പിവി അന്‍വറിന്റ കൈവശം 203 ഏക്കര്‍ കാര്‍ഷികേതര ഭൂമി; തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ രേഖകള്‍ പുറത്ത്

ഭൂപരിധി നിയമമനുസരിച്ച് ഒരു വ്യക്തിക്ക് കൈവശം വെയ്ക്കാവുന്ന പരമാവധി ഭൂമി 15 ഏക്കറാണ്
പിവി അന്‍വറിന്റ കൈവശം 203 ഏക്കര്‍ കാര്‍ഷികേതര ഭൂമി; തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ രേഖകള്‍ പുറത്ത്

മലപ്പുറം : പി വി അന്‍വര്‍ എംഎല്‍എ ഭൂപരിധി നിയമം ലംഘിച്ചെന്ന് വിവരാവകാശ രേഖകള്‍ വെളിപ്പെടുത്തുന്നു. അന്‍വറിന്റെ കൈവശം 203.34 ഏക്കര്‍ ഭൂമിയുണ്ടെന്നാണ് വെളിപ്പെടുത്തല്‍. തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ സത്യവാങ്മൂലത്തില്‍ പി വി അന്‍വര്‍ തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്.  സംസ്ഥാനത്തെ ഭൂപരിധി നിയമമനുസരിച്ച് ഒരു വ്യക്തിക്ക് കൈവശം വെയ്ക്കാവുന്ന പരമാവധി ഭൂമി 15 ഏക്കറാണ്. എന്നാല്‍ 203 ഏക്കറിലധികം ഭൂമി തന്റെ കൈവശമുണ്ടെന്നാണ് അന്‍വര്‍ തെരഞ്ഞെടുപ്പ്  കമ്മീഷനെ അറിയിച്ചിട്ടുള്ളത്. 

2014ലും 2016 ലും തെരഞ്ഞെടുപ്പ് കമ്മീഷന് സമര്‍പ്പിച്ച രേഖകളാണ് പുറത്തായത്. പെരുമണ്ണ, തൃക്കലങ്ങോട്, കൂടരഞ്ഞി തുടങ്ങി നിരവധി ഇടങ്ങളിലായി, വിവിധ സര്‍വേ നമ്പറുകളിലായി 203 ഏക്കറിലധികം ഭൂമി ഉള്ളതായാണ് സത്യവാങ്മൂലത്തിനൊപ്പം സമര്‍പ്പിച്ച രേഖയില്‍ അന്‍വര്‍ അറിയിച്ചിട്ടുള്ളത്. രേഖയില്‍ ഭൂമിയുടെ കണക്കുകളെല്ലാം ചതുരശ്ര അടിയിലാണ് സമര്‍പ്പിച്ചിട്ടുള്ളത്. ഏറ്റവും കൂടുതല്‍ ഭൂമി തൃക്കലങ്ങോടാണ്. അവിടെ 8,49,478 ചതുരശ്ര അടി ഭൂമിയുണ്ടെന്ന് അന്‍വര്‍ വെളിപ്പെടുത്തുന്നു. ഭൂമിയെല്ലാം സ്വന്തം എന്ന കോളത്തിലാണ് അന്‍വര്‍ രേഖപ്പെടുത്തിയിട്ടുള്ളത്. 

ഈ രേഖകള്‍ അനുസരിച്ച് കഴിഞ്ഞ രണ്ടു തെരഞ്ഞെടുപ്പുകളിലും അന്‍വര്‍ സംസ്ഥാനത്തെ ഭൂനിയമം ലംഘിച്ചാണ് മല്‍സരിച്ചതെന്ന് വ്യക്തമാകുന്നു. ഭൂ മാഫിയയെ ചെറുക്കാനായി ഇഎംഎസ് സര്‍ക്കാരിന്റെ കാലത്ത് കൊണ്ടുവന്നതാണ് ഒരു വ്യക്തിക്ക് കൈവശം വെയ്ക്കാവുന്ന ഭൂമി 15 ഏക്കര്‍ എന്നുള്ളത്. ഇതോടെ ഭൂപരിധി നിയമം ലംഘിച്ച് അന്‍വര്‍ കൈവശം സൂക്ഷിച്ചിട്ടുള്ള 188 ഏക്കര്‍ ഭൂമി സര്‍ക്കാരിന് തിരിച്ചു പിടിക്കാവുന്നതാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com