'കമ്യൂണിസ്റ്റുകാര്‍ക്ക് ഒരു സ്വര്‍ഗമുണ്ടെങ്കില്‍ അത് ഇവിടെയാണ്';കേരളത്തിലെ കമ്യൂണിസത്തെ പുകഴ്ത്തി വാഷിംഗ്ടണ്‍ പോസ്റ്റ്

ലോകത്ത് കമ്യൂണിസ്റ്റുകള്‍ക്ക് ഇന്നും വിപ്ലവ സ്വപ്‌നങ്ങളുള്ള മണ്ണാണ് മൂന്നര കോടി ജനങ്ങള്‍ താമസിക്കുന്ന കേരളമെന്നാണ് വാഷിംഗ്ടണ്‍ പോസ്റ്റിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്
ഫോട്ടോ വാഷിംഗ്ടണ്‍ പോസ്റ്റ്‌
ഫോട്ടോ വാഷിംഗ്ടണ്‍ പോസ്റ്റ്‌

ലോകത്തിലെ കമ്യൂണിസ്റ്റുകാര്‍ക്ക് ഒരു സ്വര്‍ഗമുണ്ടെങ്കില്‍ അത് ഇവിടെയാണ്, നമ്മുടെ കൊച്ചുകേരളത്തില്‍. പറഞ്ഞിരിക്കുന്നത് മറ്റാരുമല്ല അന്താരാഷ്ട്ര മാധ്യമമായ വാഷിംഗ്ടണ്‍ പോസ്റ്റാണ്. ലോകത്ത് കമ്യൂണിസ്റ്റുകള്‍ക്ക് ഇന്നും വിപ്ലവ സ്വപ്‌നങ്ങളുള്ള മണ്ണാണ് മൂന്നര കോടി ജനങ്ങള്‍ താമസിക്കുന്ന കേരളമെന്നാണ് വാഷിംഗ്ടണ്‍ പോസ്റ്റിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. 

ക്യൂബ, ചൈന, വിയറ്റ്‌നാം, ലാവോസ്, ഉത്തരകൊറിയ എന്നിവിടങ്ങളിലെ കമ്യൂണിസം മറ്റ് പലതിലേക്കും വഴിമാറിയപ്പോഴും കേരളത്തിലെ കമ്യൂണിസം ഇപ്പോഴും ജനകീയമായി തുടരുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 'കമ്യൂണിസ്റ്റുകള്‍ക്ക് ഇപ്പോഴും സ്വപ്‌നം കാണാന്‍ സാധിക്കുന്ന ചില സ്ഥലങ്ങളില്‍ ഒന്ന്' എന്ന പേരിലുള്ള റിപ്പോര്‍ട്ട് തയാറാക്കിയത് ഗ്രെഡ് ജെഫിയും വിധി ജോഷിയും ചേര്‍ന്നാണ്. 

കേരളത്തിന്റെ ഗുണങ്ങളെക്കുറിച്ച് വാചാലരായിരിക്കുന്ന റിപ്പോര്‍ട്ടില്‍ ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് കേരളം എങ്ങനെ വ്യത്യസ്തമാകുമെന്നും പറയുന്നു. വിദ്യാഭ്യാസത്തിലും ആരോഗ്യപരിപാലനത്തിലും കേരളം നടത്തിയിരിക്കുന്ന മുന്നേറ്റത്തെക്കുറിച്ചും ലോകത്തിലെ തന്നെ പ്രധാന പ്രവാസി സമൂഹമായ സംസ്ഥാനം ആഗോള സാമ്പത്തിക രംഗത്ത് നല്‍കിയിരിക്കുന്ന സംഭാവനകളെക്കുറിച്ചും അക്കമിട്ട് നിരത്തുന്നുണ്ട് റിപ്പോര്‍ട്ടില്‍. 

കേരളത്തിലെ പ്രധാന കമ്യൂണിസ്റ്റ് കോട്ടകള്‍ സന്ദര്‍ശിച്ചാണ് റിപ്പോര്‍ട്ട് തയാറാക്കിയിരിക്കുന്നത്. കമ്യൂണിസ്റ്റ് ആശയങ്ങളും നേതാക്കളേയും കോറിയിട്ടിരിക്കുന്ന ചുവരുകളുടെ ചിത്രങ്ങളും ഇതിനോടൊപ്പം ഉള്‍പ്പെടുത്തിയിട്ടുണ്ട്. കേരളത്തിലെ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പിതാവായ പി. കൃഷ്ണപിളളയുടെ അനുസ്മരണം നടന്നപ്പോഴാണ് വാഷിംഗ്ടണ്‍ പോസ്റ്റ് സംഘം ഇവിടെ എത്തുന്നത്. ധനമന്ത്രി തോമസ് ഐസ്‌ക് പങ്കെടുത്ത ചടങ്ങിനെക്കുറിച്ചും റിപ്പോര്‍ട്ടില്‍ വിവരിക്കുന്നുണ്ട്. അരിവാള്‍ ചുറ്റിക ആലേഖനം ചെയ്ത ചെങ്കൊടിയുമായി ആയിരക്കണക്കിന് പേരാണ് ചടങ്ങില്‍ പങ്കെടുത്തത്. 

കേരളത്തിലെ കമ്യൂണിസ്റ്റ് ചരിത്രവും റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നുണ്ട്. മറ്റ് രാജ്യങ്ങളില്‍ നിന്ന് വ്യത്യസ്തമായി വേറിട്ട വഴിയിലൂടെയാണ് കേരളത്തിലെ പാര്‍ട്ടി സഞ്ചരിക്കുന്നതെന്നും വാഷിംഗ്ടണ്‍ പോസ്റ്റില്‍ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com