എംഇഎസ് കോളജ് കോടതിയില്‍ പറയുന്നത് നുണ; എസ്എഫ്‌ഐ പ്രതികരിച്ചത് വിദ്യാര്‍ത്ഥികളുട എട്ടുലക്ഷം രൂപ സ്‌കോളര്‍ഷിപ് മുക്കിയതിനെതിരെ

By വിഷ്ണു എസ് വിജയന്‍  |   Published: 20th October 2017 08:21 PM  |  

Last Updated: 20th October 2017 08:21 PM  |   A+A-   |  

 

ട്ടുലക്ഷം രൂപയുടെ വിദ്യാര്‍ത്ഥി സ്‌കോളര്‍ഷിപ്പ് നല്‍കാതിരുന്ന എംഇഎസ് കോളജ് മാനേജ്‌മെന്റിന്റെ കള്ളക്കളികള്‍ പുറംലോകം അറിഞ്ഞപ്പോഴാണ് വിദ്യാര്‍ത്ഥി സംഘടനകളോട് പ്രതികാരം ചെയ്യാന്‍ ഇറങ്ങിപ്പുറപ്പെട്ട മാനേജ്‌മെന്റ് നുണകള്‍ പ്രചരിപ്പിച്ച് കോടതിയെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുന്നതെന്ന് എംഇഎസ് കോളജ് എസ്എഫ്‌ഐ യൂണിറ്റ്. കലാലയങ്ങളില്‍ വിദ്യാര്‍ത്ഥി സംഘടന പ്രവര്‍ത്തനം നിരോധിക്കണം എന്ന് കോടതി വിധി പറഞ്ഞത് പൊന്നാനി എംഇഎസ് കോളജ് മാനേജ്‌മെന്റ് വിദ്യാര്‍ത്ഥി സമരങ്ങള്‍ക്കെതിരെ നല്‍കിയ ഹര്‍ജിയിലായിരുന്നു. വിദ്യാര്‍ത്ഥി സമരങ്ങള്‍മൂലം ക്യാമ്പസില്‍ പഠനസാഹചര്യം നഷ്ടപ്പെട്ടുവെന്നായിരുന്നു എംഇഎസ് കോളജിന്റെ ഹര്‍ജി. ഈ ഹര്‍ജിയാണ് കേരളത്തിലെ മുഴുവന്‍ ക്യാമ്പസുകളേയും പ്രതികൂലമായി ബാധിക്കുന്ന വിദ്യാര്‍ത്ഥി രാഷ്ട്രീയ നിരോധനം നടപ്പാക്കണം എന്ന കോടതി വിധിയിലേക്ക് നയിച്ചത്.

കോളജ് മാനേജ്‌മെന്റ് നടത്തിവന്നിരുന്ന വലിയ അഴിമതിയും വിദ്യാര്‍ത്ഥി ചൂഷണവും പുറംലോകം അറിഞ്ഞതാണ് ഇത്തരമൊരു കോടതി നടപടിയിലേക്ക് നീങ്ങാന്‍ മാനേജ്‌മെന്റിനെ പ്രേരിപ്പിച്ചത് എന്നാണ് എംഇഎസ് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറി ജിഷ്ണു പറയുന്നത്.

എസ്എഫ്‌ഐ കാരണമാണ് കലാലയങ്ങളില്‍ വിദ്യാര്‍ത്ഥി രാഷ്ട്രീയം നിരോധിക്കാന്‍ കോടതി തുനിഞ്ഞിരിക്കുന്നത് എന്ന ആക്ഷേപം പരക്കെ ഉയര്‍ന്നുവരുന്ന അവസരത്തിലാണ് എംഇഎസ് കോളജില്‍ എന്താണ് സംഭവിച്ചതെന്നും എങ്ങനെയാണ് മാനേജ്‌മെന്റ് കോടതിയെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുന്നതെന്നും വിശദമാക്കി എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറി രംഗത്ത് വന്നിരിക്കുന്നത്. 

വിദ്യാര്‍ത്ഥികളോട് ഒരുതരത്തിലും മാന്യമായ് പെരുമാറാന്‍ അറിയാത്ത കോളജ് മാനേജ്‌മെന്റാണ് എംഇഎസ് കോളജ് എന്നും വിദ്യാര്‍ത്ഥി ചൂഷണങ്ങള്‍ പുറംലോകം അറിഞ്ഞതിന്റെ ചൊരുക്കു തീര്‍ക്കാനാണ് കോളജില്‍ നടന്ന ഒരു സംഘട്ടത്തനിനെ പെരുപ്പിച്ച് കാണിച്ച് കോടതിയില്‍ പോയതെന്നും ജിഷ്ണു സമകലാലിക മലയാളത്തോട് പറഞ്ഞു. 

മുഴുവന്‍ കലാലയങ്ങളെയും ബാധിക്കുന്ന, കലാലയങ്ങള്‍ അരാഷ്ട്രീയവതികരിക്കണമെന്ന വിധി പറയാന്‍ കോടതിയെ പ്രേരിപ്പിച്ച ഹര്‍ജിയ്ക്ക് കാരണായ സംഭവങ്ങളെപ്പറ്റി ജിഷ്ണു പറയുന്നു:  

യൂണിയന്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോളജില്‍ നടന്ന സംഘട്ടനത്തോടെയാണ് മാനേജ്‌മെന്റും വിദ്യാര്‍ത്ഥികളും തമ്മിലുള്ള അസ്വാരസ്യങ്ങള്‍ എല്ലാ മറയും നീക്കി പുറത്തുവന്നത്. ആ വിഷയത്തിനു മുമ്പും വിദ്യാര്‍ത്ഥിസംഘടനകള്‍, മാനേജ്‌മെന്റിന്റെ വിദ്യാര്‍ത്ഥി വിരുദ്ധ നിലപാടുകള്‍ക്കെതിരെ സമരം ചെയ്തുവരികയായിരുന്നു. 

എംഇഎസ് കേളജ് പൊന്നാനി
 

ആഗസ്റ്റ് മൂന്നിനാണ് തെരഞ്ഞെടുപ്പ് നോമിനേഷന്‍ തള്ളിയതിന്റെ പേരില്‍ കോളജില്‍ വിദ്യാര്‍ത്ഥി സംഘട്ടനമുണ്ടായത്. ഇതിന് പിന്നാലെ സംഘട്ടനം ആസൂത്രണം ചെയ്തുവെന്നാരോപിച്ച് എസ്എഫ്‌ഐ പ്രവര്‍ത്തകരെ കോളജില്‍ നിന്ന് പുറത്താക്കി. ഇതേത്തുടര്‍ന്ന് പുറത്താക്കിയവരെ തിരിച്ചെടുക്കണം എന്നാവശ്യപ്പെട്ട് എസ്എഫ്‌ഐ സമരം ആരംഭിച്ചു. 

സമരം തുടങ്ങിയപ്പോള്‍ ചര്‍ച്ചയ്ക്ക് വിളിച്ച മാനേജ്‌മെന്റ് പറഞ്ഞത് എന്തെങ്കിലുമുണ്ടെങ്കില്‍ കോടതിയില്‍ പറയ് എന്നായിരുന്നു എന്നാല്‍ അത് അംഗീകരിക്കാതെ വിദ്യാര്‍ത്ഥികള്‍ സമരം ആരംഭിച്ചു. കോളജിനുള്ളിലെ പ്രശ്‌നം കോളജിനുള്ളില്‍ തന്നെ തീര്‍ക്കാം എന്നായിരുന്നു എസ്എഫ്‌ഐ നിലപാട്. എന്നാല്‍ ഇത് മുതലെടുത്ത മാനേജ്‌മെന്റ് നേരെ കോടതിയെ സമീപിക്കുകയായിരുന്നു. 

തെരഞ്ഞെടുപ്പിന്റെ പേരില്‍ വിദ്യാര്‍ത്ഥികള്‍ പ്രശ്‌നം സൃഷ്ടിച്ചു എന്ന് മാനേജ്‌മെന്റ് പറയുന്ന ആഗസ്റ്റ് മൂന്നാം തീയതിയല്ല ശരിക്കും പ്രശ്‌നങ്ങള്‍ തുടങ്ങുന്നത്, ഒന്നരവര്‍ഷമായി ക്യാമ്പസിനകത്ത് അധികൃതര്‍ വിദ്യാര്‍ത്ഥി വിരുദ്ധ നിലപാടുകളാണ് സ്വീകരിച്ചുവരുന്നത്. മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് ലഭിക്കാറുണ്ടായിരുന്ന സ്‌കോളര്‍ഷിപ്പ് കോളജ് കൃത്യമായി നല്‍കിയിരുന്നില്ല. ഇത് ചോദ്യം ചെയ്തപ്പോള്‍ സര്‍ക്കാര്‍ അനുവദിക്കാത്തതുകൊണ്ടാണ് സ്‌കോളര്‍ഷിപ്പ് നല്‍കാത്തത് എന്നായിരുന്നു ഉത്തരം. എന്നാല്‍ പ്രിന്‍സിപ്പാള്‍ അടക്കമുള്ള അധികൃതരുടെ വീഴ്ചമൂലമാണ് സ്‌കോളര്‍ഷിപ്പ് മുടങ്ങിയത് എന്ന് വിശദമായി അന്വേഷിച്ചപ്പോള്‍ മനസ്സിലായി. ഇത് നല്‍കണം എന്ന് ആവശ്യപ്പെട്ട് എസ്എഫ്‌ഐ സമരം ആരംഭിച്ചു.ശക്തമായ സമരമായിരുന്നു ഇത്. എട്ടുലക്ഷം രൂപയാണ് കുട്ടികള്‍ക്ക് നല്‍കേണ്ടിയിരുന്നത്. ഇതെവിടെപ്പോയെന്ന് പുറത്തുനിന്ന് ചോദ്യമുണ്ടായത് മാനേജ്‌മെന്റിനെ വെള്ളം കുടിപ്പിച്ചു. ഇതിന് പിന്നാലെയാണ് മാനേജ്‌മെന്റ് തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നത്. പ്രതികാരം ചെയ്യാന്‍ കാത്തിരുന്ന മാനേജ്‌മെന്റിന് വീണുകിട്ടിയ അവസരം മുതലെടുക്കുകയായിരുന്നു. 

ജനാധിപത്യപരമായി തെരഞ്ഞെടുത്ത കോളജ് യൂണിയന്റെ പ്രവര്‍ത്തനങ്ങളില്‍ ഒന്നുംതന്നെ അധ്യാപകരോ കോളജ് അധികൃതരോ പങ്കെടുത്തിരുന്നില്ല. മാനേജ്‌മെന്റ് നിര്‍ദേശപ്രകാരമായിരുന്നു ഇത്. വിദ്യാര്‍ത്ഥി യൂണിയന്‍ പരിപാടികളില്‍ പങ്കെടുത്താല്‍ ജോലിയില്‍ നിന്ന് പിരിച്ചുവിടും എന്ന് അധ്യാപകരെ മാനേജ്‌മെന്റ് ഭീഷണിപ്പെടുത്തിയിരുന്നു. അതുകൊണ്ട് കലോത്സവങ്ങളും കായിക മേളകളും അടക്കം അധ്യാപകര്‍ ബഹിഷ്‌കരിച്ചു. വിദ്യാര്‍ത്ഥി യൂണിയന്‍ പുറത്തിറക്കിയ കോളജ് മാഗസിന് ഫണ്ട് അനുവദിച്ചില്ല. പുറത്ത് പിരിവ് നടത്തി പുറത്തിറക്കിയ കോളജ് മാഗസിന് കത്തിവെച്ച് നശിപ്പുകകൂടി ചെയ്തു മാനേജ്‌മെന്റ്. 

ആഗസ്റ്റ് മൂന്നിലെ പ്രശ്‌നം ചൂണ്ടിക്കാട്ടി സമരം ചെയ്ത എസ്എഫ്‌ഐ പ്രവര്‍ത്തകരെ പിന്നീട് പുറത്താക്കി. സ്‌കോളര്‍ഷിപ്പ് സമരത്തില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികളെ തിരഞ്ഞുപിടിച്ച് ആഗസ്റ്റ് മൂന്നാംതീയതിയിലെ സമരത്തില്‍ ഉണ്ടെന്നു വരുത്തി തീര്‍ത്ത് കോളജില്‍ നിന്ന് പുറത്താക്കുകയായിരുന്നു. 26വിദ്യാര്‍ത്ഥികളെയാണ് പുറത്താക്കിയത്. ഇതൊക്കെ കോളജിലെ സമാധാനാന്തരീക്ഷം തകര്‍ക്കാന്‍ വേണ്ടി എസ്എഫ്‌ഐ ചെയ്തുകൂട്ടിയതാണ് എന്നാണ് മാനേജ്‌മെന്റ് കോടതിയില്‍ വാദിച്ചത്. എന്നാല്‍ എസ്എഫ്‌ഐ കാര്യങ്ങള്‍ കൃത്യമായി കോടതിയില്‍ അവതരിപ്പിച്ചിട്ടുണ്ട്.വിധി പറയുന്നതിന് കേസ് ആറാംതീയതിയിലേക്ക് മാറ്റിയിരിക്കുകയാണ്. ഇപ്പോഴത്തെ നിരീക്ഷണങ്ങള്‍ തെറ്റാണെന്ന് കോടതിയ്ക്ക് ബോധ്യപ്പെടും എന്നാണ് പ്രതീക്ഷിക്കുന്നത്.ജിഷ്ണു സമകാലിക മലയാളത്തോട് പറഞ്ഞു. 

എംഇഎസ് കോളജ് ഹര്‍ജി പരരിഗണക്കവെയായിരുന്നു കോടതിയുടെ വിദ്യാര്‍ത്ഥി രാഷ്ട്രീയം നിരോധിക്കണം എന്ന നിരീക്ഷണം വന്നത്. കലാലയങ്ങള്‍ പഠിക്കാനുള്ളതാണെന്നും സമരം ചെയ്യാനുള്ളവര്‍ മറ്റിടങ്ങള്‍ തേടണമെന്നുമായിരുന്നു കോടതിയുടെ നിലപാട്. കലാലയങ്ങളില്‍ വിദ്യാര്‍ത്ഥി സംഘടനകള്‍ നിര്‍മ്മിച്ച സമരപ്പന്തലുകള്‍ പൊളിച്ചുമാറ്റണമെന്നും പ്രതിഷേധങ്ങളെ നേരിടാന്‍ പൊലീസിനെ ഉപയോഗിക്കണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു. കഴിഞ്ഞ പതിമൂന്നിനായിരുന്നു വിദ്യാര്‍ത്ഥി രാഷ്ട്രീയം ഒരുകാരണവശാലും അനുവദിക്കില്ലെന്ന് കോടതി പറഞ്ഞത്. പതിനാറിനും ഇരുപതിനും നടത്തിയ നിരീക്ഷണങ്ങളിലും കോടതി ഇതേ നിലപാടില്‍ത്തന്നെ ഉറച്ചുനിന്നുകൊണ്ട് പരാരമര്‍ശം നടത്തി.