അടിയന്തരാവസ്ഥ കടന്നതാണ്, പിന്നെയാണോ സംഘപരിവാര്‍; തീയറ്ററുകളിലെ ദേശീയഗാന വിധിക്കെതിരെ ഹര്‍ജി പോയ കൊടുങ്ങല്ലൂര്‍ ഫിലിം സൊസൈറ്റി പറയുന്നു

അടിയന്തരാവസ്ഥ കടന്നതാണ്, പിന്നെയാണോ സംഘപരിവാര്‍; തീയറ്ററുകളിലെ ദേശീയഗാന വിധിക്കെതിരെ ഹര്‍ജി പോയ കൊടുങ്ങല്ലൂര്‍ ഫിലിം സൊസൈറ്റി പറയുന്നു

തീയറ്ററുകളില്‍ ദേശീയഗാനം കേള്‍പ്പിക്കണമെന്ന വിവാദ സുപ്രീംകോടതി വിധിയ്‌ക്കെതിരെ അപ്പീല്‍ പോയതിലൂടെ വ്യാപക സംഘപരിവാര്‍ നുണ പ്രചാരണങ്ങള്‍ക്കും ആക്രമണങ്ങള്‍ക്കും വിധേയമായ സംഘടനയാണ് കൊടുങ്ങല്ലൂര്‍ ഫിലിം സൊസൈറ്റി. സിനിമ തീയറ്ററുകളില്‍ ദേശസ്‌നേഹം അടിച്ചേല്‍പ്പിക്കുന്ന വിധിക്കെതിരെ ആദ്യം കോടതിയെ സമീപിച്ചതിന്റെ പേരില്‍ അടിയന്തരാവസ്ഥയേയും അതിജീവിച്ച ഈ സംഘടനയ്ക്ക് നേരെ സംഘപരിവാര്‍ നടത്തിയ സംഘടിത ആക്രമണം ചെറുതൊന്നുമല്ല. ഇപ്പോള്‍ രാജ്യത്തെ സിനിമാ തീയറ്ററുകളില്‍ പ്രദര്‍ശനത്തിനു മുമ്പായി ദേശീയഗാനം കേള്‍പ്പിക്കണമെന്ന ഉത്തരവ് പുനഃപരിശോധിക്കുമെന്ന ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡിന്റെ പരാമര്‍ശം വലിയ പ്രതീക്ഷയ്ക്ക് വകതരുന്നില്ലെങ്കിലും കൊടുങ്ങല്ലൂര്‍ ഫിലിം സൊസൈറ്റിയുടെ പ്രവര്‍ത്തകര്‍ക്ക് ചെറിയ സന്തോഷങ്ങള്‍ക്ക് കാരണമാകുന്നതാണ്. ഭീഷണികള്‍ക്കും സംഘടിത വ്യക്തികള്‍ക്കും നടുവില്‍ പതാറാതെ പോരാടി നേടിയ വിജയത്തിന്റെ മധുരമുണ്ട് ഈ കോടതി പരാമര്‍ശത്തിന്.

2016 നവംബര്‍ 30നാണ് തീയറ്ററുകളില്‍ ദേശീയ ഗാനം കേള്‍പ്പിക്കണം എന്ന് സുപ്രീംകോടതി ഉത്തരവിടുന്നത്. കോടതി വിധി വന്നതിന് ശേഷം ഐഎഫ്എഫ്‌കെ ഉള്‍പ്പെടെയുള്ള ഫിലിം ഫെസ്റ്റിവലുകള്‍ നടക്കാനിരിക്കുന്ന ഫെസ്റ്റിവലുകളെ വിധി പ്രതികൂലമായി ബാധിക്കും എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു സംഘടന കോടതിയെ സമീപിച്ചത്. എന്നാല്‍ കൊടുങ്ങല്ലൂര്‍ ഫിലിം സൊസൈറ്റി ദേശവിരുദ്ധരുടെ കൂട്ടമാണെന്നും മാവോയിസ്റ്റുകളാണ് നേതൃത്വം നല്‍കുന്നതെന്നും സംഘപരിവാര്‍ സംഘടനകളുടെ ബാഗത്ത് നിന്ന് വ്യാപക പ്രചാരണമുണ്ടായി. സംഘടന പ്രവര്‍ത്തകര്‍ക്ക് നേരെ നിരന്തരം ഫോണിലൂടെയും മറ്റും ഭീഷണികള്‍ വന്നു. നാടു നീളെ ദേശവിരുദ്ധരായി ചിത്രീകരിച്ച് പോസ്റ്ററുകളും ഫഌക്‌സുകളും സ്ഥാപിച്ചു. ഇതിലൊന്നും ഭയക്കാതെ മമുന്നോട്ടുപോയതിന്റെ ഫലമാണ് ഇപ്പോള്‍ ചെറുതായെങ്കിലും ആശ്വാത്തിന് വകതരുന്ന കോടതി പരാമര്‍ശങ്ങളിലേക്കെത്തിച്ചതെന്ന് സംഘടന പ്രവര്‍ത്തകര്‍ പറയുന്നു. 

ദേശീയഗാനം ബഹുമാനിക്കപ്പടേണ്ടതാണെന്ന് അവരെക്കാള്‍ നന്നായി ഞങ്ങള്‍ക്കറിയാം, ഫിലിം ഫെസ്റ്റിവലിന്റെ സമയത്ത് 12 തീയറ്ററുകളിലായി അഞ്ച് ഷോകളാണ് നടക്കുന്നത്. ഇങ്ങനെ എല്ലാ ചിത്രങ്ങള്‍ക്ക് മുമ്പും ദേശീയ ഗാനം ഇടുന്നതിലെ അപ്രായോഗികതയാണ് ഞങ്ങള്‍ ചോദ്യം ചെയ്തത്, പക്ഷേ ഞങ്ങള്‍ ദേശദ്രോഹികളാണ് എന്ന തരത്തില്‍ ചിത്രീകരിക്കപ്പെട്ടു, കൊടുങ്ങല്ലൂര്‍ ഫിലിം സൊസൈറ്റി സെക്രട്ടറി റിജോയ് സമകാലിക മലയാളത്തോട് പറഞ്ഞു. 

ഹര്‍ജി പോയതിന് പിന്നാലെ വലിയ ആക്രമണമാണ് സംഘപരിവാറിന്റെ ഭാഗത്ത് നിന്ന് ഇവര്‍ക്കെതിരെ ഉയര്‍ന്നത്. മാവോയിസ്റ്റ് തീവ്രവാദികളായി ചിത്രീകരിച്ച് ഫഌക്‌സുകള്‍ സ്ഥാപിച്ചു. സംഘടനാ പ്രവര്‍ത്തകരെ നേരിട്ടും ഫോണിലൂടെയും ഭീഷണിപ്പെടുത്തി. ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചവരെ ഭീഷണിപ്പെടുത്തി. സംഘടന പ്രവര്‍ത്തകരേയും കുടുംബങ്ങളേയും സമൂഹത്തില്‍ ഒറ്റപ്പെടുത്താനുള്ള ശ്രമങ്ങള്‍ നടന്നു.പ്രതിഷേധങ്ങള്‍ സംഘടിപ്പിച്ചവര്‍ പൊലീസിന്റെയും സംഘപരിവാറിന്റെയും നോട്ടപ്പുള്ളികളായി.

ഫണ്ടമെന്റല്‍ റൈറ്റ്‌സിന്റെ ലംഘനം നടക്കുമ്പോള്‍ ഉണ്ടാകുന്ന റിട്ട് ഹര്‍ജികളുടെ മുകളില്‍ വിധി പ്രസ്താവിക്കുന്നത് പോലെയാണ് അന്ന് ദീപക്മിശ്ര ഈ വിധി പ്രസ്താവിച്ചത്. അതിന് നിയമപരമായി സാധുതയില്ലായെന്ന് ഞങ്ങള്‍ക്ക് നിയമോപദേശം ലഭിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ക്കൂടിയാണ് സുപ്രംകോടതിയില്‍ ഹര്‍ജിക്ക് പോകുന്നത്. ഹര്‍ജി പോയി കഴിഞ്ഞപ്പോഴാണ് പുരോഗമന സമൂഹമമെന്ന് പറയുന്ന നമ്മുടെ നാട്ടിലും സംഘപരിവാര്‍ ഇത്രയും സ്വാധീനമുള്ള സംഘടനയാണ് എന്ന് മനസ്സിലായത്. 

സംഘടനനയിലെ മുസ്‌ലിം നാമധാരികളെയെല്ലാം അവര്‍ മുസ്‌ലിം ഭീകരവാദികളായി ചിത്രീകരിച്ചു. ബാക്കിയുള്ളവരെ അവര്‍ മാവോയിസ്റ്റുകളാക്കി. അതിനായി അവര്‍ കണ്ടുപിടിച്ച വാദം മുമ്പ് നക്‌സലൈറ്റ് പ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്ന ചിലര്‍ ഞങ്ങളുടെ സംഘടനയില്‍ പ്രവര്‍ത്തിക്കുന്നുവെന്നാണ്. 

മൂന്നുതവണ മികച്ച ഫിലിം സൊസൈറ്റിയ്ക്കുള്ള പുരസ്‌കാരം ലഭിച്ച സംഘടനയാണിത്. കലാ,സാംസ്‌കാരിക,രാഷ്ട്രീയ രംഗത്ത് കൃത്യമായ നിലപാടെടുത്ത് പ്രവര്‍ത്തിക്കുന്ന സംഘടന. അതിനെ കരിവാരി തേയ്ച്ച് അത് മുന്നോട്ടുവെയ്ക്കുന്ന ആശയങ്ങളെ ഇല്ലാതാക്കാനാണ് സംഘപരിവാരം ശ്രമിച്ചത്, ദേശീയതയും ദേശസ്‌നേഹവും വര്‍ധിപ്പിക്കാന്‍ ശരിയായ ചരിത്രത്തെ ജനങ്ങളിലേക്ക് എത്തിച്ചാല്‍ മാത്രം മതിയാകും, അല്ലാതെ അടിച്ചേല്‍പ്പിക്കലുകള്‍ കൊണ്ട് ഒരു രാജ്യത്തും ദേശസ്‌നേഹം വളര്‍ത്താന്‍ സാധിക്കില്ല. റിജോയ് പറയുന്നു. 

വിഷയത്തിന് ശേഷം വെള്ളിയാഴ്ചതോറും സൊസാറ്റി നടത്തുന്ന സിനിമ പ്രദര്‍ശനം കാണാന്‍ പോകരുത്,ദേശവിരുദ്ധ സിനിമകളാണ് സംഘടന പ്രദര്‍ശിപ്പിക്കുന്നത് എന്ന പ്രചാരണവുമുണ്ടായി. 

രാഷ്ട്രീയ,രാഷ്ട്രീയേതര സംഘടനകളില്‍ നിന്നും പൊതുസമൂഹത്തില്‍ നിന്നും വലിയ പിന്തുണയാണ് കൊടുങ്ങല്ലൂര്‍ ഫിലിം സൊസൈറ്റിയ്ക്ക് സംഘപരിവാര്‍ ആക്രമണങ്ങളെ ചെറുത്ത് തോല്‍പ്പിക്കാന്‍ ലഭിച്ചത്. സംഘടനയുടെ രക്ഷാധകാരികൂടിയായ ചലച്രിത അക്കാദമി ചെയര്‍പേഴ്‌സണ്‍ കമലിനെ കമാലുദ്ദീനാക്കി സംഘടപരിവാര്‍ ചിത്രീകരിക്കുന്നത് കൊടുങ്ങല്ലൂര്‍ ഫിലിം സൊസൈറ്റി സംഘടിപ്പിച്ച സംഘപരിവാര്‍ വിരുദ്ധ പരിപാടിയില്‍ പങ്കെടുത്തതിന് ശേഷമാണ്. 

സംഘപരിവാര്‍ ഭീഷണികള്‍ക്കെതിരെ കൊടുങ്ങല്ലൂര്‍ ഫിലിം സൊസൈറ്റി സംഘടിപ്പിച്ച പ്രതിഷേധ പരിപാടി

സംഘപരിവാര്‍ ഭീഷണിയ്‌ക്കെതിരെ ഇരുള്‍വിഴുങ്ങും മുന്നേ എന്ന പേരില്‍ കൊടുങ്ങല്ലൂര്‍ ഫിലിം സൊസൈറ്റി സംഘടിപ്പിച്ച പ്രതിഷേധ പരിപാടി വലിയ വിജയമായിരുന്നു. പതിനായിരക്കണക്കിന് ആളുകളാണ് അന്ന് ഈ പരിപാടിയില്‍ പങ്കെടുക്കാന്‍ കൊടുങ്ങല്ലൂരില്‍ ഒത്തുകൂടിയത്.
ഇത് സംഘപരിവാരത്തിനെ വെറളിപിടിപ്പിച്ചിരുന്നു. അതിനുപിന്നാലെയാണ് ആക്രമണം ശക്തമായത്.  ഈ പരിപാടിയില്‍ വെച്ചിരുന്ന കമലിന്റെ ഫഌക്‌സില്‍ സംഘപരിവാര്‍ ചാണകം കലക്കിയൊഴിച്ചു. വ്യാപക പോസ്റ്റര്‍ പ്രാചാരണങ്ങളുണ്ടായി. കമലിന്‌റെ വീടിന് മുന്നില്‍ ദേശീയഗാനം പാടി പ്രതിഷേധം സംഘടിപ്പിച്ചും മറ്റും സംഘപരിവാര്‍ പ്രവര്‍ത്തകര്‍ അസഹിഷ്ണുത പ്രകടിപ്പിച്ചു.

ആദ്യമായല്ല സംഘപരിവാര്‍ കൊടുങ്ങല്ലൂര്‍ ഫിലിം സൊസൈറ്റിയെ ആക്രമിക്കുന്നത്. കശ്മീരില്ലാത്ത ഇന്ത്യയുടെ ഭൂപടം ചിത്രീകരിച്ച ടര്‍ക്കിഷ് സിനിമ പ്രദര്‍ശിപ്പിച്ചു എന്ന് ആരോപിച്ചാണ് നേരത്തെ സംഘപരിവാര്‍ രംഗത്തെത്തിയത്. എന്നാല്‍ അവര്‍ പറഞ്ഞ മസ്റ്റാംഗ് എന്ന ചിത്രത്തില്‍ അത്തരമൊരു രംഗം തന്നെയുണ്ടായിരുന്നില്ല. 

1974ലാണ് സംഘടന രൂപംകൊള്ളുന്നത്. ആദ്യകാല പ്രവര്‍ത്തകരില്‍ ഭൂരിഭാഗവും നക്‌സലൈറ്റ് പ്രസ്ഥാനത്തില്‍ വിശ്വസിക്കുന്നവരായിരുന്നു. 1975ല്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചപ്പോള്‍ സംഘടനയുടെ പ്രവര്‍ത്തകരില്‍ പലരും ജയിലിടക്കപ്പെട്ടു. ചിലര്‍ ഒളിവില്‍ പോയി. വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും മുറികൂടിയ സംഘടന ഒരുപാട് പ്രതിസന്ധികള അഭിമുഖീകരിച്ചാണ് കേരളത്തിലെ ഏറ്റവും നല്ല സൊസൈറ്റി എന്ന തലയെടുപ്പോടെ ഇപ്പോള്‍ നിലനില്‍ക്കുന്നത്.

കേസ് അവസാന വിധി പറയാന്‍ വേണ്ടി ജനുവരി ഒമ്പതിലേക്ക് മാറ്റിയിരിക്കുകയാണ്. തീയറ്ററുകളില്‍ ദേശീയഗാനം കേള്‍പ്പിക്കണം എന്ന് വിധി പറഞ്ഞ ജഡ്ജിയാണ് ഇന്ന് ഇന്ത്യയുടെ ചീഫ്‌ ജസ്റ്റീസ്. അദ്ദേഹം അധ്യക്ഷനായ ബെഞ്ചിലെ ഒരു ജഡ്ജി മാത്രമാണ് എതിര്‍സ്വരമുയര്‍ത്തി രംഗത്ത് വന്നിരിക്കുന്നത്. ആ അവസരത്തില്‍ കോടതിയില്‍ നിന്ന് വരുന്ന വിധി എത്തരത്തിലായിരിക്കും എന്ന ആശങ്ക ഫിലിം സൊസൈറ്റി പ്രവര്‍ത്തകര്‍ക്കുണ്ട്. എന്നിരുന്നാലും ഭരണകൂടങ്ങള്‍ക്ക് കീഴപ്പെടാതെ, സ്വതന്ത്രമായി ചിന്തിക്കുന്ന ചന്ദ്രചൂഡിനെപ്പോലുള്ള ന്യായാധിപരില്‍ ഇവര്‍ പ്രതീക്ഷയര്‍പ്പിക്കുന്നുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com