ലാവലിന്‍ കേസ് ഇന്ന് സുപ്രീംകോടതിയില്‍; പിണറായി വിജയനെ കുറ്റവിമുക്തനാക്കിയതിനെതിരെ സിബിഐ നല്‍കിയ ഹര്‍ജിയും പരിഗണിച്ചേക്കും

ജഡ്ജിമാരായ എന്‍വി രമണ, അമിതാവ റോയ് എന്നിവരുടെ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്
ലാവലിന്‍ കേസ് ഇന്ന് സുപ്രീംകോടതിയില്‍; പിണറായി വിജയനെ കുറ്റവിമുക്തനാക്കിയതിനെതിരെ സിബിഐ നല്‍കിയ ഹര്‍ജിയും പരിഗണിച്ചേക്കും

ന്യൂഡല്‍ഹി : ലാവലിന്‍ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെ മൂന്നുപേരെ ഒഴിവാക്കിയതുപോലെ, തങ്ങളെയും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് കെഎസ്ഇബി മുന്‍ ഉദ്യോഗസ്ഥരായ ആര്‍ ശിവദാസന്‍, കസ്തൂരംഗ അയ്യര്‍ എന്നിവര്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ജഡ്ജിമാരായ എന്‍വി രമണ, അമിതാവ റോയ് എന്നിവരുടെ ബെഞ്ചാണ് പ്രത്യേകാനുമതി ഹര്‍ജി പരിഗണിക്കുന്നത്. കേസിലെ മൂന്നും നാലു പ്രതികളാണ് ശിവദാസനും, കസ്തൂരിരംഗ അയ്യരും.

കരാര്‍ നിലവില്‍വന്ന  കാലത്ത് വൈദ്യുതി മന്ത്രിയായിരുന്ന ജി കാര്‍ത്തികേയന്‍, കെ.എസ്.ഇ.ബി  ചെയര്‍മാനായിരുന്ന വി രാജഗോപാല്‍ എന്നിവരെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്താതെ, ഉദ്യോഗസ്ഥരായ തങ്ങളെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയത് അനീതിയാണ്. ഒരേ വസ്തുതകളുടെ അടിസ്ഥാനത്തില്‍ വിവിധ പ്രതികളോട് വ്യത്യസ്ത നിലപാട് സ്വീകരിച്ച ഹൈക്കോടതി വിധി അനീതിയാണെന്നും ശിവദാസനും കസ്തൂരിരംഗ അയ്യരും ഹര്‍ജിയില്‍ ആരോപിക്കുന്നു. 

അതിനിടെ പിണറായി വിജയന്‍ ഉള്‍പ്പെടെ മൂന്നു പ്രതികളെ കേസില്‍ നിന്നും ഒഴിവാക്കിയ ഹൈക്കോടതി നടപടിക്കെതിരെ സിബിഐ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കിയിട്ടുണ്ട്. ശിവദാസന്റെയും കസ്തൂരിരംഗ അയ്യരുടെയും ഹര്‍ജികള്‍ പരിഗണിക്കുമ്പോള്‍ സിബിഐ ഇക്കാര്യവും കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തും. കേസിന് ഇടയാക്കിയ കാലത്ത് വൈദ്യുതി മന്ത്രിയായിരുന്ന പിണറായി വിജയനെ കൂടാതെ, ഊര്‍ജ വകുപ്പ് മുന്‍ സെക്രട്ടറി കെ മോഹനചന്ദ്രന്‍, മുന്‍ ജോയിന്റ് സെക്രട്ടറി എന്നിവരെയാണ് ഹൈക്കോടതി കുറ്റവിമുക്തരാക്കിയത്.

ഓഗസ്റ്റ് 23 നാണ് പിണറായിയെ കുറ്റവിമുക്തനാക്കി ജസ്റ്റിസ് പി ഉബൈദിന്റെ ബെഞ്ച് വിധി പുറപ്പെടുവിച്ചത്. കേസില്‍ പിണറായിയെ തെരഞ്ഞെുപിടിച്ച് പ്രതിയാക്കുകയായിരുന്നെന്നും, വൈദ്യുതി ബോര്‍ഡ് കൊണ്ടുവന്ന പദ്ധതിയ്ക്ക് മന്ത്രി എങ്ങനെ കുറ്റക്കാരനാകും എന്നുമായിരുന്നു കോടതിയുടെ നിരീക്ഷണം. ഹൈക്കോടതി വിധിക്കെതിരെ രണ്ടു മാസത്തിന് ശേഷമാണ് സിബിഐ അപ്പീല്‍ നല്‍കുന്നത്. 

പിണറായി വിജയന്‍ അടക്കമുള്ള പ്രതികളെ വിചാരണ പോലും നേരിടാതെ കുറ്റവിമുക്തരാക്കിയത് ശരിയായില്ല. എസ്എന്‍സി ലാവലിനുമായുള്ള കരാറുമായി ബന്ധപ്പെട്ട് ഭരണതലത്തില്‍ നിന്നുള്ള അനുമതിയില്ലാതെ ഉദ്യോഗസ്ഥര്‍ക്ക് മാത്രം തീരുമാനമെടുക്കാനാകില്ല. വൈദ്യുതി മന്ത്രിയായിരുന്ന പിണറായി വിജയന്‍ അടക്കമുള്ള പ്രതികള്‍ക്ക് കൂട്ടുത്തരവാദിത്തമുണ്ടെന്നും സിബിഐ അപ്പീലില്‍ ചൂണ്ടിക്കാട്ടുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com