സംസ്‌കൃതം പഠിച്ചാല്‍ ജോലിയില്ല, അറബി പഠിച്ചാല്‍ ജോലിയുണ്ട്: പ്രയാര്‍ ഗോപാലകൃഷ്ണന്‍

ഹൈന്ദവര്‍ വഴിയില്‍ വച്ച ചെണ്ടപോലെ എല്ലാവര്‍ക്കും കയറി കൊട്ടാനുള്ളതല്ലെന്നും കോണ്‍ഗ്രസ് നേതാവു കൂടിയായ പ്രയാര്‍ ഗോപാലകൃഷ്ണന്‍
സംസ്‌കൃതം പഠിച്ചാല്‍ ജോലിയില്ല, അറബി പഠിച്ചാല്‍ ജോലിയുണ്ട്: പ്രയാര്‍ ഗോപാലകൃഷ്ണന്‍

കൊല്ലം: സംസ്‌കൃതം പഠിച്ചാല്‍ ജോലിയില്ല, അറബി പഠിച്ചാല്‍ ജോലിയുണ്ട് എന്നതാണ് ഇപ്പോഴത്തെ അവസ്ഥയെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍. ഹൈന്ദവര്‍ വഴിയില്‍ വച്ച ചെണ്ടപോലെ എല്ലാവര്‍ക്കും കയറി കൊട്ടാനുള്ളതല്ലെന്നും കോണ്‍ഗ്രസ് നേതാവു കൂടിയായ പ്രയാര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു. കേരള ബ്രാഹ്മണസഭ സംസ്ഥാന സമ്മേളത്തിന്റെ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

അടുത്തിടെ തനിക്ക് ഒരു അറബിക്കോളജില്‍ പോകാന്‍ അവസരം കിട്ടി. അവിടെ തട്ടമിടാത്തതും പൊട്ടു തൊടുന്നതുമായ കുട്ടികളെ കണ്ടു. ഹിന്ദുക്കളായ അവര്‍ എന്തിന് അറബി പഠിക്കുന്നു എന്നു ചോദിച്ചപ്പോള്‍ അവര്‍ പറഞ്ഞത്, അറബി പഠിച്ചാല്‍ വേഗം ടീച്ചറായി ജോലി കിട്ടും എന്നാണ്. സംസ്‌കൃതം പഠിച്ചാല്‍ ജോലിയില്ല, അറബി പഠിച്ചാല്‍ ജോലിയുണ്ട് എന്നതാണ് അവസ്ഥ. 

ബ്രാഹ്മണര്‍ കുട്ടികളെ സംസ്‌കൃതം പഠിപ്പിക്കണമെന്ന് പ്രയാര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു. വേദങ്ങളും ഉപനിഷത്തുക്കളും പഠിപ്പിക്കണം. ന്യൂനപക്ഷ ഭാഷകളുടെ പട്ടികയില്‍ സംസ്‌കൃതത്തെ ഉള്‍പ്പെടുത്തണം. ഹിന്ദുമതം എവിടെയും പഠിപ്പിക്കുന്നില്ല. ആരും പഠിക്കുന്നുമില്ല. ഹിന്ദുമതം പഠിച്ചേ പറ്റൂ. ഹൈന്ദവ ഐക്യം യാഥാര്‍ഥ്യമാവണമെന്നും പ്രയാര്‍ പറഞ്ഞു. 

ശബരിമല ഉള്‍പ്പെടെയുള്ള ക്ഷേത്രങ്ങളില്‍ മതാചാരങ്ങള്‍ പാലിക്കുകയെന്നത് വിശ്വാസികളുടെ ഭരണഘടനാപരമായ അവകാശമാണ്. ഏതു മതത്തില്‍ വിശ്വസിക്കാനും ആ മതങ്ങളുടെ ആചാരങ്ങള്‍ പാലിക്കാനുമുള്ള അവകാശം ഭരണഘടന ഉറപ്പുനല്‍കുന്നുണ്ട്. ശബരിമലയില്‍ സ്ത്രീകള്‍ക്ക് ആരും വിലക്ക് ഏര്‍പ്പെടുത്തിയിട്ടില്ല. നിയന്ത്രണമേ ഉള്ളൂ. ഇതുമായി ബന്ധപ്പെട്ട കേസില്‍ ദേവസ്വം ബോര്‍ഡിനായി സുപ്രിം കോടതിയില്‍ വാദിക്കാന്‍ കെകെ വേണുഗോപാലിനു പുറമേ രാജ്യത്തെ ഏറ്റവും കഴിവുള്ള ചില അഭിഭാഷകര്‍ കൂടിയുണ്ടാവുമെന്ന് പ്രയാര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com