'പാര്‍ട്ടിയുടെയും സര്‍ക്കാരിന്റെയും യശസ്സ് ഉയര്‍ത്തിപ്പിടിക്കാന്‍ ഇ പി ജയരാജന്‍ സ്വമേധയാ രാജിവെക്കുകയായിരുന്നു'; തോമസ് ചാണ്ടി വിഷയത്തില്‍ പരോക്ഷ മറുപടിയുമായി കോടിയേരി ബാലകൃഷ്ണന്‍

By സമകാലിക മലയാളം ഡെസ്‌ക്ക്‌  |   Published: 24th October 2017 11:38 AM  |  

Last Updated: 24th October 2017 11:43 AM  |   A+A-   |  

 

തിരുവനന്തപുരം : തോമസ് ചാണ്ടിക്കെതിരായ ഭൂമി, കായല്‍ കയ്യേറ്റ ആരോപണങ്ങളില്‍ ജില്ലാ കളക്ടര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് സര്‍ക്കാര്‍ പരിശോധിച്ചു വരികയാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. വിഷയത്തില്‍ സര്‍ക്കാര്‍ നിയമപരമായ നടപടി സ്വീകരിക്കും. സര്‍ക്കാരിന് പരിശോധിച്ച് നടപടി എടുക്കാനുള്ള സാവകാശം അനുവദിക്കണമെന്നും കോടിയേരി ആവശ്യപ്പെട്ടു. 

ഇ പി ജയരാജനെതിരെ ആരോപണം ഉയര്‍ന്നപ്പോള്‍, പാര്‍ട്ടിയുടെയും സര്‍ക്കാരിന്റെയും യശസ്സ് ഉയര്‍ത്തിപ്പിടിച്ച് അദ്ദേഹം സ്വമേധയാ രാജിവെക്കുകയായിരുന്നു. അല്ലാതെ പാര്‍ട്ടി നിര്‍ബന്ധിച്ച് ജയരാജനെ രാജിവെപ്പിച്ചിട്ടില്ലെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. 

തോമസ് ചാണ്ടിക്കെതിരായ ആരോപണങ്ങള്‍ ശരിവെയ്ക്കുന്ന റിപ്പോര്‍ട്ടാണ് ജില്ലാ കളക്ടര്‍ ടി വി അനുപമ റവന്യൂ വകുപ്പിന് സമര്‍പ്പിച്ചിട്ടുള്ളത്. റവന്യൂ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി പി എച്ച് കുര്യന് സമര്‍പ്പിച്ച റിപ്പോര്‍ട്ട് മന്ത്രി ഇ ചന്ദ്രശേഖരന്‍ പരിശോധിച്ച ശേഷം മുഖ്യമന്ത്രിയ്ക്ക് കൈമാറും. തോമസ് ചാണ്ടിക്കെതിരായ റിപ്പോര്‍ട്ടില്‍ റവന്യൂ മന്ത്രി നേരിട്ട് നടപടി സ്വീകരിക്കേണ്ടെന്നും, തീരുമാനം മുഖ്യമന്ത്രിയ്ക്ക് വിടാനും സിപിഐ നേതൃത്വം തീരുമാനിച്ചിരുന്നു.