ജിഎസ്ടി വന്നതോടെ സംസ്ഥാനങ്ങളുടെ അധികാരം പൂര്‍ണമായി കവര്‍ന്നു:തോമസ് ഐസക്ക്

ഔപചാരികമായി വാറ്റിനെ നിയമമാക്കുകയാണ് ഫലത്തില്‍ ജിഎസ്ടി വഴി കേന്ദ്രം ചെയ്തതെന്ന് ധനമന്ത്രി തോമസ് ഐസക്ക് 
ജിഎസ്ടി വന്നതോടെ സംസ്ഥാനങ്ങളുടെ അധികാരം പൂര്‍ണമായി കവര്‍ന്നു:തോമസ് ഐസക്ക്

തിരുവനന്തപുരം: ഔപചാരികമായി വാറ്റിനെ നിയമമാക്കുകയാണ് ഫലത്തില്‍ ജിഎസ്ടി വഴി കേന്ദ്രം ചെയ്തതെന്ന് ധനമന്ത്രി തോമസ് ഐസക്ക്. വാറ്റ് നിലവില്‍ വന്നപ്പോള്‍ തന്നെ സംസ്ഥാനങ്ങളുടെ അധികാരങ്ങള്‍ പ്രയോഗികമായി വളരെ പരിമിതപ്പെട്ടു. എന്നാല്‍ ജിഎസ്ടി യാഥാര്‍ത്ഥ്യമായതോടെ സംസ്ഥാനങ്ങളുടെ അധികാരങ്ങള്‍ പൂര്‍ണമായി കവര്‍ന്നു. അവധാനത ഇല്ലാത്ത കേന്ദ്രസര്‍ക്കാരിന്റെ നടത്തിപ്പ് സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ ദുഷ്‌കരമാക്കിയിരിക്കുകയാണ്. ഇത് രാജ്യത്തെ സ്തംഭനത്തിലേക്ക് നയിച്ചതായും തോമസ് ഐസക്ക് ഫെയ്‌സ് ബുക്ക് പോസ്റ്റില്‍ കുറിച്ചു.  വാറ്റില്‍ ഉണ്ടായിരുന്ന പരിമിതമായ സംസ്ഥാന അവകാശങ്ങള്‍ നിലനിര്‍ത്തികൊണ്ട് ജിഎസ്ടി നടപ്പാക്കാനാവുമോ എന്നാണ് ശ്രമിച്ചത്. എന്നാല്‍ അതിനെ അവഗണിക്കുന്ന നിലപാടാണ് എന്‍ഡിഎ സര്‍ക്കാര്‍ സ്വീകരിച്ചതെന്നും തോമസ് ഐസക്ക് വിശദീകരിച്ചു

ഫെയ്‌സ് ബുക്ക് പോസ്്റ്റിന്റെ പൂര്‍ണരൂപം

'നോട്ടുനിരോധനവും ജി എസ് ടിയും രാജ്യത്തെ എങ്ങിനെ വലയ്ക്കുന്നു' എന്നതായിരുന്നു കേരള യുണിയന്‍ ഓഫ് വര്‍ക്കിംഗ് ജേണലിസ്റ്റുകളുടെ അന്‍പത്തിനാലാമത് സംസ്ഥാനസമ്മേളനവുമായി ബന്ധപ്പെട്ടു മലപ്പുറത്ത് നടന്ന സംവാദത്തിന്റെ പ്രമേയം . പക്ഷെ ചര്‍ച്ച കൂടുതലും ജി എസ് ടിയെ കുറിച്ചായിരുന്നു . ജി എസ് ടി സംസ്ഥാനങ്ങളുടെ അധികാരങ്ങള്‍ കവര്‍ന്നു എന്നതാണ് ഏറ്റവും വലിയ നഷ്ടം. അവധാനത ഇല്ലാത്ത നടത്തിപ്പ് ആവട്ടെ സാമ്പത്തീക പ്രവര്‍ത്തനങ്ങളെ ദുഷ്‌കരമാക്കി സ്തംഭനത്തിലേക്ക് നയിച്ചിരിക്കുകയാണ് .
ജി എസ് ടി സംസ്ഥാനങ്ങളുടെ അധികാരം കവരുന്നത് തടയാമായിരുന്നില്ലേ എന്നതായിരുന്നു ഒരു ചോദ്യം. എന്റെ മറുപടി ഇതായിരുന്നു. വാറ്റ് നിലവില്‍ വന്നപ്പോള്‍ സംസ്ഥാനങ്ങളുടെ അധികാരങ്ങള്‍ പ്രായോഗികമായി വളരെ പരിമിതപ്പെട്ടു. ഇത് ഔപചാരികമായി നിയമമാക്കുകയെ ജി എസ് ടി ചെയ്തിട്ടുള്ളൂ . എന്നാല്‍ വാറ്റില്‍ ഉണ്ടായിരുന്ന പരിമിതമായ സംസ്ഥാന അവകാശങ്ങള്‍ നിലനിര്‍ത്തിക്കൊണ്ട് ജി എസ് ടി നടപ്പാക്കാനാവുമോ എന്നാണ് യു പി എ സര്‍ക്കാരിന്റെ കാലത്ത് ധനമന്ത്രിമാരുടെ കൌണ്‍സില്‍ അധ്യക്ഷന്‍ അസിം ദാസ് ഗുപ്ത വാദിച്ചത്. ഇതിനായി അദ്ധേഹം നാല് നിര്‍ദ്ധേശങ്ങള്‍ ആണ് വച്ചത്.
1. സംസ്ഥാന ജി എസ് ടി യില്‍ ഏകീകൃത നിരക്ക് രാജ്യമെമ്പാടും നടപ്പാക്കുന്നതിന് പകരം ചെറിയ ഒരു ബാന്റിനുള്ളില്‍ നിരക്ക് കൂട്ടാനും കുറയ്ക്കാനും സംസ്ഥാനങ്ങള്‍ക്ക് അധികാരം നല്‍കുക. വാറ്റില്‍ പ്രായോഗികമായി ഇതിനുള്ള അവകാശമേ സംസ്ഥാനങ്ങള്‍ക്ക് ഉണ്ടായിരുന്നുള്ളൂ
2. ജി എസ് ടി വരുമാനത്തിന്റെ അറുപതു ശതമാനം സംസ്ഥാനങ്ങള്‍ക്കും നാല്‍പ്പത് ശതമാനം കേന്ദ്രത്തിനുമായി വിഭജിക്കുക . ഇത് മൂലം സംസ്ഥാനങ്ങളുടെ വിഭവശേഷി കൂടും .
3. ജി എസ് ടി കൌണ്‍സിലില്‍ കേന്ദ്രത്തിനു വീറ്റോ അധികാരം നല്‍കാതിരിക്കുക . ഭൂരിപക്ഷ സംസ്ഥാനങ്ങളും ഒരുമിച്ചു നിലപാടെടുത്താല്‍ അത് തീരുമാനം ആക്കാന്‍ കഴിയും
4. നികുതിദായകരില്‍ ഒന്നരക്കോടിയില്‍ താഴെ വിറ്റുവരുമാനം ഉള്ള മുഴുവന്‍ പേരെയും സംസ്ഥാനത്തിന്റെ പരിധിയില്‍ ആക്കുക . ഇതിനു മുകളില്‍ വിറ്റുവരുമാനം ഉള്ളവരെ ഇരുവരും തുല്യമായി പകുത്തെടുക്കും .
ഈ നിലപാടുകള്‍ ആണ് ജി എസ് ടി കൌണ്‍സിലില്‍ കേരളം സ്വീകരിച്ചിരുന്നത് . അവസാനം പറഞ്ഞ കാര്യം സംസ്ഥാനത്തിന് അനുകൂലമായി തീരുമാനം എടുപ്പിക്കാനും കഴിഞ്ഞു . എന്നാല്‍ ആദ്യം പറഞ്ഞ രണ്ടു കാര്യങ്ങള്‍ തീരുമാനം എടുക്കാതെ നീട്ടിവയ്ക്കുകയാണ് ചെയ്തത്. കഴിഞ്ഞ സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ കൌണ്‍സിലിലെ ബലാബലം അട്ടിമറിക്കപ്പെട്ടു . ഇത് രണ്ടും കേന്ദ്ര താല്‍പ്പര്യം അനുസരിച്ച് തീരുമാനിക്കപ്പെട്ടു. മൂന്നാമത്തേത് ആവട്ടെ ഭരണഘടന ഭേദഗതിയില്‍ തള്ളപ്പെട്ടു.
ഇതാണ് സംഭവിച്ചത് എന്നതായിരുന്നു എന്റെ വിശദീകരണം
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com