കെപിസിസി അംഗങ്ങളുടെ പുതുക്കിയ പട്ടിക കൈമാറി; രാജ്‌മോഹന്‍ ഉണ്ണിത്താനും പട്ടികയില്‍ 

By സമകാലിക മലയാളം ഡെസ്‌ക്ക്‌  |   Published: 23rd October 2017 05:57 PM  |  

Last Updated: 23rd October 2017 05:57 PM  |   A+A-   |  

 

തിരുവനന്തപുരം : പുതുക്കിയ കെപിസിസി അംഗങ്ങളുടെ പട്ടിക ഹൈക്കമാന്‍ഡിന് സമര്‍പ്പിച്ചു. വനിതകളുടെ എണ്ണം 17 ല്‍ നിന്നും 28 ആയി വര്‍ധിപ്പിച്ചു. പട്ടിക ജാതി-പട്ടിക വര്‍ഗ പ്രാതിനിധ്യം 10 ശതമാനമാക്കും. ആദ്യ ലിസ്റ്റില്‍ ഇടംനേടാതിരുന്ന രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പുതിയ പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്. 

പഴയ പട്ടികയിലുണ്ടായിരുന്ന ഇരുപതോളം പേരെ പുതിയ പട്ടികയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. എംപിമാര്‍ നിര്‍ദേശിച്ചിട്ടുള്ള പേരുകള്‍ അതേപടി ഉള്‍പ്പെടുത്താനും നേതൃത്വം തയ്യാറായിട്ടില്ലെന്നാണ് സൂചന. 

അതേസമയം മുന്‍ധനമന്ത്രിയും ആന്‍ഡമാന്‍ ലഫ്റ്റനന്റ് ഗവര്‍ണറുമൊക്കെയായിരുന്ന മുതിര്‍ന്ന നേതാവ് വക്കം പുരുഷോത്തമനെ പുതിയ പട്ടികയിലും ഉള്‍പ്പെടുത്തിയിട്ടില്ല. പട്ടിക കോണ്‍ഗ്രസ് നേതൃത്വം കേരളത്തിന്റെ ചുമതലയുള്ള സുദര്‍ശന്‍ നാച്ചിയപ്പനു സമര്‍പ്പിച്ചു. 

സുദര്‍ശന്‍ നാച്ചിയപ്പന്‍ പട്ടിക പരിശോധിച്ചശേഷം മുല്ലപ്പള്ളി രാമചന്ദ്രന്‍ അധ്യക്ഷനായ തെരഞ്ഞെടുപ്പ് സമിതിയ്ക്ക് കൈമാറും. നേരത്തെ കോണ്‍ഗ്രസിലെ ഗ്രൂപ്പ് നേതൃത്വം വീതം വെച്ച് തയ്യാറാക്കിയ കെപിസിസി റിപ്പോര്‍ട്ട് അതൃപ്തി പ്രകടിപ്പിച്ച് ഹൈക്കമാന്‍ഡ് തിരിച്ചയക്കുകയായിരുന്നു. കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും പട്ടികയില്‍ അതൃപ്തി പ്രകടിപ്പിച്ചിരുന്നു.