ഷെറിന്‍ മാത്യുവിന് യാതൊരു ആരോഗ്യപ്രശ്ങ്ങളുമില്ലായിരുന്നെന്ന് അനാഥാലയം അധികൃതര്‍

കുട്ടിക്ക് ആരോഗ്യപ്രശ്‌നങ്ങള്‍ ഉള്ളതുകൊണ്ട് ഉറക്കത്തില്‍ എഴുന്നേല്‍പ്പിച്ച് ഭക്ഷണം കൊടുക്കേണ്ടതുണ്ടെന്നാണ് വെസ്ലി മാത്യു മൊഴി നല്‍കിയിരുന്നത്. 
ഷെറിന്‍ മാത്യുവിന് യാതൊരു ആരോഗ്യപ്രശ്ങ്ങളുമില്ലായിരുന്നെന്ന് അനാഥാലയം അധികൃതര്‍

ന്യൂയോര്‍ക്ക്: യുഎസില്‍ മലയാളി ബാലിക ഷെറിന്‍ മാത്യുവിന്റെ ദുരൂഹമരണവുമായി ബന്ധപ്പെട്ട് വളര്‍ത്തു പിതാവ് വെസ്‌ലി മാത്യു അറസ്റ്റിലായതിന് പിന്നാലെ നിര്‍ണ്ണായക വെളിപ്പെടുത്തലുമായി ഓര്‍ഫണേജ് അധികൃതര്‍ രംഗത്ത്. കുട്ടിക്ക് ആരോഗ്യപ്രശ്‌നങ്ങള്‍ ഉള്ളതുകൊണ്ട് ഉറക്കത്തില്‍ എഴുന്നേല്‍പ്പിച്ച് ഭക്ഷണം കൊടുക്കേണ്ടതുണ്ടെന്നാണ് വെസ്ലി മാത്യു ആദ്യം മൊഴി നല്‍കിയിരുന്നത്. 

ഷെറിന് സംസാരിക്കാന്‍ പ്രശ്‌നങ്ങളും വളര്‍ച്ചക്കുറവും ഉണ്ടായിരുന്നു. അതുകൊണ്ട് ഇടയ്ക്കിടെ എഴുന്നേറ്റ് ആഹാരം കൊടുക്കണമായിരുന്നു. പുലര്‍ച്ചെ നാല് മണിക്ക് പാല് കൊടുത്തപ്പോള്‍ കുടിക്കാന്‍ വിസമ്മതിച്ച ഷെറിനെ സഹികെട്ട് വീടിന് പുറത്ത് നിര്‍ത്തി ശിക്ഷിക്കുകയായിരുന്നു എന്നാണ് ആദ്യം വെസ്ലി മൊഴി നല്‍കിയത്. പിന്നീട് ഉറക്കത്തില്‍ എഴുന്നേല്‍പ്പിച്ച് പാല് നല്‍കിയപ്പോള്‍ ഷെറിന്‍ കുടിക്കാന്‍ വിസമ്മതിച്ചെന്നും, നിര്‍ബന്ധിച്ചപ്പോള്‍ ശ്വാസം മുട്ടി മരിച്ചെന്നും വെസ്ലി മൊഴി മാറ്റിപ്പറഞ്ഞിരുന്നു.

എന്നാല്‍ കുട്ടിക്ക് യാതൊരു ആരോഗ്യപ്രശ്‌നങ്ങളും ഉണ്ടായിരുന്നില്ല എന്നാണ് ബാലികാമന്ദിരത്തിന്റെ ഉടമ ബബിത കുമാരി ടെലിവിഷന്‍ ചാനലിനോട് വെളിപ്പെടുത്തിയത്. 'ഇവിടെ ഉണ്ടായിരുന്ന കാലമത്രയും ഈ കുട്ടിക്ക് പ്രശ്‌നങ്ങളൊന്നുമില്ലായിരുന്നു. അവള്‍ ഭക്ഷണം കഴിക്കുമായിരുന്നു' ബബിത പറഞ്ഞു. ബിഹാര്‍ നളന്ദയിലെ ബാലസംരക്ഷണ കേന്ദ്രത്തില്‍ നിന്നും രണ്ടു വര്‍ഷം മുന്‍പാണ് വെസ്ലിയും ഭാര്യ സിനിയും ഷെറിനെ ദത്തെടുത്തിരുന്നത്. 

ഒക്ടോബര്‍ ഏഴിനായിരുന്നു വടക്കന്‍ ടെക്‌സസിലെ റിച്ചര്‍ഡ്‌സണില്‍ നിന്നും ഷെറിനെ കാണാതായത്. എന്നാല്‍ കൂടുതല്‍ ചോദ്യം ചെയ്യലില്‍ കുട്ടി വീട്ടില്‍ വെച്ച് തന്നെ കൊല്ലപ്പെട്ടെന്ന് വെസ്ലി സമ്മതിക്കുകയായിരുന്നു. 

ഷെറിന്‍ മാത്യൂസിന്റെ മൃതദേഹം റിച്ച്മണ്ട് സിറ്റി പൊലീസ് രണ്ടു ദിവസം മുന്‍പ് വീട്ടില്‍നിന്ന് മുക്കാല്‍ കിലോമീറ്റര്‍ അകലെ കലുങ്കിനടിയിലെ ടണലിലാണു മേതദേഹം കണ്ടെത്തിയത്. ഉറക്കത്തില്‍ എഴുന്നേല്‍പ്പിച്ച് പാല് നല്‍കിയപ്പോള്‍ ഷെറിന്‍ കുടിക്കാന്‍ വിസമ്മതിച്ചെന്നും, നിര്‍ബന്ധിച്ചപ്പോള്‍ ശ്വാസം മുട്ടി മരിച്ചെന്നുമാണ് വെസ്ലി അവസാനം നല്‍കിയ മൊഴി. എന്നാല്‍ കുഞ്ഞിന് ആരോഗ്യ പ്രശ്‌നങ്ങളൊന്നുമില്ലെന്ന അനാഥമന്ദിരം ഉടമയുടെ മൊഴി പുറത്ത് വന്നതോടെ ഈ വാദം പൊളിയുകയാണ്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com