക്ക് ശേഷം ബിജെപിക്ക് ആശ്വാസമോ, ആശങ്കയോ?

ജനരക്ഷാ യാത്രയിലൂടെ ശക്തി തെളിയിക്കാനുള്ള ബിജെപി നീക്കങ്ങളെ ശക്തമായിട്ടായിരുന്നു സിപിഎം പ്രതിരോധിച്ചത്
ജനരക്ഷാ യാത്രയ്ക്ക് ശേഷം ബിജെപിക്ക് ആശ്വാസമോ, ആശങ്കയോ?

തിരുവനന്തപുരം: 14 ദിവസം കൊണ്ട് 500 കിലോമീറ്റര്‍ താണ്ടി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നയിച്ച ജനരക്ഷാ യാത്രയ്ക്ക് സമാപാനം. ജിഹാദി ചുവപ്പ് ഭീകരതയ്‌ക്കെതിരെ എല്ലാവര്‍ക്കും ജീവിക്കണം എന്ന മുദ്രാവാക്യവുമായി കുമ്മനം നയിച്ച ജാഥ അവസാനിക്കുമ്പോള്‍ വേങ്ങരയില്‍ സംഭവിച്ച വോട്ട് ചോര്‍ച്ചയ്ക്കുള്‍പ്പെടെയാണ് നേതാക്കള്‍ ഇനി മറുപടി പറയേണ്ടത്. 

വേങ്ങരയില്‍ 5748 വോട്ടുകള്‍ക്കായിരുന്നു ബിജെപി എസ്ഡിപിഐയ്ക്കും പിന്നിലായി നാലാം സ്ഥാനത്തെത്തിയത്. 2016ലെ പൊതു തെരഞ്ഞെടുപ്പില്‍ ലഭിച്ചതിനേക്കാള്‍ 2000 വോട്ടുകളുടെ കുറുവുണ്ടായത് ബിജെപി നേതൃത്വത്തെ തന്നെ ഞെട്ടിച്ചിരുന്നു. 

വേങ്ങരയിലെ തിരിച്ചടിക്ക് പുറമെ അമിത് ഷായുടെ മകനെതിരെ ഉയര്‍ന്ന സ്വത്ത് ഇരട്ടിക്കല്‍ ആരോപണവും കുമ്മനത്തിന്റെ ജനരക്ഷാ യാത്രയുടെ ശോഭ കെടുത്തിയിരുന്നു. എന്നാല്‍ കണ്ണൂര്‍, പാലക്കാട്, കോഴിക്കോട്, തിരുവനന്തപുരം എന്നിവിടങ്ങളില്‍ അലയൊലികള്‍ സൃഷ്ടിക്കാന്‍ ജനരക്ഷാ യാത്രകൊണ്ടായതായാണ് ബിജെപി വിലയിരുത്തല്‍. 

രണ്ട് തവണ മാറ്റിവയ്‌ക്കേണ്ടി വന്ന ജനരക്ഷാ യാത്ര, മെഡിക്കല്‍ കോഴയില്‍ നിന്നും ശ്രദ്ധ തിരിക്കാനുള്ള അടവാണെന്നായിരുന്നു സിപിഎം പരിഹസിച്ചിരുന്നത്. 14 ദിവസത്തെ ജനരക്ഷാ യാത്രയില്‍ നാല് ദിവസവും കണ്ണൂര്‍ ജില്ലയിലായിരുന്നു പര്യടനം. അമിത് ഷാ, യോഗി ആദിത്യനാഥ്, ദേവേന്ദ്ര ഫട്‌നാവിസ്, മനോഹര്‍ പരീക്കര്‍  തുടങ്ങി ദേശീയ നേതാക്കള്‍ കണ്ണൂരിലേക്കെത്തി കേരളത്തില്‍ സിപിഎം അരാജകത്വം സൃഷ്ടിക്കുകയാണെന്ന പ്രചാരണം ദേശീയ മാധ്യമങ്ങളിലേക്കെത്തിക്കാന്‍ ശ്രമിച്ചു. 

എന്നാല്‍ മുഖ്യമന്ത്രിയുടെ പിണറായിയിലൂടെയുള്ള ജനരക്ഷാ യാത്രയില്‍ പങ്കെടുക്കാതെ അമിത് ഷാ വിട്ടുനിന്നത് ബിജെപിക്ക് വലിയ തിരിച്ചടിയായിരുന്നു. ഇതുകൂടാതെ ആദിത്യനാഥിന്റേയും അമിത് ഷായുടേയും പ്രസ്താവനകള്‍ വിവാദമായതും സംസ്ഥാനത്തെ ബിജെപി ഘടകത്തിന് ക്ഷീണമായി. 

ജനരക്ഷാ യാത്രയിലൂടെ ശക്തി തെളിയിക്കാനുള്ള ബിജെപി നീക്കങ്ങളെ ശക്തമായിട്ടായിരുന്നു സിപിഎം പ്രതിരോധിച്ചത്. ജനരക്ഷാ യാത്രയ്‌ക്കൊപ്പം ഡല്‍ഹിയില്‍ സിപിഎം ഓഫീസിലേക്ക് ബിജെപി മാര്‍ച്ച് നടത്തിയതിന്റെ തിരിച്ചടിയായി, ബിജെപി ഓഫിലേക്ക് പ്രകടനവുമായി എത്തിയായിരുന്നു സിപിഎം മറുപടി നല്‍കിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com