'പാര്‍ട്ടിലെ യയാതിമാര്‍ യുവാക്കള്‍ക്ക് വഴിമാറി കൊടുക്കണം'; ലീഗിനെ രൂക്ഷമായി വിമര്‍ശിച്ച് എംഎസ്എഫ് പ്രമേയം

ചരിത്രം സൃഷ്ടിക്കേണ്ട യുവാക്കള്‍ യയാതി കോംപ്ലക്‌സില്‍ എരിഞ്ഞ് തീരരുത് എന്ന തലക്കെട്ടിലുള്ള പ്രമേയമാണ് ചരല്‍ക്കുന്ന് ക്യാമ്പ് പാസ്സാക്കിയത്
'പാര്‍ട്ടിലെ യയാതിമാര്‍ യുവാക്കള്‍ക്ക് വഴിമാറി കൊടുക്കണം'; ലീഗിനെ രൂക്ഷമായി വിമര്‍ശിച്ച് എംഎസ്എഫ് പ്രമേയം

തിരുവനന്തപുരം : മുസ്ലീം ലീഗ് നേതൃത്വത്തെ രൂക്ഷമായി വിമര്‍ശിച്ച് എംഎസ്എഫ്. പാര്‍ട്ടിയിലെ യുവാക്കളെ ബോണ്‍സായികളായി നിലനിര്‍ത്തി, തല നരച്ച യുവാക്കള്‍ പാര്‍ലമെന്ററി സ്ഥാനങ്ങള്‍ കയ്യടക്കി വെച്ചിരിക്കുകയാണ്. പാര്‍ട്ടിയിലെ യയാതിമാര്‍ ഇനിയെങ്കിലും യുവാക്കള്‍ക്ക് വഴിമാറി കൊടുക്കണമെന്നും ചരല്‍ക്കുന്ന് ക്യാമ്പില്‍ പാസ്സാക്കിയ പ്രമേയത്തില്‍ എംഎസ്എഫ് ആവശ്യപ്പെട്ടു. 

ചരിത്രം സൃഷ്ടിക്കേണ്ട യുവാക്കള്‍ യയാതി കോംപ്ലക്‌സില്‍ എരിഞ്ഞ് തീരരുത് എന്ന തലക്കെട്ടിലുള്ള പ്രമേയമാണ് ചരല്‍ക്കുന്ന് ക്യാമ്പ് പാസ്സാക്കിയത്. മുസ്ലീം ലീഗ് നേതൃത്വം പാര്‍ലമെന്ററി രംഗത്ത് യുവാക്കള്‍ക്ക് അവസരം നല്‍കുന്നില്ലെന്ന് പ്രമേയം രൂക്ഷമായ ഭാഷയിലാണ് കുറ്റപ്പെടുത്തുന്നത്. 

യൂത്ത് ലീഗ്, എംഎസ്എഫ് സംവിധാനങ്ങളെ ലീഗ് നേതൃത്വം ബോണ്‍സായി മരങ്ങളായി നിര്‍ത്തുകയാണ്. ഇത് മുസ്ലീം ലീഗിന്റെ ഭാവി അപകടത്തിലാക്കുമെന്നും പ്രമേയം ചൂണ്ടിക്കാണിക്കുന്നു. ലീഗിലെ മുതിര്‍ന്ന നേതാക്കള്‍ യയാതിയെ പോലെ പാര്‍ലമെന്ററി മോഹങ്ങളുമായി പറന്നു നടക്കാതെ യുവാക്കള്‍ക്ക് വഴിമാറികൊടുക്കണമെന്നും പ്രമേയത്തില്‍ ആവശ്യപ്പെടുന്നു. 

സിഎച്ചിന്റെ കാലത്ത് 30 വയസ്സില്‍ താഴെയുള്ള നിരവധി നേതാക്കള്‍ക്ക് അവസരം ലഭിച്ചിരുന്നു. എനനാല്‍ അതിന് ശേഷം സി മമ്മൂട്ടിയ്ക്ക് മാത്രമാണ് എംഎസ്എഫ് പ്രസിഡന്റായിരിക്കെ നിയമസഭയില്‍ എത്താന്‍ അവസരം നല്‍കിയത്. പുതിയ കാലത്തില്‍ യുവാക്കളോട് സംവദിക്കാന്‍ 50 കഴിഞ്ഞ തല നരച്ച യുവാക്കളെയാണ് മല്‍സരിപ്പിക്കുന്നതെന്നും പ്രമേയത്തില്‍ പരിഹസിക്കുന്നു. 

വേങ്ങര നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ യുവാക്കള്‍ക്ക് അവസരം നല്‍കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് ലീഗ് പരസ്യമായി രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ലീഗ് വിദ്യാര്‍ത്ഥി സംഘടനയും നേതൃത്വത്തിനെതിരെ പ്രമേയം പാസ്സാക്കിയത്. യുവപ്രാതിനിധ്യം ആവശ്യപ്പെട്ട യൂത്ത് ലീഗ് നേതാവിനെ ലീഗ് നേതൃത്വം പുറത്താക്കിയിരുന്നു. യൂത്ത് ലീഗും, വിദ്യാര്‍ത്ഥി സംഘടനയും ഒരുപോലെ പ്രതിഷേധവുമായി രംഗത്തെത്തിയത് ലീഗ് നേതൃത്വത്തിന് തലവേദനയായി മാറിയിരിക്കുകയാണ്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com