നേതൃത്വം ജനരക്ഷായാത്രയില്‍ മുഴുകി; വേണ്ടത്ര ശ്രദ്ധ ചെലുത്താതിരുന്നത് വേങ്ങരയില്‍ വന്‍ തിരിച്ചടിയായെന്ന് ബിജെപി നേതൃയോഗത്തില്‍ വിമര്‍ശനം

നോട്ട് നിരോധനത്തിന്റെ വാര്‍ഷിക ദിനമായ നവംബര്‍ എട്ടിന് കേരളത്തില്‍ മഹാസംഗമം സംഘടിപ്പിക്കാന്‍ തീരുമാനം
നേതൃത്വം ജനരക്ഷായാത്രയില്‍ മുഴുകി; വേണ്ടത്ര ശ്രദ്ധ ചെലുത്താതിരുന്നത് വേങ്ങരയില്‍ വന്‍ തിരിച്ചടിയായെന്ന് ബിജെപി നേതൃയോഗത്തില്‍ വിമര്‍ശനം

ആലപ്പുഴ : വേങ്ങര നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ സംസ്ഥാന നേതൃത്വത്തിന് വേണ്ടത്ര ശ്രദ്ധ ചെലുത്താനായില്ലെന്ന് വിമര്‍ശനം. ആലപ്പുഴയില്‍ ചേര്‍ന്ന ബിജെപി കോര്‍ കമ്മിറ്റി യോഗത്തിലാണ് നേതൃത്വത്തിനെതിരെ വിമര്‍ശനമുയര്‍ന്നത്. നേതൃത്വം ജനരക്ഷായാത്രയില്‍ മാത്രം മുഴുകിയതാണ് കാരണം. ഉപതെരഞ്ഞെടുപ്പുകളില്‍ ബിജെപി ശ്രദ്ധേയമായ മുന്നേറ്റം നടത്തുമ്പോള്‍, വേങ്ങരയില്‍ എസ്ഡിപിഐയ്ക്കും പിന്നില്‍ നാലാം സ്ഥാനത്തേക്ക് ബിജെപി പോയി.

ഉപതെരഞ്ഞെടുപ്പില്‍ പാര്‍ട്ടി വോട്ടുകള്‍ നിലനിര്‍ത്തുന്ന കാര്യത്തില്‍ വീഴ്ച സംഭവിച്ചു. സംസ്ഥാന അധ്യക്ഷന്റെ ജനരക്ഷായാത്രയില്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടിവന്നത് പ്രചരണത്തിലെ ജാഗ്രതക്കുറവിന് കാരണമായി. ഉപതെരഞ്ഞെടുപ്പ് സമയത്ത് ജനരക്ഷായാത്ര നടത്താന്‍ തീരുമാനിച്ചതും തിരിച്ചടിയായെന്ന് യോഗത്തില്‍ ആക്ഷേപം ഉയര്‍ന്നു. 

അതേസമയം ജനരക്ഷായാത്ര വന്‍ വിജയമായെന്ന് നേതൃയോഗം വിലയിരുത്തി. നവമാധ്യമങ്ങളില്‍ അടക്കം അപകീര്‍ത്തികരമായ പല പ്രചാരണങ്ങളും ഉണ്ടായെങ്കിലും,  രാഷ്ട്രീയമായി യാത്ര സംസ്ഥാനത്ത് ഓളമുണ്ടാക്കാനായെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ അഭിപ്രായപ്പെട്ടു. ദേശീയ നേതാക്കളുടെ സാന്നിധ്യവും യാത്രയെ ശ്രദ്ധേയമാക്കി. നോട്ട് നിരോധനത്തിന്റെ വാര്‍ഷിക ദിനമായ നവംബര്‍ എട്ടിന് കേരളത്തില്‍ മഹാസംഗമം സംഘടിപ്പിക്കാനും നേതൃയോഗം തീരുമാനിച്ചു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com