തോമസ് ചാണ്ടിയുടെ കമ്പനി മാര്‍ത്താണ്ഡം കായല്‍ കൈയേറി മണ്ണിട്ട് നികത്തി; കളക്ടറുടെ റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍

സര്‍ക്കാര്‍ പുറമ്പോക്ക് ഭൂമി തോമസ് ചാണ്ടിയുടെ കമ്പനി കൈയേറി. അഞ്ച് സെന്റ് വീതമുള്ള 64 പേരുടെ പട്ടയഭൂമി തോമസ് ചാണ്ടിയുടെ കമ്പനി വാങ്ങിക്കൂട്ടി.
തോമസ് ചാണ്ടിയുടെ കമ്പനി മാര്‍ത്താണ്ഡം കായല്‍ കൈയേറി മണ്ണിട്ട് നികത്തി; കളക്ടറുടെ റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍

കൊച്ചി : മന്ത്രി തോമസ് ചാണ്ടിയുടെ കമ്പനി മാര്‍ത്താണ്ഡം കായല്‍ കൈയേറി മണ്ണിട്ട് നികത്തിയെന്ന് ആലപ്പുഴ ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ട്. ഹൈക്കോടതിയിലാണ് കളക്ടര്‍ ടി വി അനുപമ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. സര്‍ക്കാര്‍ പുറമ്പോക്ക് ഭൂമി തോമസ് ചാണ്ടിയുടെ കമ്പനി കൈയേറി. അഞ്ച് സെന്റ് വീതമുള്ള 64 പേരുടെ പട്ടയഭൂമി തോമസ് ചാണ്ടിയുടെ കമ്പനി വാങ്ങിക്കൂട്ടി. അതില്‍ 11 എണ്ണം മാത്രമേ പരിശോധിക്കാനായുള്ളൂ. ബാക്കി 53 എണ്ണം പരിശോധിക്കാനുണ്ട്. ഭൂമിയുമായി ബന്ധപ്പെട്ട ഫയലുകള്‍ കാണാനില്ലെന്നും കളക്ടര്‍ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. 

സ്‌റ്റേറ്റ് അറ്റോര്‍ണി സോഹന്‍ മുഖേന നാലുപേജുള്ള റിപ്പോര്‍ട്ടാണ് ആലപ്പുഴ ജില്ലാ കളക്ടര്‍ ടി വി അനുപമ സമര്‍പ്പിച്ചത്. തോമസ് ചാണ്ടി കൈയേറിയ ഭൂമി ഡാറ്റ ബാങ്കില്‍ ഉള്‍പ്പെട്ട ഭൂമിയായിരുന്നില്ല. മാര്‍ത്താണ്ഡം കായലിന്റെ ഭാഗമായിരുന്നു. ഇക്കാര്യം 2011 ല്‍ അന്വേഷണം നടത്തിയിരുന്നു. എന്നാല്‍ എന്തു നടപടി സ്വീകരിച്ചു എന്നതിനെക്കുറിച്ച് അറിയില്ല. അക്കാലത്തെ രേഖകള്‍ കാണാനില്ല. അതിനാല്‍ പരിശോധനകള്‍ അപൂര്‍ണ്ണമായി നില്‍ക്കുകയാണെന്നും കളക്ടര്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. 

ഭൂമിയിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് സ്റ്റോപ്പ് മെമ്മോ നല്‍കി നിര്‍ത്തിവെച്ചിരിക്കുകയാണ്. ഭൂമി അളന്നു തിട്ടപ്പെടുത്താന്‍ സര്‍വേ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. പരിശോധനകള്‍ പൂര്‍ത്തിയായശേഷം മാത്രമേ തുടര്‍നടപടി സ്വീകരിക്കാനാകൂ എന്നും റിപ്പോര്‍ട്ടില്‍ കളക്ടര്‍ ചൂണ്ടിക്കാട്ടുന്നു. കായലില്‍ 26 ലോഡ് മണ്ണിറക്കി പുറമ്പോക്ക് അടക്കം നികത്തി. കാര്‍ഷിക ആവശ്യത്തിന് നല്‍കിയ ഭൂമി അടക്കം തോമസ് ചാണ്ടി വാങ്ങിയിട്ടുണ്ട്. കൈയേറ്റത്തില്‍ വിശദമായ അന്വേഷണം വേണമെന്നും റിപ്പോര്‍ട്ടില്‍ കളക്ടര്‍ ചൂണ്ടിക്കാട്ടുന്നു. 

അതിനിടെ തോമസ് ചാണ്ടിക്കെതിരായ കളക്ടറുടെ റിപ്പോര്‍ട്ടില്‍ അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം തേടാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തീരുമാനിച്ചു. എജിയോട് മുഖ്യമന്ത്രി ഉപദേശം തേടിയിട്ടുണ്ട്. റവന്യൂ പ്രന്‍സിപ്പല്‍ സെക്രട്ടറി പിഎച്ച് കുര്യന്റെ നിര്‍ദേശം പരിഗണിച്ചാണ് മുഖ്യമന്ത്രിയുടെ നടപടി. കളക്ടറുടെ റിപ്പോര്‍ട്ട് ഗൗരവമേറിയതാണെന്നും, കൈയേറ്റത്തിനെതിരെ സര്‍ക്കാര്‍ ശക്തമായ നടപടി എടുക്കണമെന്നുമായിരുന്നു റവന്യൂമന്ത്രി മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടത്. ഇത് തള്ളിയാണ് നിയമോപദേശം തേടാന്‍ മുഖ്യമന്ത്രി തീരുമാനിച്ചത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com