ഒന്‍പതിന് പ്രത്യേക നിയമസഭാ സമ്മേളനം; സോളാര്‍ റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യും

റിപ്പോര്‍ട്ട് സഭയില്‍ വയ്ക്കുന്നതിന് പ്രത്യേക സമ്മേളനം ചേരാന്‍ പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു
ഒന്‍പതിന് പ്രത്യേക നിയമസഭാ സമ്മേളനം; സോളാര്‍ റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യും

തിരുവനന്തപുരം: സോളാര്‍ റിപ്പോര്‍ട്ട് സഭയില്‍ വയ്ക്കുന്നതിനായി നവംബര്‍ ഒന്‍പതിന് പ്രത്യേക നിയമസഭാ സമ്മേളനം വിളിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. റിപ്പോര്‍ട്ട് സഭയില്‍ വയ്ക്കുന്നതിന് പ്രത്യേക സമ്മേളനം ചേരാന്‍ പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു.

സോളാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ടിന്റെ തുടര്‍ നടപടികളില്‍ മുന്‍ സുപ്രിം കോടതി ജഡ്ജി അരിജിത് പസായത്തില്‍നിന്ന് നിയമോപദേശം തേടാനും മന്ത്രിസഭായോഗം തീരുമാനിച്ചു. അഡ്വക്കറ്റ് ജനറലില്‍നിന്നും ഡയറക്ടര്‍ ജനറല്‍ ഒഫ് പ്രോസിക്യൂഷനില്‍നിന്നും ലഭിച്ച നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചത്. ഇത് ഏറെ വിമര്‍ശനത്തിനു വഴിവച്ചിരുന്നു.

സോളാര്‍ റിപ്പോര്‍ട്ടിനെച്ചൊല്ലി വിവാദം ശക്തമാവുന്നതിനിടെയാണ്, പ്രത്യേക സമ്മേളനം വിളിച്ചുചേര്‍ക്കുന്നതിന് ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചിരിക്കുന്നത്. റിപ്പോര്‍ട്ട് പുറത്തുവിടാന്‍ പ്രതിപക്ഷം സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ആരോപണ വിധേയനായ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വിവരാവകാശ നിയമപ്രകാരവും റിപ്പോര്‍ട്ടിനായി അപേക്ഷ നല്‍കി. വിവരാവകാശ നിയമപ്രകാരം ഇതു ലഭ്യമാക്കാനാവില്ലെന്ന് സര്‍ക്കാര്‍ നിലപാട് എടുത്തതോടെ കമ്മിഷന്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രി പിണറായി വിജയനെ സമീപിച്ചു. ആരോപണ വിധേയര്‍ക്ക് റിപ്പോര്‍ട്ടിന്റെ പകര്‍പ്പു നല്‍കുന്നത് സ്വാഭാവിക നീതിയാണെന്നു ചൂണ്ടിക്കാട്ടി നിയമ വിദഗ്ധരില്‍നിന്ന് അഭിപ്രായങ്ങള്‍ ഉയരുകയും ചെയ്തു. എന്നാല്‍ നിയമ പ്രകാരം നിയമസഭയില്‍ മാത്രമേ റിപ്പോര്‍ട്ട് വയ്ക്കാനാവൂ എന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കിയത്. ഈ സാഹചര്യത്തിലാണ് പ്രത്യേക നിയമസഭാ യോഗം വിളിക്കാന്‍ പ്രതിപക്ഷത്തെ ഒരു വിഭാഗം നേതാക്കള്‍ ആവശ്യപ്പെട്ടത്.

സോളാര്‍ കേസില്‍ അന്വേഷണം പ്രഖ്യാപിച്ച് പുറത്തുവിട്ട ഏതാനും കാര്യങ്ങള്‍ക്കപ്പുറം ഞെട്ടിക്കുന്ന കണ്ടെത്തലുകള്‍ കമ്മിഷന്‍ റിപ്പോര്‍ട്ടിലുണ്ടെന്നാണ് മുഖ്യമന്ത്രി തന്നെ വ്യക്തമാക്കിയത്. പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചുചേര്‍ത്ത് സഭയുടെ മേശപ്പുറത്തു വയ്്ക്കുന്നതോടെ സോളാര്‍ റിപ്പോര്‍ട്ട് പൊതുരേഖയായി മാറും.

അന്വേഷണ കമ്മിഷന്‍ റിപ്പോര്‍ട്ടും നടപടി റിപ്പോര്‍ട്ടും ചേര്‍ത്താണ് കമ്മിഷന്‍ ഒഫ് എന്‍ക്വയറീസ് ആക്ട് പ്രകാരം നിയമസഭയില്‍ വയ്‌ക്കേണ്ടത്. തുടര്‍ന്ന് ഇക്കാര്യത്തില്‍ ചര്‍ച്ച നടക്കും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com