മുഖ്യമന്ത്രി സോളാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചത് ആട് ഇല കടിക്കുന്നതുപോലെ; കെ.മുരളീധരന്‍

എപ്പോഴും മൊഴിമാറ്റുന്ന ഒരാളുടെ വാക്കിന്റെ അടിസ്ഥാനത്തില്‍ മാത്രമാണോ ഉമ്മന്‍ ചാണ്ടിക്കെതിരായി നടപടി സ്വീകരിച്ചത്
മുഖ്യമന്ത്രി സോളാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചത് ആട് ഇല കടിക്കുന്നതുപോലെ; കെ.മുരളീധരന്‍

തിരുവനന്തപുരം: മുഖ്യമന്ത്രി സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചത് ആട് ഇല കടിക്കുന്നതുപോലെ അവിടുന്നും ഇവിടുന്നുമാണെന്ന് കെ.മുരളീധരന്‍ എംഎല്‍എ. ഒരന്വേഷണ കമ്മീഷന്‍ അവരുടെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചാല്‍ മന്ത്രിസഭയില്‍ ചര്‍ച്ച ചെയ്ത് നിയമസഭയില്‍ വയ്ക്കണം. അതിന്റെ അടിസ്ഥാനത്തിലാവണം തുടര്‍നടപടികള്‍.ഇത് ലംഘിക്കപ്പെട്ടു.

എപ്പോഴും മൊഴിമാറ്റുന്ന ഒരാളുടെ വാക്കിന്റെ അടിസ്ഥാനത്തില്‍ മാത്രമാണോ ഉമ്മന്‍ ചാണ്ടിക്കെതിരായി നടപടി സ്വീകരിച്ചത്.ഇതിന്റെ നിജസ്ഥിതി അറിയാന്‍ ആരോപണവിധേയര്‍ക്ക് അവകാശമുണ്ട്. അവരുടെ അവകാശങ്ങളെ ഹനിക്കുകയാണ് മുഖ്യമന്ത്രി ചെയ്തതെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.

റിപ്പോര്‍ട്ട് കൊടുക്കില്ല എന്ന് പറഞ്ഞത് എന്തടിസ്ഥാനത്തിലാണ്? പ്രതിപക്ഷത്തെ മന:പൂര്‍വം ജനമധ്യത്തില്‍ മോശക്കാരാക്കി കാണിക്കാന്‍ മുഖ്യമന്ത്രി നടത്തിയ കുത്സിത പ്രവൃത്തിയാണിത്. വിഡ്ഢിത്തങ്ങളുടെ പരമ്പര തന്നെ നടക്കുന്നു. നാലുവര്‍ഷത്തെ അന്വേഷണത്തിന് ഏതാണ്ട് ഏഴേകാല്‍ കോടി രൂപ ചെലവായി എന്നാണറിഞ്ഞത്. ഇത്രയും തുക ചെലവഴിച്ച് അന്വേഷണം നടത്തിയത് സമൂഹത്തില്‍ ഒട്ടും അംഗീകാരമില്ലാത്ത വ്യക്തിയുടെ വാക്ക് കേട്ടിട്ടാണോ?

14 മണിക്കൂര്‍ ഉമ്മന്‍ ചാണ്ടിയെ ചോദ്യം ചെയ്തതിനെക്കുറിച്ചുള്ള കമ്മീഷന്റെ അഭിപ്രായം അറിയാനുള്ള അവകാശം എല്ലാവര്‍ക്കുമുണ്ട്. റിപ്പോര്‍ട്ട് മോശമായി കൈകാര്യം ചെയ്തതിന് മുഖ്യമന്ത്രി മാപ്പ് പറയണം, അദ്ദേഹം  പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com