വെങ്കയ്യയുടെ ഒഴിവില്‍ കണ്ണന്താനം ; രാജസ്ഥാനില്‍ നിന്നും രാജ്യസഭയിലേക്ക്

നവംബര്‍ 16 നാണ് തെരഞ്ഞെടുപ്പ്. നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാനുള്ള അവസാനതീയതി നവംബര്‍ ആറാണ്.
വെങ്കയ്യയുടെ ഒഴിവില്‍ കണ്ണന്താനം ; രാജസ്ഥാനില്‍ നിന്നും രാജ്യസഭയിലേക്ക്

ന്യൂഡല്‍ഹി : കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം രാജസ്ഥാനില്‍ നിന്നും രാജ്യസഭാംഗമാകും. ഉപരാഷ്ട്രപതിയായ എം വെങ്കയ്യനായിഡു രാജിവെച്ച ഒഴിവില്‍ കണ്ണന്താനത്തെ മല്‍സരിപ്പിക്കാന്‍ ബിജെപി ദേശീയനേതൃത്വം തീരുമാനിച്ചു. നവംബര്‍ 16 നാണ് തെരഞ്ഞെടുപ്പ് നടക്കുക. നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാനുള്ള അവസാനതീയതി നവംബര്‍ ആറാണ്. രാജ്യഭയില്‍ അല്‍ഫോണ്‍സ് കണ്ണന്താനത്തിന് അഞ്ചുവര്‍ഷം കാലാവധി ലഭിക്കും. രാജസ്ഥാനില്‍ വസുന്ധരെ രാജെ സിന്ധ്യയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാരാണ് ഭരിക്കുന്നത്. നിയമസഭയില്‍ ബിജെപിയ്ക്ക് ശക്തമായ ഭൂരിപക്ഷമാണുള്ളത്. 

കഴിഞ്ഞ കേന്ദ്രമന്ത്രിസഭാ പുനഃസംഘടനയിലാണ് കേരളത്തിന്റെ പ്രതിനിധിയായി അല്‍ഫോണ്‍സ് കണ്ണന്താനത്തെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയത്. ടൂറിസം വകുപ്പിന്റെ സ്വതന്ത്രചുമതലയും, ഐടി വകുപ്പിന്റെ സഹമന്ത്രിസ്ഥാനവുമാണ് കണ്ണന്താനത്തിന് ലഭിച്ചത്. നിലവില്‍ പാര്‍ലമെന്റിന്റെ ഇരുസഭകളിലും കണ്ണന്താനം അംഗമല്ല. നേരത്തെ ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ രാജ്യസഭാംഗത്വം രാജിവെക്കുന്ന ഒഴിവില്‍, കണ്ണന്താനത്തെ പരിഗണിച്ചേക്കുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com