സിപിഎം നേതാക്കളുടെ ജനത്തോടുള്ള പെരുമാറ്റം ഇനിയും മാറേണ്ടതുണ്ട് ; നേതാക്കളുടെ ശരീരഭാഷയ്‌ക്കെതിരെ എംഎ ബേബി

പുറത്തു പൊതു തത്വങ്ങള്‍ സംസാരിക്കുകയും, സ്വന്തം ജീവിതത്തില്‍ അത്തരം തത്വങ്ങളും സംഹിതകളും പാലിക്കാതിരിക്കുന്നവരുമാണ് ഏറെയും
സിപിഎം നേതാക്കളുടെ ജനത്തോടുള്ള പെരുമാറ്റം ഇനിയും മാറേണ്ടതുണ്ട് ; നേതാക്കളുടെ ശരീരഭാഷയ്‌ക്കെതിരെ എംഎ ബേബി

പാലക്കാട് : സിപിഎം നേതാക്കളുടെ പെരുമാറ്റത്തെയും ശരീരഭാഷയെയും വിമര്‍ശിച്ച് പൊളിറ്റ് ബ്യൂറോ അംഗം എംഎ ബേബി. പാര്‍ട്ടിയിലെ പല നേതാക്കളുടെയും ശരീരഭാഷയും ജനത്തോടുള്ള പെരുമാറ്റവും മാറേണ്ടതുണ്ട്. വിമര്‍ശനം പ്രോല്‍സാഹിപ്പിക്കുന്നു എന്നുപറയുമ്പോഴും അത് മറ്റുള്ളവര്‍ക്ക് നേരെ പ്രയോഗിക്കാനാണ് താല്‍പ്പര്യം. വിമര്‍ശനം ഉണ്ടായാല്‍ പിന്നീട് അവസരം ലഭിക്കുമ്പോള്‍ തിരിച്ചടിക്കുന്നവരും ഉണ്ടെന്നും ബേബി പറഞ്ഞു. പാലക്കാട് കെഎസ്ടിഎ ജില്ലാകമ്മിറ്റി സംഘടിപ്പിച്ച റഷീദ് കണിച്ചേരി അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു എംഎ ബേബി. 

പതിനേഴ് വര്‍ഷം മുമ്പ് പാര്‍ട്ടി പരിപാടി കാലോചിതമാക്കിയപ്പോള്‍ വരുത്തിയ കൂട്ടിചേര്‍ക്കലുകള്‍ നേതാക്കളിലും അണികളിലും പലരും ഇപ്പോഴും വേണ്ടപോലെ ഉള്‍ക്കൊണ്ടിട്ടില്ല. സിപിഎം പ്രവര്‍ത്തകര്‍ സ്വന്തം ജീവിതത്തില്‍ പകര്‍ത്തേണ്ട പല കാര്യങ്ങളും ആ കൂട്ടിചേര്‍ക്കലില്‍ ഉള്‍പ്പെടുത്തിയിരുന്നു. സമൂഹത്തില്‍ ഏകാധിപത്യം എതിര്‍ക്കുന്നതുപോലെ, കുടുംബത്തിലും ആ പ്രവണത അംഗീകരിക്കാനാകില്ല. കുടുംബത്തിലും ജനാധിപത്യം നടപ്പാക്കിയ സംഘടനാനേതാവാണ് റഷീദ് കണിച്ചേരിയെന്നും എംഎ ബേബി അഭിപ്രായപ്പെട്ടു. 

ജനാധിപത്യവാദികള്‍ ജനാധിപത്യ സ്വരത്തിലാണ് സംസാരിക്കേണ്ടത്. പുറത്തു പൊതു തത്വങ്ങള്‍ സംസാരിക്കുകയും, സ്വന്തം ജീവിതത്തില്‍ അത്തരം തത്വങ്ങളും സംഹിതകളും പാലിക്കാതിരിക്കുന്നവരുമാണ് ഏറെയും. ഉറപ്പിച്ചുപറയേണ്ട കാര്യങ്ങള്‍ പറയുമ്പോള്‍ പോലും, ശരീരഭാഷയില്‍ ബോധപൂര്‍വമായ സൗമനസ്യം റഷീദ് കണിച്ചേരി പുലര്‍ത്തിയിരുന്നുവെന്നും എംഎ ബേബി അനുസ്മരിച്ചു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com