ദിലീപ് നല്‍കിയ ആശുപത്രി രേഖകള്‍ വ്യാജം, മഞ്ജു വാര്യര്‍ പതിനൊന്നാം സാക്ഷി; പൊലീസ് തയാറാക്കുന്നത് പഴുതടച്ച കുറ്റപത്രം

ഇപ്പോള്‍ പതിനൊന്നാം പ്രതിസ്ഥാനത്തുള്ള ദിലീപിനെ ഒന്നാം പ്രതിയാക്കി തയാറാക്കുന്ന കുറ്റപത്രത്തില്‍, കേസില്‍ ആദ്യം ഗൂഢാലോചന ആരോപിച്ച മുന്‍ ഭാര്യ മഞ്ജു വാര്യരെ പതിനൊന്നാം സാക്ഷിയാക്കിയും ഉള്‍പ്പെടുത്തും
ദിലീപ് നല്‍കിയ ആശുപത്രി രേഖകള്‍ വ്യാജം, മഞ്ജു വാര്യര്‍ പതിനൊന്നാം സാക്ഷി; പൊലീസ് തയാറാക്കുന്നത് പഴുതടച്ച കുറ്റപത്രം

കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ച സംഭവത്തില്‍ പങ്കില്ലെന്നു തെളിയിക്കാന്‍ ദിലീപ് നല്‍കിയ ആശുപത്രി രേഖകള്‍ വ്യാജമെന്ന് അന്വേഷണ സംഘം. ഫെബ്രുവരി 14 മുതല്‍ 21 വരെ പനി പിടിച്ച് ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്നു എന്നാണ് ദിലീപ് പൊലീസിനോടു പറഞ്ഞത്. ഇതു തെളിയിക്കുന്ന രേഖകളും കൈമാറിയിരുന്നു. എന്നാല്‍ ഇവ വ്യജമായുണ്ടാക്കിയതാണ് എന്നാണ് അന്വേഷണ സംഘം കണ്ടെത്തിയിരിക്കുന്നത്.

ഫെബ്രുവരി 14ന് രാവിലെ ഏഴേ കാല്‍ മുതല്‍ ആശുപത്രിയില്‍ ആയിരുന്നുവെന്നാണ് ദിലീപ് കൈമാറിയ ആശുപത്രി കേസ് ഷീറ്റിലുള്ളത്. ഇരുപത്തിയൊന്നുവരെ ഇവിടെയായിരുന്നുവെന്നും രേഖയിലുണ്ട്. എന്നാല്‍ ഫെബ്രുവരി 17ന് രാത്രി നടി ആക്രമിക്കപ്പെട്ടതിനു പിന്നാലെ 20ന് താര സംഘടനയായ അമ്മ ദര്‍ബാര്‍ ഹാളില്‍ നടത്തിയ ഐക്യദാര്‍ഢ്യ പരിപാടിയില്‍ ദിലീപ് പങ്കെടുത്തിട്ടുണ്ട്. ഇരുപത്തിയൊന്നിന് ഷൂട്ടിങ് ലൊക്കേഷനിലേക്കു മടങ്ങിയതായും പൊലീസ് പറയുന്നു. ഇക്കാര്യങ്ങള്‍ ഉള്‍പ്പെടെ അന്വേഷണത്തെ വഴി തിരിച്ചുവിടാന്‍ ദിലീപ് നടത്തിയ ശ്രമങ്ങള്‍ വ്യക്തമാക്കിക്കൊണ്ടാവും പൊലീസ് കുറ്റപത്രം സമര്‍പ്പിക്കുക.

ആക്രമിക്കപ്പെട്ട നടിയോട് ദിലീപിന് വ്യക്തിവൈരാഗ്യം ഉണ്ടായിരുന്നെന്നും 2014 മുതല്‍ അവരെ സിനിമയില്‍നിന്ന് ഒഴിവാക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും കുറ്റപത്രത്തില്‍ ചൂണ്ടിക്കാട്ടും. കുടുംബ ബന്ധം തകര്‍ത്തലിലുള്ള വൈരാഗ്യമാണ് ദീലിപിന് നടിയോട് ഉണ്ടായിരുന്നത്. നിലവില്‍ കേസില്‍ ഒന്നാം പ്രതിയായ പള്‍സര്‍ സുനിക്ക് നടിയോട് വൈരാഗ്യമൊന്നും ഉണ്ടായിരുന്നില്ല. അതുകൊണ്ട് സംഭവത്തിന്റെ മുഖ്യ ഉത്തരവാദിത്വം ദിലീപിനാണെന്നാണ് പൊലീസ് വാദം. ദിലീപിനെ ഒന്നാം പ്രതിയാക്കി കുറ്റപത്രം നല്‍കാന്‍ അന്വേഷണ സംഘം ഒരുങ്ങുന്നത് ഈ വാദത്തിന്റെ ബലത്തിലാണ്. 

2013 മാര്‍ച്ച് 26നും ഏപ്രില്‍ ഏഴിനും ഇടയിലുള്ള ഒരു ദിവസം രാത്രി എട്ടു മണിക്ക് കൊച്ചി അബാദ് പ്ലാസ ഹോട്ടലിലെ 410ാം നമ്പര്‍ മുറിയില്‍ വ്ച്ചാണ് നടിയെ ആക്രമിക്കാനുള്ള ഗൂഢാലോചന നടന്നത്. അമ്മയുടെ താര ഷോയുടെ റിഹേഴ്‌സല്‍ നടക്കുന്ന സമയമായിരുന്നു അത്. 

ഇപ്പോള്‍ പതിനൊന്നാം പ്രതിസ്ഥാനത്തുള്ള ദിലീപിനെ ഒന്നാം പ്രതിയാക്കി തയാറാക്കുന്ന കുറ്റപത്രത്തില്‍, കേസില്‍ ആദ്യം ഗൂഢാലോചന ആരോപിച്ച മുന്‍ ഭാര്യ മഞ്ജു വാര്യരെ പതിനൊന്നാം സാക്ഷിയാക്കിയും ഉള്‍പ്പെടുത്തും.  ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 120 (ബി), 342, 366, 376 (ഡി), 411, 506, 201, 212, 34 എന്നീ വകുപ്പുകളും ഐടി ആക്ടിലെ 67 എ വകുപ്പുമാണ് പ്രതികള്‍ക്കെതിരെ ചുമത്തുക.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com