മന്ത്രി സുനില്‍കുമാര്‍ കണ്ണുരുട്ടി;  1600 കോടി കാര്‍ഷിക വായ്പ അനുവദിക്കാമെന്ന് എസ്ബിഐ

കേരളത്തിലെ കര്‍ഷകരുടെ ബാങ്കിംഗ് പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുന്നതിനായാണ് എസ്ബിഐ അധികൃതരുമായി കൃഷിവകുപ്പ് ചര്‍ച്ച നടത്തിയത്
മന്ത്രി സുനില്‍കുമാര്‍ കണ്ണുരുട്ടി;  1600 കോടി കാര്‍ഷിക വായ്പ അനുവദിക്കാമെന്ന് എസ്ബിഐ

തിരുവനന്തപുരം:അടുത്ത സാമ്പത്തിക വര്‍ഷം 1600 കോടി രൂപയുടെ കാര്‍ഷിക സാമ്പത്തിക സഹായം കേരളത്തിന് അനുവദിക്കുമെന്ന് എസ്ബിഐ. വായ്പാ കുടിശികയുടെ 50 ശതമാനം ഒരു തവണയായി അടച്ചാല്‍ ബാക്കി തുക ഇളവ് ചെയ്ത് നല്‍കാന്‍ തയ്യാറാണെന്ന് എസ്ബിഐ കൃഷി വകുപ്പ് മന്ത്രി വിഎസ് സുനില്‍കുമാറിനെ അറിയിച്ചു. കൃഷിമന്ത്രിയുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.എസ്ബിഐയുമായി ചേര്‍ന്ന് കൃഷിവകുപ്പ് സഹകരിക്കില്ലെന്ന് വിഎസ് സുനില്‍കുമാര്‍ നിലപാടെടുത്തതിന് പിന്നാലെയാണ് എസ്ബിഐ ചര്‍ച്ചയ്‌ക്കെത്തിയത്. 

നെല്ല് സംഭരണവുമായി എസ്ബിഐ സഹകരിക്കാത്തതിനെത്തുടര്‍ന്ന്, എസ്ബിഐ കര്‍ഷക വിരുദ്ധ നിലപാട് സ്വാകരിച്ചതിനാല്‍ സംസ്ഥാന കൃഷിവകുപ്പിന്റെ എല്ലാ അക്കൗണ്ടുകളും എസ്ബിഐയില്‍ നിന്ന് പിന്‍വലിക്കുമെന്നും അക്കൗണ്ടുകള്‍ മറ്റു ബാങ്കുകളിലേക്ക് മാറ്റും എന്നും മന്ത്രി പറഞ്ഞിരുന്നു. ബാങ്കുകള്‍ക്ക് പിന്നാലെ ജനങ്ങളല്ല പോകേണ്ടതെന്നും ബാങ്കുകള്‍ ജനങ്ങളത്തേടിയാണ് എത്തേണ്ടതെന്നും പറഞ്ഞ സുനില്‍കുമാര്‍ തന്റെ നിലപാട് മാറില്ലെന്നും പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് എസ്ബിഐ കൃഷിവകുപ്പുമായി ചര്‍ച്ച നടത്താനെത്തിയത്. 

നെല്ല് സംഭരണവുമായി ബന്ധപ്പെട്ട് അഞ്ച് ബാങ്കുകളാണ് കൃഷി വകുപ്പുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ കൂടുതല്‍ കര്‍ഷകര്‍ക്കും അക്കൗണ്ട് ഉള്ള എസ്ബിഐ കൃഷിവകുമായി സഹകരിക്കാന്‍ വിസമ്മതിച്ച് നില്‍ക്കുകയായിരുന്നു. കര്‍ഷകര്‍ക്ക് പുതിയ വായ്പകള്‍ അനുവദിക്കണമെന്ന് കൃഷിവകുപ്പ് നിരന്തരം ആവശ്യപ്പെട്ടിട്ടും വായ്പകള്‍ നല്‍കാന്‍ എസ്ബിഐ കൂട്ടാക്കിയിരുന്നില്ല. 

ചര്‍ച്ചയ്ക്ക്‌ ശേഷം കര്‍ഷകരുടെ വായ്പ പദ്ധതികളിലടക്കം എസ്ബിഐ ഇളവുകള്‍ വരുത്തി.വായ്പ പദ്ധതികളുടെ അന്‍പത് ശതമാനം ഒരു തവണയായി അടച്ചുതീര്‍ത്താല്‍ ബാക്കി തുക ഒഴിവാക്കുന്ന കാര്യം എസ്ബിഐ പരിഗണിക്കുമെന്ന് കൃഷിമന്ത്രി വിഎസ് സുനില്‍കുമാര്‍ പറഞ്ഞു. വായ്പ കുടിശിക അടച്ചുതീര്‍ന്നാല്‍ 30 ദിവസത്തിനകം പുതിയ വായ്പ അനുദിക്കുന്ന കാര്യം പരിഗണിക്കുമെന്ന് എസ്ബിഐ അധികൃതരും വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com