വീഴ്ചയുണ്ടെങ്കില്‍  ഉത്തരവാദിത്തം ഞാന്‍ ഏറ്റെടുത്തോളാം; സോളാര്‍ കേസില്‍ ഉദ്യോഗസ്ഥരെ ബലിയാടാക്കരുതെന്ന് ഡിജിപി ഹേമചന്ദ്രന്‍

കേസിലെ ഒരു വാദിക്ക് പോലും അന്വേഷണത്തെ കുറിച്ച് പരാതിയില്ലെന്നും കത്തില്‍ ഡിജിപി ചൂണ്ടിക്കാണിക്കുന്നു
വീഴ്ചയുണ്ടെങ്കില്‍  ഉത്തരവാദിത്തം ഞാന്‍ ഏറ്റെടുത്തോളാം; സോളാര്‍ കേസില്‍ ഉദ്യോഗസ്ഥരെ ബലിയാടാക്കരുതെന്ന് ഡിജിപി ഹേമചന്ദ്രന്‍

തിരുവനന്തപുരം: സോളാര്‍ കേസ് അന്വഷിച്ച മുന്‍ സംഘത്തിനെതിരെ നടപടി സ്വീകരിക്കുന്ന സര്‍ക്കാര്‍ നീക്കത്തെ എതിര്‍ത്ത് ഡിജിപി എ.ഹേമചന്ദ്രന്‍. സോളാര്‍ കേസ് അന്വേഷണത്തില്‍ വീഴ്ച ഉണ്ടായിട്ടുണ്ടെങ്കില്‍ അതിന്റെ പൂര്‍ണ ഉത്തരവാദിത്വം താന്‍ ഏറ്റെടുക്കാമെന്നും, അതിന്റെ ഭവിഷ്യത്തുകള്‍ നേരിടാന്‍ തയ്യാറാണെന്നും സംസ്ഥാന പൊലീസ് മേധാവിക്കും, ആഭ്യന്തര വകുപ്പ് അഡീഷണ്‍ ചീഫ് സെക്രട്ടറിക്കും നല്‍കിയിരിക്കുന്ന കത്തില്‍ ഹേമചന്ദ്രന്‍ വ്യക്തമാക്കുന്നു. 

മറ്റ് ഉദ്യോഗസ്ഥരെ ബലിയാടാക്കരുത് എന്ന് ആവശ്യപ്പെട്ടുള്ള ഹേമചന്ദ്രന്റെ കത്ത് പ്രത്യേക ദൂതന്‍ വഴിയായിരുന്നു ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി സുബ്രദോ ബിശ്വാസത്തിന്റെ ഓഫീസിലെത്തിച്ചത്. പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയ്ക്കുള്ള കത്ത് ഹേമചന്ദ്രന്‍ നേരിട്ടെത്തി കൈമാറി. കേസിലെ ഒരു വാദിക്ക് പോലും അന്വേഷണത്തെ കുറിച്ച് പരാതിയില്ലെന്നും കത്തില്‍ ഡിജിപി ചൂണ്ടിക്കാണിക്കുന്നു.

എന്നാള്‍ ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് നല്‍കിയ കത്തില്‍ അദ്ദേഹം തുടര്‍ നടപടി സ്വീകരിച്ചില്ലെന്നാണ് റിപ്പോര്‍ട്ട്. സോളാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ പറയാത്ത കാര്യങ്ങള്‍ നിയമോപദേശം എന്ന പേരില്‍ ചേര്‍ത്ത് അന്വേഷണ സംഘത്തിലുണ്ടായിരുന്ന ഉദ്യോഗസ്ഥരെ പീഡിപ്പിക്കാനാണ് ശ്രമമെന്നാണ് പൊലീസിലെ ഒരു വിഭാഗം ഉദ്യോഗസ്ഥരുടെ വിലയിരുത്തല്‍. സോളാര്‍ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് പൊലീസ് സേനയിലെ ഒരു ഉന്നതന് സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്. 

സരിത നായരുടെ തട്ടിപ്പു കേസുകള്‍ എന്റെ മേല്‍നോട്ടത്തിലാണ് ഇവര്‍ അന്വേഷിച്ചത്. പ്രത്യേക സംഘത്തിലെ അംഗങ്ങള്‍ എന്ന നിലയില്‍ മാത്രമാണ് ഇവര്‍ കേസുകള്‍ അന്വേഷിച്ചതും ആറ് മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കിയതും. അതെല്ലാം വിചാരണ ഘട്ടത്തിലാണ്. കേസുകളുടെ നേട്ടവും കോട്ടവും വിലയിരുത്തേണ്ടത് കോടതികള്‍ മാത്രമാണ്. ഈ നിയമതത്വം നിലനില്‍ക്കെ സോളാര്‍ കമ്മിഷന്‍ എങ്ങിനെ ഉദ്യോഗസ്ഥരില്‍ കുറ്റം കണ്ടെത്തിയെന്ന് വ്യക്തമല്ലെന്നും ഹേമചന്ദ്രന്‍ പൊലീസ് മേധാവിക്ക് നല്‍കിയ കത്തില്‍ പറയുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com