മലയാള സാഹിത്യത്തിന് ചേരാന്‍ മോഹിച്ചു; എം എന്‍ വിജയന്റെ നിര്‍ബന്ധം ഡോക്ടറാക്കി 

ലളിതമായ ഭാഷ, ജീവിത നിരീക്ഷണം, കഥാഖ്യാനത്തിലെ സവിശേഷത എന്നിവയെല്ലാം പുനത്തിലിന്റെ സൃഷ്ടികളെ വേറിട്ടുനിര്‍ത്തി
മലയാള സാഹിത്യത്തിന് ചേരാന്‍ മോഹിച്ചു; എം എന്‍ വിജയന്റെ നിര്‍ബന്ധം ഡോക്ടറാക്കി 

കോഴിക്കോട് ;  മലയാള സാഹിത്യത്തില്‍ വൈക്കം മുഹമ്മദ് ബഷീറിന് ശേഷമുള്ള റിയലിസ്റ്റിക് എഴുത്തുകാരനെന്നാണ് പുനത്തില്‍ കുഞ്ഞബ്ദുള്ളയെ വിശേഷിപ്പിച്ചിരുന്നത്. ലളിതമായ ഭാഷ, ജീവിത നിരീക്ഷണം, കഥാഖ്യാനത്തിലെ സവിശേഷത എന്നിവയെല്ലാം പുനത്തിലിന്റെ സൃഷ്ടികളെ വേറിട്ടുനിര്‍ത്തി. അന്യാദൃശവും ആകര്‍ഷകവുമായ ഭാഷാശൈലിയുടെ ഉടമയായ പുനത്തിലിന്റെ കൃതികളില്‍, മുഖ്യധാരയില്‍ ഇടംനേടാത്ത പ്രാദേശിക സ്വത്വങ്ങള്‍, ഭാഷ, ദേശം ജീവിത കാമനകള്‍ എന്നിവയെല്ലാം മിഴിവാര്‍ന്നു. 

ജീവിതം വലിയ ഫ്രെയിമായി കാണും. അതില്‍ നിന്നാണ് തന്റെ എഴുത്ത് ഉണ്ടായതെന്ന് പുനത്തില്‍ കുഞ്ഞബ്ദുള്ള തന്നെ ഓര്‍മ്മിക്കുന്നു. എംടി, എംഎന്‍ വിജയന്‍, സുകുമാര്‍ അഴീക്കോട്, എം മുകുന്ദന്‍ തുടങ്ങിയവരുമായെല്ലാം പുനത്തില്‍ അടുത്ത സൗഹൃദം പുലര്‍ത്തിയിരുന്നു. എംഎ മലയാളത്തിന് ചേരാന്‍ മോഹിച്ച തന്നെ എംബിബിഎസിന് ചേരാന്‍ നിര്‍ബന്ധിച്ചത് വിജയന്‍ മാഷാണെന്ന് പുനത്തില്‍ തന്നെ ഒരിക്കല്‍ അഭിപ്രായപ്പെട്ടിരുന്നു. 

ഭിഷഗ്വരനായിരുന്നതുകൊണ്ടാകാം പുനത്തിലിന്റെ ഒട്ടുമിക്ക കഥകളില്‍ ആശുപത്രികളും ഒരു പ്രധാന പശ്ചാത്തലമായി ഇടംപിടിച്ചിരുന്നു. ആശുപത്രികളിലെ സംഭവവികാസങ്ങള്‍, ഡോക്ടര്‍മാര്‍ നഴ്‌സുമാരെ ചൂഷണം ചെയ്യുന്നത്, ഹോസ്റ്റലുകളിലെ റാഗിംഗ് എന്നിവയെല്ലാം, ഭാവനയ്ക്കപ്പുറം സ്വന്തം കാഴ്ചയുടെ കൂടി വെളിച്ചത്തില്‍ പിറവിയെടുത്ത സന്ദര്‍ഭങ്ങളാണ്. അലിഗഡ് എന്ന ഉത്തരേന്ത്യന്‍ നഗരത്തെ മലയാളികള്‍ക്ക് സുപരിചിതനാക്കിയ കഥാകാരന്‍ കൂടിയാണ് പുനത്തില്‍ കുഞ്ഞബ്ദുള്ള. അലിഗഡിലെ തടവുകാരന്‍ എന്ന നോവലും, ഫത്തേപ്പൂര്‍ സിക്രി, നവാബ് കത്തി, സൈക്കിള്‍ സവാരി തുടങ്ങി പതിമൂന്നോളം കഥകളും അടങ്ങുന്ന അലിഗഡ് കഥകള്‍ എന്ന സമാഹാരം മലയാളി വായനക്കാര്‍ ഇരുകയ്യും നീട്ടി സ്വീകരിച്ച കൃതികളിലൊന്നാണ്. 

ബാലപംക്തിയില്‍ വന്ന ഭാഗ്യക്കുറിയാണ് പുനത്തില്‍ കുഞ്ഞബ്ദുള്ളയുടെ പ്രസിദ്ധീകൃതമായ ആദ്യ കഥ. തുടര്‍ന്ന് ചെറുതും വലുതുമായ നിരവധി കഥകളും കഥാപാത്രങ്ങളുമാണ് ആ തൂലികയില്‍ നിന്നും മലയാള സാഹിത്യ നഭസ്സിലേക്ക് ഉതിര്‍ന്നുവീണത്. പ്രാദേശികമായ മുസ്ലീം ജീവിത പരിസരങ്ങള്‍ തൊട്ട്, ആധുനിക നഗരജീവിതത്തിന്റെ ആന്തരികവും ബാഹ്യവുമായ സംഘര്‍ഷങ്ങള്‍ വരെ പുനത്തിലിന്റെ കഥകള്‍ക്ക് ആഴവും പരപ്പും നല്‍കുന്നു. 

എഴുത്തിലൂടെ മാത്രമല്ല പ്രവര്‍ത്തനത്തിലൂടെയും ഞെട്ടിച്ച വ്യക്തിയാണ് പുനത്തില്‍ കുഞ്ഞബ്ദുള്ള. ഇത്തരത്തിലൊന്നാണ് 1991 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബേപ്പൂരില്‍ നിന്ന് ബിജെപി സ്ഥാനാര്‍ത്ഥിയായി മല്‍സരിക്കാനെടുത്ത തീരുമാനമെന്ന് പുനത്തിലിന്റെ ഏറ്റവും അടുത്ത ചങ്ങാതി കൂടിയായ എം മുകുന്ദന്‍. കുഞ്ഞബ്ദുള്ള കാണിച്ച ഏറ്റവും വലിയ വികൃതിയായിരുന്നു അതെന്നാണ് മുകുന്ദന്‍, മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച ശിലയില്‍ തീര്‍ത്ത സ്മാരകങ്ങള്‍ എന്ന പുസ്തകത്തില്‍ കുറിച്ചത്. പിന്നീട് പുരോഗമന കലാസാഹിത്യ സംഘത്തോട് അടുത്തു നിന്നപ്പോഴും തെറ്റുകണ്ടാല്‍ പ്രതികരിക്കുക എന്ന സ്വാഭാവത്തിന് യാതൊരു മാറ്റവും തങ്ങള്‍ കുഞ്ഞിക്ക എന്നു വിളിക്കുന്ന പുനത്തിലിന് ഉണ്ടായിട്ടില്ലെന്ന് സിപിഎം നേതാവ് എംഎ ബേബിയും സ്മരിക്കുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com