തോമസ് ചാണ്ടിയുടെ ഭൂമി കൈയേറ്റത്തില്‍ 10 ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കണം; സര്‍ക്കാരിനോട് കോടതി

രണ്ടാഴ്ച സമയം നല്‍കണമെന്ന വിജിലന്‍സിന്റെ ആവശ്യം കോടതി തള്ളി
തോമസ് ചാണ്ടിയുടെ ഭൂമി കൈയേറ്റത്തില്‍ 10 ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കണം; സര്‍ക്കാരിനോട് കോടതി

കോട്ടയം : ഗതാഗതമന്ത്രി തോമസ് ചാണ്ടിയുടെ ഭൂമി കൈയേറ്റത്തില്‍ 10 ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്ന് കോടതി. കോട്ടയം വിജിലന്‍സ് കോടതിയാണ് സര്‍ക്കാരിന് നിര്‍ദേശം നല്‍കിയത്. രണ്ടാഴ്ച സമയം നല്‍കണമെന്ന വിജിലന്‍സിന്റെ ആവശ്യം കോടതി തള്ളി. 

ജനതാദള്‍ എസ് ആലപ്പുഴ ജില്ലാ സെക്രട്ടറി സുഭാഷ് നല്‍കിയ പരാതിയിലാണ് കോടതി നിര്‍ദേശം. തോമസ് ചാണ്ടിയുടെ റിസോര്‍ട്ടിലേക്ക് റോഡ് നിര്‍മ്മിച്ചത് അനധികൃതമായി ഭൂമി കൈയേറി മണ്ണിട്ട് നികത്തിയാണെന്നാണ് പരാതിയില്‍ ഉന്നയിച്ചിട്ടുള്ളത്. 

തോമസ് ചാണ്ടിയുടെ ഭൂമി കൈയേറ്റത്തില്‍ വിശദമായ അന്വേഷണം വേണമെന്ന് കളക്ടര്‍ ടിവി അനുപമ റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. വെള്ളം കയറിക്കിടക്കുന്നതിനാല്‍ വിശദമായ പരിശോധന നടത്താനായില്ല. മാര്‍ത്താണ്ഡം കായലില്‍ 64 പ്ലോട്ടുകളിലായി 11 എണ്ണം മാത്രമേ പരിശോധിക്കാന്‍ സാധിച്ചുള്ളൂ. തുടര്‍ പരിശോധനയ്ക്ക് വി്‌ല്ലേജ് ഓഫീസറെ ചുമതലപ്പെടുത്തി. സര്‍വേ റിപ്പോര്‍ട്ടിന് ശേഷം മാത്രമേ തുടര്‍ നടപടിയെടുക്കാനാകൂ. കായലില്‍ 26 ലോഡ് മണ്ണിറക്കി പുറമ്പോക്ക് അടക്കം നികത്തി. കാര്‍ഷിക ആവശ്യത്തിന് നല്‍കിയ ഭൂമി അടക്കം തോമസ് ചാണ്ടി വാങ്ങിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ കളക്ടര്‍ ചൂണ്ടിക്കാട്ടുന്നു. 

അതിനിടെ തോമസ് ചാണ്ടിക്കെതിരായ കളക്ടറുടെ റിപ്പോര്‍ട്ടില്‍ അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം തേടാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തീരുമാനിച്ചു. എജിയോട് മുഖ്യമന്ത്രി ഉപദേശം തേടിയിട്ടുണ്ട്. റവന്യൂ പ്രന്‍സിപ്പല്‍ സെക്രട്ടറി പിഎച്ച് കുര്യന്റെ നിര്‍ദേശം പരിഗണിച്ചാണ് മുഖ്യമന്ത്രിയുടെ നടപടി. കളക്ടറുടെ റിപ്പോര്‍ട്ട് ഗൗരവമേറിയതാണെന്നും, കൈയേറ്റത്തിനെതിരെ സര്‍ക്കാര്‍ ശക്തമായ നടപടി എടുക്കണമെന്നുമായിരുന്നു റവന്യൂമന്ത്രി മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടത്. ഇത് തള്ളിയാണ് നിയമോപദേശം തേടാന്‍ മുഖ്യമന്ത്രി തീരുമാനിച്ചത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com