മെഡിക്കല്‍ കോളേജ് കോഴ വിവാദം: തെളിവില്ലെന്ന കാരണം ചൂണ്ടികാട്ടി വിജിലന്‍സ് അന്വേഷണം അവസാനിപ്പിച്ചു

അന്വേഷണസംഘം ഈ മാസം അവസാനത്തോടെ വിജിലന്‍സ് ഡയറക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കും
bjp
bjp

തിരുവനന്തപുരം:  സംസ്ഥാന ബിജെപി നേതൃത്വത്തെ പിടിച്ചുകുലുക്കിയ മെഡിക്കല്‍ കോളജ് കോഴ വിവാദത്തില്‍ വിജിലന്‍സ് അന്വേഷണം അവസാനിപ്പിച്ചു. കോഴ വാങ്ങിയതിന് തെളിവു കണ്ടെത്താന്‍ കഴിയാത്തതിനെ തുടര്‍ന്നാണ് അന്വേഷണം അവസാനിപ്പിക്കാന്‍ തീരുമാനിച്ചത്. ഇക്കാര്യം ചൂണ്ടിക്കാട്ടി അന്വേഷണസംഘം ഈ മാസം അവസാനത്തോടെ വിജിലന്‍സ് ഡയറക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കും. 

മൂന്നു മാസത്തോളം അന്വേഷണം നടത്തിയിട്ടും കോഴ വാങ്ങിയതിന് തെളിവ് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടികാണിക്കും.
ബിജെപി നേതാക്കള്‍ അടക്കം നിരവധി പേരുടെ മൊഴികളും രേഖപ്പെടുത്തിയിരുന്നു. കോഴ നല്‍കിയതായി ബിജെപി നേതൃത്വത്തിന് പരാതി നല്‍കിയ എസ്.ആര്‍. എഡ്യൂക്കേഷന്‍ ട്രസ്റ്റ് ഭാരവാഹികളും ബിജെപി നേതാക്കളും അടിക്കടി മൊഴി മാറ്റുന്നത് അന്വേഷണത്തെ ബാധിച്ചു. ബിജെപി നേതൃത്വവും അന്വേഷണത്തോട് സഹകരിക്കുന്നില്ല. പ്രചരിക്കുന്ന തരത്തിലുള്ള അന്വേഷണ റിപ്പോര്‍ട്ട് തങ്ങളുടേതല്ല എന്നാണ് ബിജെപി കമ്മിഷന്‍ അംഗങ്ങളായ കെ.പി.ശ്രീശനും എ.കെ. നസീറും പറയുന്നത്.

കമ്മിഷന്‍ റിപ്പോര്‍ട്ട് എന്നൊന്നില്ലെന്നാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ മൊഴി നല്‍കിയത്. പരാതിക്കാരില്ലാത്തതും അന്വേഷണത്തിന് തടസമായി. സാമ്പത്തിക അഴിമതി സംബന്ധിച്ച തെളിവുകള്‍ കണ്ടെടുക്കാന്‍ കഴിയാത്തതിനാല്‍ അന്വേഷണം അവസാനിപ്പിക്കുന്നതായി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടും.ഈ മാസം അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് വിജിലന്‍സ് ഉദ്യോഗസ്ഥര്‍ പറഞ്ഞതായി മനോരമ  റിപ്പോര്‍ട്ട് ചെയ്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com