ബിജെപി ജാഥ കേരളത്തെ ആക്ഷേപിച്ചപ്പോള്‍ മാധ്യമങ്ങള്‍ മണ്ണില്‍ തല പൂഴ്ത്തി: അശോകന്‍ ചരുവില്‍

സിപിഎമ്മിനു ഗുണം ചെയ്യും എന്ന ധാരണയില്‍ വര്‍ഗ്ഗീയതയേയും അന്ധവിശ്വാസം അനാചാരം എന്നിവയേയും വിമര്‍ശിക്കാന്‍ മീഡിയ തയ്യാറാവുന്നില്ല
ബിജെപി ജാഥ കേരളത്തെ ആക്ഷേപിച്ചപ്പോള്‍ മാധ്യമങ്ങള്‍ മണ്ണില്‍ തല പൂഴ്ത്തി: അശോകന്‍ ചരുവില്‍

തൃശൂര്‍: ബിജെപിയുടെ ജനരക്ഷാ യാത്രയില്‍ ഉടനീളം കേരളം അപമാനിക്കപ്പെട്ടപ്പോള്‍ ഇവിടത്തെ മാധ്യമങ്ങള്‍ പ്രതികരിച്ചില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ അഭിപ്രായം ഗൗരവത്തില്‍ ചര്‍ച്ച ചെയ്യപ്പെടണമെന്ന് എഴുത്തുകാരന്‍ അശോകന്‍ ചരുവില്‍. സര്‍ക്കാരിനെയും രാഷ്ട്രീയ പാര്‍ട്ടികളെയും വിമര്‍ശിക്കുന്ന ജാഥകള്‍ പതിവുള്ളതാണ്. എന്നാല്‍ ബിജെപി ജാഥ കേരളത്തിന്റെ സംസ്‌കാരത്തെയും ഉദ്ബുദ്ധതയേയും നാളിതുവരെയുള്ള പുരോഗതിയേയും ആക്ഷേപിക്കുകയാണുണ്ടായത്. കേരളം ഇങ്ങനെ അപമാനിക്കപ്പെട്ടപ്പോള്‍ മണ്ണില്‍ തല പൂഴ്ത്തി നില്‍ക്കുകയാണ് മാധ്യമങ്ങള്‍ ചെയ്തതെന്ന് അശോകന്‍ ചരുവില്‍ കുറ്റപ്പെടുത്തി.

ഓണത്തേയും മഹാബലിയേയും അപമാനിക്കാന്‍ ശ്രമിച്ചതിന്റെ തുടര്‍ച്ചയാണ് ബിജെപി ജാഥയില്‍ ഉണ്ടായത്. ഓരോ കേരളീയന്റെയും ആത്മാഭിമാനം മുറിവേറ്റപ്പോള്‍ കക്ഷി രാഷ്ട്രീയ താല്‍പ്പര്യം മുന്‍നിര്‍ത്തി മീഡിയ മണ്ണില്‍ തല മണ്ണില്‍ പൂഴ്ത്തി. കൊടുംവഞ്ചനയായിപ്പോയി അത്. കേരളത്തിന്റെ നവോത്ഥാനത്തിലും പുരോഗതിയിലും പത്രങ്ങള്‍ വഹിച്ച പങ്ക് ചരിത്രമാണ്. എന്നാല്‍ സ്വാതന്ത്ര്യാനന്തരം വിശേഷിച്ചും വിമോചനസമര കാലം മുതലേ വന്‍കിട മലയാള പത്രങ്ങളെ കമ്യൂണിസ്റ്റ് വിരോധ രോഗം പിടികൂടി. കമ്യൂണിസത്തിനും അതിന്റെ രാഷ്ട്രീയ കക്ഷിക്കുമെതിരെ നിലപാടു സ്വീകരിക്കാന്‍ പത്രമാധ്യമങ്ങള്‍ക്ക് അവകാശമുണ്ട്. പക്ഷേ അതിന്റെ പേരില്‍ മഹത്തായ കേരളീയതയെ അപമാനിക്കുന്നതിന് കൂട്ടു നിന്നത് ഒട്ടും ശരിയായില്ലെന്ന് അശോകന്‍ ചരുവില്‍ സമൂഹ മാധ്യമത്തില്‍ എഴുതിയ കുറിപ്പില്‍ കുറ്റപ്പെടുത്തി.

പുരോഗമന മതേതരത്വ കേരളം സമം (=) സി .പി .ഐ.(എം) എന്നു ധരിച്ചതുകൊണ്ടുണ്ടായ കുഴപ്പമാണ് ഇത്. സി.പി.എമ്മിനു ഗുണം ചെയ്യും എന്ന ധാരണയില്‍ സംസ്ഥാനത്ത് വര്‍ദ്ധിച്ചു വരുന്ന വര്‍ഗ്ഗീയതയേയും അന്ധവിശ്വാസം അനാചാരം എന്നിവയേയും വിമര്‍ശിക്കാന്‍ മീഡിയ തയ്യാറാവുന്നില്ല.
'ആങ്ങള ചത്ത് നാത്തൂന്റെ കണ്ണീരു കാണണ'മെന്നാണ് ആഗ്രഹം. സങ്കീര്‍ണ്ണമായ രോഗമാണത്. കഴിഞ്ഞ കാല്‍നൂറ്റാണ്ടിനിടക്ക് കേരളത്തില്‍ അന്യമത വിദ്വേഷം പരത്തുന്നതിലും വര്‍ഗ്ഗീയ രാഷ്ട്രീയം വളര്‍ത്തുന്നതിലും ഇവിടത്തെ മീഡിയ വഹിച്ച പങ്ക് ഒരു സോഷ്യല്‍ ഓഡിറ്റിനു വിധേയമാക്കേണ്ടതുണ്ടെന്നും അശോകന്‍ ചരുവില്‍ അഭിപ്രായപ്പെട്ടു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com