രാഷ്ട്രീയ കൊലപാതക കേസുകളില്‍ സിബിഐ അന്വേഷണം വേണ്ടെന്ന് സര്‍ക്കാര്‍; കേസ് ഹൈക്കോടതി ഇന്ന് പരിഗണിക്കും

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 30th October 2017 08:30 AM  |  

Last Updated: 30th October 2017 08:30 AM  |   A+A-   |  

 

കൊച്ചി : രാഷ്ട്രീയ കൊലപാതകങ്ങളില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. എന്നാല്‍ രാഷ്ട്രീയ കൊലപാതക കേസുകളില്‍ സിബിഐ അന്വേഷണം ആവശ്യമില്ലെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ നിലപാട്. കേസില്‍ സത്യസന്ധമായും നിഷ്പക്ഷവുമായ അന്വേഷണം നടക്കുകയാണ്. എല്ലാ കൊലപാതകങ്ങളും രാഷ്ട്രീയമല്ലെന്നുമാണ് ആഭ്യന്തര വകുപ്പിന്റെ നിലപാട്. ഇക്കാര്യം സര്‍ക്കാര്‍ കോടതിയെ അറിയിക്കും. നേരത്തെ കുടുംബവഴക്കുകള്‍ മൂലമുള്ള കൊലപാതകം വരെ രാഷ്ട്രീയമായി ചിത്രീകരിക്കുകയാണെന്ന് അഡ്വക്കേറ്റ് ജനറല്‍ കോടതിയെ അറിയിച്ചിരുന്നു. 

തലശ്ശേിയിലെ ഗോപാലന്‍ അടിയോടി വക്കീല്‍ സ്മാരക ട്രസ്റ്റാണ് രാഷ്ട്രീയകൊലപാതക കേസുകളില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. ഇടതുസര്‍ക്കാര്‍ അധികാരത്തിലെത്തിശേഷം എട്ട് ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകര്‍ സംസ്ഥാനത്ത് കൊല്ലപ്പെട്ടു. ഇതില്‍ നാലെണ്ണം കണ്ണൂര്‍ ജില്ലയിലാണ്. ഉന്നത രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണ് കണ്ണൂരിലെ കൊലപാതകങ്ങള്‍. അന്വേഷണം അട്ടിമറിക്കാനാണ് സര്‍ക്കാര്‍ ശ്രമം. അതിനാല്‍ കേസുകളില്‍ സിബിഐ അന്വേഷണം വേണമെന്ന് ഹര്‍ജിക്കാര്‍ ആവശ്യപ്പെടുന്നു. കണ്ണൂരില്‍ കൊല്ലപ്പെട്ട ബിജെപി പ്രവര്‍ത്തകന്‍ രമിത്തിന്റെ ബന്ധുക്കളും ഹര്‍ജിയില്‍ കക്ഷി ചേര്‍ന്നിട്ടുണ്ട്. 

കേസ് പരിഗണിച്ച കോടതി സംസ്ഥാന സര്‍ക്കാരിനോട് നിലപാട് വ്യക്തമാക്കാന്‍ ആവശ്യപ്പെട്ടിരുന്നു. എന്തുകൊണ്ടാണ് ഒരു ജില്ലയില്‍ മാത്രം ഇത്രയും രാഷ്ട്രീയ കൊലപാതകങ്ങളെന്നും വാദത്തിനിടെ, കോടതി ചോദിച്ചിരുന്നു. അതേസമയം രാഷ്ട്രീയ കൊലപാതക കേസുകള്‍ ഏറ്റെടുക്കാന്‍ സന്നദ്ധമാണെന്ന് സിബിഐ ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്.