കൊച്ചി മെട്രോ എംഡി ഏലിയാസ് ജോര്‍ജ്ജ് രാജിവെച്ചു; മെട്രോയ്ക്ക് ദുഃഖദിനമെന്ന് ഇ ശ്രീധരന്‍

മെട്രോയുടെ തലപ്പത്തേക്ക് ഇനി പുതു തലമുറ കടന്നുവരട്ടെയെന്ന് ഏലിയാസ് ജോര്‍ജ്ജ്
കൊച്ചി മെട്രോ എംഡി ഏലിയാസ് ജോര്‍ജ്ജ് രാജിവെച്ചു; മെട്രോയ്ക്ക് ദുഃഖദിനമെന്ന് ഇ ശ്രീധരന്‍

കൊച്ചി : കേരളത്തിന്റെ സ്വപ്‌ന പദ്ധതികളിലൊന്നായ കൊച്ചി മെട്രോയുടെ എംഡി സ്ഥാനത്ത് നിന്നും ഏലിയാസ് ജോര്‍ജ്ജ് രാജിവെച്ചു. മെട്രോയുടെ ചൂളം വിളി നഗര ഹൃദയത്തിലേക്ക് എത്തിച്ചതിന്റെ
ചാരിതാര്‍ത്ഥ്യത്തോടെയാണ് ഏലിയാസ് ജോര്‍ജ്ജിന്റെ പടിയിറക്കം. രാജിക്കത്ത് സര്‍ക്കാരിന് കൈമാറിയതായി അദ്ദേഹം അറിയിച്ചു. 

"ഈ മാസം അവസാനത്തോടെ സ്ഥാനമൊഴിയും. രാജിക്കത്ത് സര്‍ക്കാരിന് നല്‍കിയിട്ടുണ്ട്. മെട്രോയുടെ തലപ്പത്തേക്ക് ഇനി പുതു തലമുറ കടന്നുവരട്ടെ"യെന്ന് ഏലിയാസ് ജോര്‍ജ്ജ് പറഞ്ഞു. 

2016 ല്‍ സര്‍വീസില്‍ നിന്ന് വിരമിച്ച ഏലിയാസ് ജോര്‍ജ്ജിന് സര്‍ക്കാര്‍ രണ്ടു വര്‍ഷത്തേക്ക് കൂടി കാലാവധി നീട്ടി നല്‍കുകയായിരുന്നു. അതനുസരിച്ച് ഒരു വര്‍ഷം കൂടി കാലാവധി നിലനില്‍ക്കെയാണ് കെഎംആര്‍എല്ലിന്റെ പടിയിറങ്ങാന്‍ ഏലിയാസ് ജോര്‍ജ്ജ് തീരുമാനിച്ചത്. ഊര്‍ജ്ജ-ഗതാഗത വകുപ്പ് സെക്രട്ടറി, കെഎസ്ഇബി ചെയര്‍മാന്‍ സ്ഥാനങ്ങളിലിരിക്കെ, 2012 ഓഗസ്റ്റിലാണ് ഏലിയാസ് ജോര്‍ജ്ജിനെ കെഎംആര്‍എല്‍ മാനേജിംഗ് ഡയറക്ടറായി സര്‍ക്കാര്‍ നിയമിക്കുന്നത്. 

മെട്രോയുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ കത്തിനിന്ന സമയത്തായിരുന്നു തന്റെ സ്ഥാനമേല്‍ക്കല്‍. മെട്രോയുടെ രൂപരേഖ മാത്രമായിരുന്നു ചുമതലയേല്‍ക്കുന്ന സമയത്ത് ഉണ്ടായിരുന്നത്. എന്നാല്‍ അഞ്ചുവര്‍ഷം കൊണ്ട് ആലുവ മുതല്‍ കൊച്ചി നഗരഹൃദയമായ മഹാരാജാസ് കോളേജ് ഗ്രൗണ്ട് വരെ മെട്രോ സര്‍വീസ് എത്തിക്കാനായി. ഇതില്‍ ഏറെ സന്തോഷമുണ്ട്. ജനതാല്‍പ്പര്യം മുന്‍നിര്‍ത്തിയാണ് പദ്ധതി നടപ്പാക്കിയത്.

മെട്രോ എളുപ്പത്തില്‍ യാഥാര്‍ത്ഥ്യമായതിന് പിന്നിലെ ഒരു പ്രധാനഘടകം ഇ ശ്രീധരനും ഡിഎംആര്‍സിയുമാണ്. ഇ ശ്രീധരന്റെ വിശ്വാസ്യതയും പരിചയവും മെട്രോ യാഥാര്‍ഥ്യമാക്കുന്നതില്‍ നിര്‍ണായകമായി. കൊച്ചി മെട്രോ അടുത്തഘട്ടത്തില്‍ കാക്കനാട്ടേയ്ക്ക് നീട്ടുമ്പോള്‍, ഇ ശ്രീധരനും കൂടെയുണ്ടാകണമെന്നാണ് എല്ലാവരും ആഗ്രഹിക്കുന്നത്. ഉപദേഷ്ടാവായി വേണമെന്ന ആവശ്യം ശ്രീധരനെ അറിയിച്ചിട്ടുണ്ടെന്നും ഏലിയാസ് ജോര്‍ജ്ജ് പറഞ്ഞു. 

മെട്രോ വിപുലീകരണം, ജലമെട്രോ എന്നിവ പൂര്‍ത്തിയാക്കാന്‍ നാലുവര്‍ഷം വേണ്ടിവരും.ജലമെട്രോയ്ക്ക് ബോട്ടുകള്‍ വാങ്ങുന്നതിനുള്ള നടപടികള്‍ തുടരുകയാണ്. തൈക്കൂടംമുതല്‍ പേട്ടവരെയുള്ള സ്ഥലമെടുപ്പ് ഡിസംബര്‍ 15നകം പൂര്‍ത്തിയാക്കാമെന്ന് ജില്ലാ അധികൃതര്‍ അറിയിച്ചിട്ടുണ്ട്. രണ്ടുവര്‍ഷത്തിനുള്ളില്‍ കൊച്ചി ലോകനിലവാരത്തിലുള്ള നഗരമാകും. ഇതില്‍ പ്രധാന പങ്കുവഹിക്കുന്നത് ജലമെട്രോയാകും. തന്റെ ഔദ്യോഗിക ജീവിതത്തില്‍ ഏറ്റവും ആസ്വദിച്ചത് കൊച്ചി മെട്രോയുടെ പ്രവര്‍ത്തനങ്ങളായിരുന്നു. തനിക്ക് വിരമിക്കാനുള്ള നല്ല സമയം ഇതാണെന്നും ഏലിയാസ് ജോര്‍ജ് പറഞ്ഞു. 

അതേസമയം കൊച്ചി മെട്രോ എംഡി സ്ഥാനത്തു നിന്നും ഒഴിയാനുള്ള ഏലിയാസ് ജോര്‍ജ്ജിന്റെ തീരുമാനം ഏറെ ദുഃഖകരമാണെന്ന് ഇ ശ്രീധരന്‍ അഭിപ്രായപ്പെട്ടു. കൊച്ചി മെട്രോയുടെ ദുഃഖദിനമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. 

ഏലിയാസ് ജോര്‍ജ്ജ് സ്ഥാനമൊഴിയുന്നതോടെ, മെട്രോയുടെ തൃപ്പൂണിത്തുറ വരെയുള്ള ഭാഗം, കാക്കനാട്ടേയ്ക്ക് ദീര്‍ഘിപ്പിക്കല്‍, ജലമെട്രോ, ടിക്കറ്റ് ഇതര വരുമാനം കണ്ടെത്താനുള്ള പദ്ധതി രൂപീകരിക്കല്‍ എന്നിവ പുതിയ എംഡിയുടെ ചുമതലയാകും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com