എജിയുമായി തര്‍ക്കം വേണ്ട; തോമസ് ചാണ്ടി വിഷയത്തില്‍ നിലപാട് മയപ്പെടുത്തി സിപിഐ

ഇക്കാര്യത്തില്‍ സിപിഎമ്മിന്റെ പിന്തുണയും എജിക്കുണ്ടെന്ന് സിപിഐക്ക് വ്യക്തമായിട്ടുണ്ട്
എജിയുമായി തര്‍ക്കം വേണ്ട; തോമസ് ചാണ്ടി വിഷയത്തില്‍ നിലപാട് മയപ്പെടുത്തി സിപിഐ

തിരുവനന്തപുരം: മന്ത്രി തോമസ് ചാണ്ടിയുടെ ഭൂമി കയ്യേറ്റക്കേസില്‍ സര്‍ക്കാരിന് വേണ്ടി ഹൈക്കോടതിയില്‍ ഏത് അഭിഭാഷകന്‍ ഹാജരാകും എന്ന തര്‍ക്കത്തില്‍ നിന്ന് സിപിഐ പിന്‍മാറുന്നതായി സൂചന. അഡീഷണല്‍ അഡ്വക്കേറ്റ് ജനറല്‍(എഎജി) രഞ്ജിത് തമ്പാന്‍ തന്നെ ഹാജരാകണമെന്ന റവന്യു വകുപ്പിന്റെ കടുംപിടുത്ത നിലപാട് മയപ്പെടുത്താനാണ് സിപിഐ തീരുമാനിച്ചിരിക്കുന്നത് എന്നറിയുന്നു. 

കേസില്‍ കോടതിയില്‍ സര്‍ക്കാരിനു വേണ്ടി ആരു ഹാജരാകണമെന്നതിനെച്ചൊല്ലി റവന്യൂവകുപ്പും എജിയും തമ്മിലുള്ള തര്‍ക്കത്തില്‍ വിട്ടുവീഴ്ചയ്ക്കില്ലെന്ന് എജിയുടെ ഓഫീസ് നിലപാട് ആവര്‍ത്തിച്ചതിന് പിന്നാലെയാണ് സിപിഐ തര്‍ക്കം അവസാനിപ്പിക്കുന്നത്. 

ഇക്കാര്യത്തില്‍ സിപിഎമ്മിന്റെ പിന്തുണയും എജിക്കുണ്ടെന്ന് സിപിഐക്ക് വ്യക്തമായിട്ടുണ്ട്. അതേസമയം, കേസ് സംബന്ധിച്ച് റവന്യൂ വകുപ്പ് മുന്നോട്ടുെവച്ച നിര്‍ദേശങ്ങളില്‍ തെറ്റില്ലെന്ന് സിപിഐ നേതൃത്വം വിലയിരുത്തി. കേസ് നടത്തിപ്പ് സംബന്ധിച്ച് തങ്ങള്‍ അഭിപ്രായം പറഞ്ഞു, ബാക്കി കാര്യങ്ങള്‍ കേസിന്റെ വിധി വന്നശേഷം വ്യക്തമാക്കാമെന്നതാണ് സിപിഐയുടെ ഇപ്പോഴത്തെ നിലപാട്. 

സംസ്ഥാനത്തിന്റെ ഉത്തമ താത്പര്യം മുന്‍നിര്‍ത്തിയാണ് രഞ്ജിത് തമ്പാനെ കേസ് ഏല്പിക്കണമെന്ന നിലപാട് റവന്യൂ വകുപ്പ് മുന്നോട്ടുെവച്ചത്. 
മൂന്നാര്‍ അടക്കം റവന്യൂ സംബന്ധമായ ഒട്ടേറെ കേസുകള്‍ കൈകാര്യം ചെയ്ത പരിചയമാണ് ഈ നിര്‍ദേശത്തിനു കാരണം. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് എജി സുധാകര പ്രസാദിന് റവന്യു മന്ത്രി ഇ.ചന്ദ്രശേഖരന്‍ കത്ത് നല്‍കിയത്. 

എന്നാല്‍, കേസുകള്‍ ആര്‍ക്ക് നല്‍കണമെന്ന് തീരുമാനിക്കുന്നത് താനാണെന്ന നിലപാട് എജിയുടെ ഓഫീസ് ആവര്‍ത്തിച്ചു പ്രഖ്യാപിച്ച സാഹചര്യത്തില്‍ കേസിലെ വിധി വരുന്നതുവരെ വിവാദങ്ങള്‍ ഉണ്ടാക്കെണ്ടെന്ന നിലപാടാണ് പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കള്‍ സ്വീകരിച്ചതെന്നറിയുന്നു. 

ഇക്കാര്യത്തില്‍ റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരനും സെക്രട്ടറി കാനംരാജേന്ദ്രനും നടത്തിയ പരസ്യമായ അഭിപ്രായ പ്രകടനങ്ങള്‍ പാര്‍ട്ടി നിലപാടുകള്‍ ജനങ്ങളിലെത്തിക്കാന്‍ സഹായകമായെന്ന വിലയിരുത്തലും പാര്‍ട്ടിക്കുണ്ട്. എല്‍ഡിഎഫിന്റെ ജനജാഗ്രതാ യാത്ര സിപിഐ-സിപിഎം പോരിനിടയില്‍ മുങ്ങിപ്പോകുന്നുവെന്ന പരാതി എല്‍ഡിഎഫ് പ്രവര്‍ത്തകരില്‍ നിന്ന് ഉയര്‍ന്നുവന്ന സാഹചര്യവും സിപിഐ കണക്കിലെടുത്തിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com