ആര്‍എസ്എസുമായി ഒരുകാലത്തും ബന്ധപ്പെട്ടിട്ടില്ല; അനില്‍ അക്കരയുടെ ആരോപണത്തിന് രവീന്ദ്രനാഥിന്റെ മറുപടി

അനില്‍ അക്കര എംഎല്‍എ ഉന്നയിച്ചത് വസ്തുതാവിരുദ്ധമായ കാര്യങ്ങളാണെന്ന് രവീന്ദ്രനാഥ്
ആര്‍എസ്എസുമായി ഒരുകാലത്തും ബന്ധപ്പെട്ടിട്ടില്ല; അനില്‍ അക്കരയുടെ ആരോപണത്തിന് രവീന്ദ്രനാഥിന്റെ മറുപടി

തിരുവനന്തപുരം: ബിജെപിയുമായോ ആര്‍എസുഎസുമായോ ഒരിക്കലും ബന്ധമുണ്ടായിട്ടില്ലെന്ന് വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ്. അനില്‍ അക്കര എംഎല്‍എ ഉന്നയിച്ചത് വസ്തുതാവിരുദ്ധമായ കാര്യങ്ങളാണെന്ന് രവീന്ദ്രനാഥ് പ്രതികരിച്ചു.

ദീന്‍ദയാല്‍ ഉപാധ്യായ ജയന്തി ആഘോഷിക്കുന്നതിന് വിദ്യാഭ്യാസ വകുപ്പ് സര്‍ക്കുലര്‍ ഇറക്കിയ പശ്ചാത്തലത്തിലാണ് വടക്കാഞ്ചേരി എംഎല്‍എയും കോണ്‍ഗ്രസ് നേതാവുമായ അനില്‍ അക്കരെ മന്ത്രിക്കെതിരെ ആരോപണം ഉന്നയിച്ചത്. സി രവീന്ദ്രനാഥ് ആര്‍എസ്എസിന്റെ ശാഖാംഗമായിരുന്നുവെന്നും തൃശൂര്‍ സെന്റ് തോമസ് കോളജില്‍ എബിവിപി ചെയര്‍മാന്‍ സ്ഥാനാര്‍ഥിയായി നാമനിര്‍ദേശ പത്രിക നല്‍കിയിരുന്നുവെന്നുമാണ് അനില്‍ അക്കര ആരോപിച്ചത്. വസ്തുതാ വിരുദ്ധമായ കാര്യങ്ങളാണ് അനില്‍ അക്കര ഉന്നയിക്കുന്നതെന്ന് രവീന്ദ്രനാഥ് പറഞ്ഞു. ഇതില്‍ ശക്തമായി പ്രതിഷേധിക്കുന്നതായും രവീന്ദ്രനാഥ് അറിയിച്ചു. 

'അതൊക്കെ എല്ലാവര്‍ക്കും അറിയാം, പ്രത്യേകിച്ച് വിശദീകരിക്കേണ്ട കാര്യമില്ല' എന്നാണ് വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് ആര്‍എസ്എസ് അംഗമെന്ന ആരോപണം ഉന്നയിച്ചതിനെക്കുറിച്ചു ചോദിച്ചപ്പോള്‍ അനില്‍ അക്കര പ്രതികരിച്ചത്. കൂടുതല്‍ വിശദീകരണം വേണ്ടവര്‍ അന്ന് എസ്എഫ്‌ഐ നേതാവായിരുന്ന സിപി ജോണിനോടു ചോദിച്ചാല്‍ മതിയെന്നും അനില്‍ അക്കരെ സമകാലിക മലയാളത്തോടു പറഞ്ഞു.

ജനസംഘം സ്ഥാപകനായ ദീനദയാല്‍ ഉപാധ്യായയുടെ ജന്മദിനം സംസ്ഥാനത്തെ സ്‌കൂളുകളില്‍ ആഘോഷിക്കാന്‍ നിര്‍ദേശിച്ച് കൊണ്ടുളള പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ വിവാദ സര്‍ക്കുലറിനെ കുറിച്ച് തനിക്ക് അറിയില്ലെന്ന രവീന്ദ്രനാഥിന്റെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് രവീന്ദ്രനാഥ് ആര്‍എസ്എസ് അംഗമാണെന്ന ആരോപണവുമായി അനില്‍ അക്കര രംഗത്തു വന്നത്. കുട്ടിക്കാലത്ത് എറണാകുളം ചേരാനെല്ലൂര്‍ ആര്‍എസ്എസ് ശാഖാ അംഗവും തൃശൂര്‍ സെന്റ് തോമസ് കോളജില്‍ പഠിക്കുന്ന കാലത്ത് എബിവിപിയുടെ ചെയര്‍മാന്‍ സ്ഥാനാര്‍ഥിയുമായിരുന്നു രവീന്ദ്രനാഥ് എന്നാണ് കോണ്‍ഗ്രസ് എംഎല്‍എ ഫെയ്‌സ് ബുക്കില്‍ ആരോപിച്ചത്. ഇതെല്ലാം ശരിയാണെങ്കില്‍ ഇനി എത്ര കാണാനിരിക്കുന്നുവെന്നും എംഎല്‍എയുടെ പോസ്റ്റിലുണ്ട്.
 
ആര്‍എസ്എസുമായുളള ഈ ബന്ധമാണ് പുതിയ വിവാദ സര്‍ക്കുലറില്‍ വെളിവാകുന്നതെന്നാണ് അനില്‍ അക്കരയുടെ കുറ്റപ്പെടുത്തല്‍. സര്‍ക്കുലറിനെക്കുറിച്ച് തനിക്ക് അറിയില്ലെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറുന്ന മന്ത്രിയുടെ ആര്‍എസ്എസ് ബന്ധം ജനത്തെ ബോധ്യപ്പെടുത്താനാണ് ഫേസ് ബുക്ക് പോസ്റ്റ് ഇട്ടതെന്നും അനില്‍ അക്കര സമകാലിക മലയാളത്തോട് പ്രതികരിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com