കേരളത്തിന്റെ റെയില്‍ വികസന പദ്ധതികള്‍ക്ക് പച്ചക്കൊടി; തിരുവനന്തപുരം - കാസര്‍കോട് നിര്‍ദ്ദിഷ്ട ഇരട്ടപ്പാതയ്ക്ക് സര്‍വേ നടത്താന്‍ ചെയര്‍മാന്റെ നിര്‍ദേശം

മുഖ്യമന്ത്രി പിണറായി വിജയനും റെയില്‍വെ ബോര്‍ഡ് ചെയര്‍മാന്‍ അശ്വനി ലൊഹാനിയും നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം
കേരളത്തിന്റെ റെയില്‍ വികസന പദ്ധതികള്‍ക്ക് പച്ചക്കൊടി; തിരുവനന്തപുരം - കാസര്‍കോട് നിര്‍ദ്ദിഷ്ട ഇരട്ടപ്പാതയ്ക്ക് സര്‍വേ നടത്താന്‍ ചെയര്‍മാന്റെ നിര്‍ദേശം

തിരുവനന്തപുരം : കേരളത്തിന്റെ റെയില്‍വെ വികസനം ലക്ഷ്യമിട്ട് കേരള റെയില്‍ ഡവലപ്‌മെന്റ് കോര്‍പ്പറേഷന്‍ മുന്നോട്ടുവെച്ച പ്രധാന പദ്ധതികള്‍ക്ക് തത്വത്തില്‍ റെയില്‍വെയുടെ അംഗീകാരം. മുഖ്യമന്ത്രി പിണറായി വിജയനും റെയില്‍വെ ബോര്‍ഡ് ചെയര്‍മാന്‍ അശ്വനി ലൊഹാനിയും നടത്തിയ ചര്‍ച്ചയിലാണ് സംസ്ഥാനത്തിന്റെ റെയില്‍ വികസനത്തിന് കരുത്താകുന്ന തീരുമാനങ്ങളുണ്ടായത്. കേരള സര്‍ക്കാരിനും റെയില്‍വെയ്ക്കും തുല്യപങ്കാളിത്തമുളള കമ്പനിയാണ് കേരള റെയില്‍ ഡവലപ്‌മെന്റ് കോര്‍പ്പറേഷന്‍. തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ നിലവിലുളള ഇരട്ടപ്പാതയ്ക്ക് സമാന്തരമായി മൂന്നാമത്തെയും നാലാമത്തെയും പാത നിര്‍മിക്കാനുളള നിര്‍ദേശം ബോര്‍ഡ് ചെയര്‍മാന്‍ തത്വത്തില്‍ അംഗീകരിച്ചു. അതിവേഗ തീവണ്ടികളാണ് നിര്‍ദിഷ്ട പാതകളില്‍ കേരളം ഉദ്ദേശിച്ചത്. എന്നാല്‍ അതിവേഗ ട്രെയിനുകള്‍ ഓടിക്കാന്‍ സാങ്കേതിക തടസ്സങ്ങള്‍ ഉണ്ടെന്നും, സെമിസ്പീഡ് ട്രെയിനുകള്‍ പരിഗണിക്കാമെന്നും ചെയര്‍മാന്‍ അറിയിച്ചു. ഇത് സംബന്ധിച്ച് സര്‍വെ നടത്താന്‍ അദ്ദേഹം നിര്‍ദേശിച്ചു.

തിരുവനന്തപുരം-കാസര്‍കോട് പാത 575 കിലോമീറ്ററാണ്. തിരുവനന്തപുരം മുതല്‍ ചെങ്ങന്നൂര്‍ വരെ 125 കിലോമീറ്ററില്‍ നിലവിലുളള ബ്രോഡ്‌ഗേജ് ലൈനിന് സമാന്തരമായി മൂന്നും നാലും ലൈനുകള്‍ ഇടുന്നതിന് റെയില്‍ ഡവലപ്‌മെന്റ് കോര്‍പ്പറേഷന്‍ ഇതിനകം വിശദമായ പ്രൊജക്റ്റ് റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടുണ്ട്. 1943 കോടി രൂപയാണ് ഇതിന് കണക്കാക്കിയിട്ടുളളത്. അതേസമയം, കാസര്‍കോട് വരെ പുതിയ പാതകള്‍ പണിയാനാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശിച്ചിട്ടുളളത്. ഇതിന് മൊത്തം 16,600 കോടി രൂപയാണ് ചെലവ്.
ലൈനുകള്‍ക്ക് ശേഷിയില്ലെന്ന പരിമിതി മറികടക്കാനാണ് പുതിയ ലൈനുകള്‍ക്ക് റെയില്‍വേയുമായി ചേര്‍ന്ന് മുതല്‍ മുടക്കാന്‍ കേരളം തയ്യാറാകുന്നത്.

തലശ്ശേരി-മൈസൂര്‍ (മാനന്തവാടി വഴി) പാതയുടെ വിശദ റിപ്പോര്‍ട്ട് ഡിസംബര്‍ 31ന് മുമ്പ് പൂര്‍ത്തിയാക്കി റെയില്‍വെക്ക് സമര്‍പ്പിക്കാന്‍ ചെയര്‍മാന്‍ നിര്‍ദേശിച്ചു. 3,209 കോടി രൂപയാണ് 247 കിലോമീറ്റര്‍ വരുന്ന പാതയ്ക്ക് കണക്കാക്കിയിട്ടുളളത്. റെയില്‍വെ അംഗീകരിച്ചാന്‍ 2024ല്‍ ഈ പദ്ധതി പൂര്‍ത്തിയാക്കാന്‍ കഴിയും. ശബരി പാതയെ ബന്ധിപ്പിക്കുന്ന എരുമേലി-പുനലൂര്‍ പാതയും പരിഗണിക്കാമെന്ന് ചെയര്‍മാന്‍ ഉറപ്പു നല്‍കി. 1,600 കോടി രൂപയാണ് 65 കിലോമീറ്റര്‍ വരുന്ന പാതയ്ക്ക് ചെലവ് പ്രതീക്ഷിക്കുന്നത്. ശബരി പാതയെ ബന്ധിപ്പിക്കുന്ന ഏറ്റുമാനൂര്‍-പാല ലൈനും പരിഗണിക്കും. ബാലരാമപുരം-വിഴിഞ്ഞം അന്താരാഷ്ട്രതുറമുഖം പാത, കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് പുതിയ പാത, എറണാകുളത്ത് റെയില്‍വെ ടെര്‍മിനസ് എന്നീ പദ്ധതികളും ചര്‍ച്ചയില്‍ കേരളം മുന്നോട്ടുവെച്ചു. തിരുവനന്തപുരം, എറണാകുളം, വര്‍ക്കല സ്‌റ്റേഷനുകളുടെ വികസനത്തിന് പ്രൊജക്റ്റ് റിപ്പോര്‍ട് തയ്യാറാക്കാനും യോഗത്തില്‍ തീരുമാനമായി. ഭൂമി ലഭിച്ചാല്‍ കൊച്ചുവേളി ടെര്‍മിനലിന്റെ പണി 2019 മാര്‍ച്ചില്‍ പൂര്‍ത്തിയാക്കും.

ഇതിനകം അംഗീകരിച്ച ശബരി പാതയുടെ ചെലവ് റെയില്‍വെ തന്നെ വഹിക്കണമെന്നും പുതിയ പദ്ധതികളുടെ പകുതി ചെലവ് കേരളം വഹിക്കാമെന്നും മുഖ്യമന്ത്രി ചര്‍ച്ചയില്‍ പറഞ്ഞു. അങ്കമാലി-ശബരി, ഗുരുവായൂര്‍-തിരുനാവായ, എറണാകുളം-അമ്പലപ്പുഴ ഇരട്ടിപ്പിക്കല്‍ എന്നീ പ്രവൃത്തികള്‍ വേഗത്തില്‍ തീര്‍ക്കുന്നതിന് ആവശ്യമായ ഫണ്ട് അനുവദിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. പാലക്കാട് റെയില്‍വെ കോച്ച് ഫാക്റ്ററി 2008-09 ലെ റെയില്‍വെ ബജറ്റില്‍ പ്രഖ്യാപിച്ചതാണ്. 239 ഏക്കര്‍ സ്ഥലം സര്‍ക്കാര്‍ ഏറ്റെടുത്ത് കൈമാറുകയും ചെയ്തു. എന്നാല്‍ പദ്ധതി ഇതുവരെ നടപ്പാക്കാത്തത് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടിയപ്പോള്‍, ഇക്കാര്യം പരിശോധിക്കാമെന്ന് ചെയര്‍മാന്‍ വ്യക്തമാക്കി. 

നേമം ടെര്‍മിനല്‍ പദ്ധതി നടപ്പാക്കാമെന്നും റെയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍ മുഖ്യമന്ത്രിയെ അറിയിച്ചു. മുഖ്യമന്ത്രിയുടെ നിര്‍ദേശം പരിഗണിച്ച് കേരളത്തില്‍ ഓടിക്കുന്ന എല്ലാ ട്രെയിനുകളിലും ജൈവശൗചാലയം ഏര്‍പ്പെടുത്തും. റെയില്‍വേക്ക് കേരളത്തിലുളള ഭൂമിയില്‍ മഴവെളള സംഭരണികള്‍ സ്ഥാപിക്കണമെന്ന മുഖ്യമന്ത്രിയുടെ നിര്‍ദേശവും ചെയര്‍മാന്‍ അംഗീകരിച്ചു. കേന്ദ്രസര്‍ക്കാര്‍ അംഗീകരിക്കുന്ന പദ്ധതി അടങ്കലിന്റെ പരിധിയില്‍ നിന്ന് പദ്ധതികള്‍ നടപ്പാക്കാന്‍ കേരള റെയില്‍ ഡവലപ്‌മെന്റ് കോര്‍പ്പറേഷന് സ്വാതന്ത്ര്യം നല്‍കണമെന്ന് യോഗത്തില്‍ റെയില്‍ ബോര്‍ഡ് ചെയര്‍മാനോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com