

തിരുവനന്തപുരം: വികസനകാര്യത്തില്‍ സംവാദത്തിന് തയാറെന്നും സമയവും സ്ഥലവും മുഖ്യമന്ത്രി പിണറായി വിജയനു തീരുമാനിക്കാമെന്നും ബിജെപി ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍. വികസനത്തിനു തയാറുണ്ടോയെന്ന വെല്ലുവിളി സിപിഎം സ്വീകരിച്ചപ്പോള്‍ ബിജെപി നേതാക്കള്‍ മിണ്ടാതിരിക്കുകയാണെന്ന മുഖ്യമന്ത്രിയുടെ വിമര്‍ശനത്തിനു പിന്നാലെയാണ് സുരേന്ദ്രന്‍ സന്നദ്ധത അറിയിച്ചിരിക്കുന്നത്.
വികസനത്തിന്റെ കേരളാമോഡല്‍ വെറും മിഥ്യമാത്രമെന്നു വിലയിരുത്തിക്കൊണ്ടാണ് പണ്ട് ജനകീയാസൂത്രണം കൊണ്ടു വന്നതെന്ന് ഫെയ്‌സ്ബുക്ക് കുറിപ്പില്‍ സുരേന്ദ്രന്‍ അഭിപ്രായപ്പെട്ടു. കേരളം വികസനത്തിന്റെ കാര്യത്തില്‍ മററു സംസ്ഥാനങ്ങളെ അപേക്ഷിച്ച് എവിടെ നില്‍ക്കുന്നു എന്നതു സംബന്ധിച്ച് ഒരു തുറന്ന സംവാദത്തിന് ബിജെപി ഒരുക്കമാണ്. പൊതുവിദ്യാഭ്യാസം, പൊതുജനാരോഗ്യം ഉള്‍പ്പെടെ ഏതു രംഗത്തും. സിപിഎം തന്നെ നടത്തിയ വികസന പഠനവേദികളിലെ രേഖകളും ശാസ്ത്രസാഹിത്യപരിഷത്ത് ഉള്‍പ്പെടെയുള്ള സംഘടനകള്‍ നടത്തിയ പഠനങ്ങളും അടക്കം ഏതു രേഖകളും ഉദ്ധരിച്ചുതന്നെ ചര്‍ച്ച നടത്താം. കൃഷി, വ്യവസായം, ഐ. ടി, ടൂറിസം തുടങ്ങി ഏതു മേഖലയും ചര്‍ച്ചാ വിഷയമാക്കാമെന്ന് സുരേന്ദ്രന്‍ പറയുന്നു.
പ്രകൃതി ഇതുപോലെ കനിഞ്ഞനുഗ്രഹിച്ച ഒരു പ്രദേശം, ഇതുപോലെ മഴലഭിക്കുന്ന ഒരു നാട്, നാല്‍പ്പത്തിനാലു നദികളുള്ള നാട് എങ്ങനെ ഈ നിലയിലായി? നമ്മുടെ നെല്ലും നാളീകേരവും കയറും നാണ്യവിളകളും എവിടെയെത്തി എന്നു നമുക്കു നോക്കാം. പ്രവാസികള്‍ അധ്വാനിച്ചുണ്ടാക്കി ഇവിടെ നിക്ഷേപിക്കുന്ന ഭണ്ഡാരം കൊണ്ടത്താഴപ്പഷ്ണി കഴിക്കുന്ന കേരളം കേന്ദ്രം അധികം തരുന്നതും കൂട്ടി ശമ്പളവും പെന്‍ഷനും കൊടുത്തുകഴിഞ്ഞാല്‍ പിന്നെ പൂട്ടിപ്പോകുന്ന ഖജനാവിനു കാവലിരിക്കുന്ന സമ്പദ്ഘടന ഉള്‍പ്പെടെ എല്ലാം ചര്‍ച്ച ചെയ്യാം. സാമൂഹ്യസുരക്ഷാരംഗത്ത് ചരിത്രപരമായ കാരണങ്ങളാല്‍ നാം നേടിയ പലതും തങ്ങളുടെ അക്കൗണ്ടില്‍പ്പെടുത്തി മേനി പറയുന്നവര്‍ വര്‍ത്തമാനകേരളം എവിടെ നില്‍ക്കുന്നു എന്ന വസ്തുത കൂടി ജനങ്ങള്‍ക്ക് ബോധ്യപ്പെടാന്‍ ഈ സംവാദം നിമിത്തമാവും. സ്ഥലവും സമയവും പിണറായിക്കു പറയാം. ഞങ്ങള്‍ റെഡി. താങ്കള്‍ക്കിഷ്ടമുള്ള ഏതു മൂന്നാം കക്ഷിയേയും മാധ്യസ്ഥനായും വെക്കാമെന്നും കുറിപ്പില്‍ പറയുന്നുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates