ഹാദിയ ഒരു കാലിലെ മന്ത് മറുകാലില്‍ വെച്ചു; എസ്ഡിപിഐ മതം പറഞ്ഞ് പേടിപ്പിക്കുകയും പീഡിപ്പിക്കുകയും ചെയ്യുന്ന സംഘടനയെന്ന് ജാമിദ ടീച്ചര്‍

ബിംബാരാധന ഇസ്ലാമില്‍ ഇല്ലാ എന്നാണ്  ഹാദിയ പറയുന്നത്. ഇസ്ലാമില്‍ ഉള്ളത് പോലെ ബിംബാരാധന മറ്റ് എവിടേയും ഇല്ല
ഹാദിയ ഒരു കാലിലെ മന്ത് മറുകാലില്‍ വെച്ചു; എസ്ഡിപിഐ മതം പറഞ്ഞ് പേടിപ്പിക്കുകയും പീഡിപ്പിക്കുകയും ചെയ്യുന്ന സംഘടനയെന്ന് ജാമിദ ടീച്ചര്‍

രു കാലിലെ മന്ത് മറ്റേ കാലിലേക്ക് എടുത്തു വയ്ക്കുകയാണ് ഹാദിയ ചെയ്തിരിക്കുന്നതെന്ന് ഖുറാന്‍ സുന്നത്ത്‌ സൊസൈറ്റി നേതാവ് ജാമിദാ ടീച്ചര്‍. ഹിന്ദുമത്തില്‍ നിന്നും ഇസ്ലാം മതത്തിലേക്ക് പോവുക എന്നാല്‍ ഒരു കാലില മന്ത് മറു കാലില്‍ വയ്ക്കുന്നത് തന്നെയാണ്. മതം പറഞ്ഞ് പേടിപ്പിക്കുകയും പീഡിപ്പിക്കുകയും ചെയ്യുന്നവരാണ് എസ്ഡിപിഐ പ്രവര്‍ത്തകരെന്നും, ഹാദിയയുടെ മതം മാറ്റത്തിന് പിന്നില്‍ എസ്ഡിപിഐയുടെ ശക്തമായ ഗൂഡാലോചനയാണ് നടന്നിരിക്കുന്നതെന്നും ജാമിദ ടീച്ചര്‍ സമകാലിക മലയാളത്തോട് പറഞ്ഞു.

പര ലോകം പറഞ്ഞ് പേടിപ്പിച്ചാണ് ഹാദിയയെ മതം മാറ്റിയിരിക്കുന്നകത്. സൈക്കോളജിക്കല്‍ ട്രീറ്റ്‌മെന്റ് ചെയ്ത് ഹാദിയയെ കുടുംബത്തില്‍ നിന്നും അടര്‍ത്തി മാറ്റുകയാണ്. അവളുടെ മതത്തിലെ പ്രശ്‌നങ്ങള്‍ എന്താണെന്നോ, മതം മാറ്റിയിരിക്കുന്നത് എന്തിനാണെന്നോ ചോദിച്ചാല്‍ ഹാദിയയ്ക്ക് പറയാന്‍ അറിയില്ല. 

ഇസ്ലാം മതത്തില്‍ ബിംബാരാധന ഇല്ല, ഇവിടെ ഏകദൈവ ആരാധനയാണ് എന്നൊക്കെയാണ് ഹാദിയ മതം മാറ്റത്തിലുള്ള കാരണമായി പറയുന്നത്. എന്നാല്‍ അയ്യപ്പനെ ആരാധിക്കുന്നവര്‍ക്ക് അയ്യപ്പനാണ് ഏക ദൈവം, ആറ്റുകാലമ്മയെ ആരാധിക്കുന്നവര്‍ക്ക് അവരാണ് ഏക ദൈവം, ശ്രീകൃഷ്ണനെ ആരാധിക്കുന്നവര്‍ക്ക് ശ്രീകൃഷ്ണനാണ് അവരുടെ ഏക ദൈവം. അല്ലാഹുവിനെ ആരാധിക്കുന്നവര്‍ക്ക് അല്ലാഹു അവരുടെ ഏക ദൈവം. ഹാദിയയ്ക്കും ഹിന്ദു മതത്തിലെ ഏതെങ്കിലും ഒരു ദൈവത്തെ ആരാധിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ടായിരുന്നില്ലേ എന്ന് ജാമിദ ടീച്ചര്‍ ചോദിക്കുന്നു.

ഏകദൈവ ആരാധനയാണ് ഇസ്ലാം മതത്തില്‍ കണ്ട ഒരു ഗുണം എന്നാണ് ഹാദിയ പറഞ്ഞത്. മുപ്പത്തി മുക്കോടി ദൈവത്തെ വേണ്ട. ഏതെങ്കിലും ഒരു ദൈവത്തെ വിളിച്ച്‌ ഹാദിയയ്ക്ക് പ്രാര്‍ഥിക്കാമായിരുന്നല്ലോ? ബിംബാരാധന ഇസ്ലാമില്‍ ഇല്ലാ എന്ന് പറഞ്ഞു. ഇസ്ലാമില്‍ ഉള്ളത് പോലെ ബിംബാരാധന മറ്റ് എവിടേയും ഇല്ല. മക്കാ എന്ന രാജ്യത്തുള്ള കബ എന്നത് ഒരു ബിംബമാണ്. അതിനകത്ത് ഹജിറുല്‍ അസത് എന്നൊരു കല്ലുണ്ട്. അതിനെയാണ് അവര് വലം വയ്ക്കുന്നതും ചുംബിക്കുന്നതും പ്രാര്‍ഥിക്കുന്നതും എല്ലാം. ഇതിലും വലിയൊരു ബിംബാരാധന മറ്റൊരു മതത്തിലും താന്‍ കണ്ടിട്ടില്ല.

ഹാദിയയുമായി ഒരു സംവാദത്തിന് താന്‍ തയ്യാറാണ്. അവളുടെ മതത്തിലെ എല്ലാ പുരാണങ്ങളും ഞാന്‍ അവള്‍ക്ക് പറഞ്ഞു കൊടുക്കാം. വേദ പുരാണങ്ങളും, ബ്രഹ്മ പുരാണങ്ങളും വേദങ്ങളും, ഇതിഹാസങ്ങളും,സ്മൃതികളുമെല്ലാം താന്‍ പഠിച്ചതാണ്.

എത്രയോ പേര്‍ നാട്ടില്‍ മതം മാറുന്നുണ്ട്. അതൊന്നും ഇവിടെ വാര്‍ത്തകളായി വരുന്നില്ല. ഹാദിയ കോടതിയില്‍ ആദ്യം സത്യവാങ് മൂലം കൊടുത്തതില്‍ ആസിയ എന്നാണ് പേര്. രണ്ടാമത് കൊടുത്തതില്‍ ആദിയ എന്നാണ് പേര്. മൂന്നാമത് പേര് ഹാദിയ എന്നായി. ഹോമിയോ ആണെങ്കിലും ഒരു ഡോക്ടറേറ്റ് എടുത്ത ഇരുപത്തിനാല് വയസുള്ള ഒരു കുട്ടി പക്വതയില്ലാത്തതാണെന്ന് പറയാന്‍ പറ്റില്ല. എന്നാല്‍ സ്വന്തമായി ഒരു പേര് സ്വീകരിക്കാന്‍ പോലും ഈ കുട്ടിക്ക് കഴിയില്ലേ എന്നാണ് കോടതി ചോദിച്ചത്. 

പേരില്‍ തന്നെ ഉറച്ചു നില്‍ക്കാന്‍ കഴിയാത്തതില്‍ തന്നെ നമുക്ക് വ്യക്തമാണ് ഹാദിയ അല്ല പദ്ധതികള്‍ തയ്യാറാക്കിയിരുന്നത് എന്ന്. പക്ഷേ ഹാദിയക്ക് പിന്നിലുള്ള ശക്തികള്‍ എല്ലാം മുന്‍കൂട്ടി തയ്യാറാക്കി വെച്ചിരുന്നു. ഹാദിയയെ വിശ്വസിപ്പിക്കാന്‍ വീണ്ടും വീണ്ടും ശ്രമിച്ചാണ് ഈ ബാഹ്യ ശക്തികള്‍ അവളെ ഈ മതത്തിന് അഡിക്റ്റ് ആക്കിയത്.

മത പരിവര്‍ത്തനം എന്ന് പറയുമ്പോള്‍ ബന്ധങ്ങള്‍ വിച്ഛേദിക്കലാവാന്‍ പാടില്ല. ഒരു വിവാഹത്തിന് വേണ്ടി മത പരിവര്‍ത്തനം നടത്തുമ്പോള്‍ ആ കുട്ടിക്ക് ആ ബന്ധം മുഴുവന്‍ നഷ്ടപ്പെടുന്നു. ഇതുവരെ വളര്‍ത്തിയ മാതാപിതാക്കളെ അകറ്റുന്നു. ഹാദിയ സ്വമേധയ ആണ് മതം മാറുന്നതെങ്കില്‍ യാതൊരു പ്രശ്‌നവും ഉണ്ടായിരുന്നില്ല.

സംഘടിത ശക്തി ഇതിന് പിന്നിലുണ്ടെന്ന് പറയാന്‍ കാരണം, ഹാദിയയുടെ വിവാഹം റദ്ദാക്കിയ ഹൈക്കോടതി വിധി വന്നതിന് മൂന്നാമത്തെ ദിവസം ഇരുപതിനായിരത്തിലധികം ആള്‍ക്കാര്‍ ഹൈക്കോടതിയുടെ വാട്ടര്‍ ടാങ്കിന് മുകളില്‍ കയറി വരെ നിന്നാണ് പ്രകോപനപരമായി മുദ്രാവാക്യം വിളിക്കുക വരെ ചെയ്തത്. 

മതം മാറാന്‍ ആര്‍ക്കും അവസരം ഉണ്ട്. ആര്‍ക്കും അതിനുള്ള സ്വാതന്ത്ര്യം ഉണ്ട്. പ്രശ്‌നമില്ല. പക്ഷേ ഈ മതം മാറ്റത്തെ കേരള ഹൈക്കോടതി റദ്ദാക്കിയതിനുള്ള കാരണം ആ മതം മാറ്റത്തിന് പിന്നില്‍ ഒരു സംഘടിത മത പരിവര്‍ത്തന ശക്തി പ്രവര്‍ത്തിച്ചിട്ടുണ്ടെന്ന് കോടതിക്ക് അന്വേഷണത്തില്‍ വ്യക്തമായത് കൊണ്ടാണ്.

മുന്‍ സോഷ്യലിസ്റ്റ് പ്രവര്‍ത്തകനായ സുരേന്ദ്ര മോഹനായിരുന്നു ഹാദിയയുടെ വിവാഹം റദ്ദാക്കിയ ജഡ്ജി. അദ്ദേഹത്തിന്റെ പൂണൂല് പറഞ്ഞ് അദ്ദേഹത്തിന്റെ ഡ്രസിന്റെ കളര്‍ വരെ പറഞ്ഞ് അധിക്ഷേപിക്കുകയാണ് ചെയ്തത്. സുരേന്ദ്ര മോഹന്‍ എന്ന പേര് കേട്ടപ്പോള്‍ അവര്‍ക്ക് തെറ്റുപറ്റി. ഹിന്ദുവാണെന്ന് തെറ്റിദ്ധരിച്ചു. സുരേന്ദ്ര മോഹന്റെ അച്ഛന്‍ കെ.കെ.കുര്യാക്കോസ്. മതം മാറിയെന്ന് ആരോപിച്ച് ജഡ്ജിയെ വരെ ചീത്ത പറയുകയും ചെയ്യുന്നിടത്തേക്ക് എസ്ഡിപിഐക്കാര്‍ വന്നത് എന്തുകൊണ്ടാണ്? ഒരു ഹാദിയ മതം മാറിയതിന് പിന്നില്‍ വ്യക്തമായ ഗൂഢാലോചനകള്‍ നടന്നിട്ടുണ്ടെന്ന് വ്യക്തമാക്കുന്നതാണ് എസ്ഡിപിഐയുടെ ഈ നടപടികള്‍.

നിര്‍ബന്ധിക മത പരിവര്‍ത്തന കേന്ദ്രങ്ങള്‍ അടച്ചു പൂട്ടണം എന്നാണ് നമ്മള്‍ പറയുന്നത്. പൊന്നാനിയിലുണ്ട് മൗലത്തുല്‍ ഇസ്ലാം, മഞ്ചേരിയിലെ സത്യസരണി അടച്ചുപൂട്ടണം. നിര്‍ബന്ധിത പരിവര്‍ത്തനം മതേതര രാജ്യത്തിന്റെ പ്രതിച്ഛായ കളങ്കപ്പെടുത്തും. 

ഈയടുത്ത്‌ ശോഭാ മനോജ് എന്ന സ്ത്രീ സത്യ സരണി വഴി മതം മാറി. അവര്‍ക്ക് രണ്ട് കുട്ടികളുണ്ട്. എന്നാല്‍ നിങ്ങള്‍ക്ക് വിശ്വാസമുള്ള എന്ത് ആരാധനയുമായിട്ട് വേണമെങ്കിലും മുന്നോട്ട് പൊയ്‌ക്കോളാനാണ് മനോജ് അവരോട് പറഞ്ഞത്. എന്നാല്‍ ബന്ധം വേര്‍പ്പെടുത്തണം എന്ന നിലപാടില്‍ ശോഭ ഉറച്ചു നില്‍ക്കുകയായിരുന്നു. ഇതിന് കാരണമായി അവര്‍ പറഞ്ഞത്, ഞാന്‍ മാറിയ മതം എന്നെ പഠിപ്പിക്കുന്നത് നിങ്ങള്‍ക്ക് ഞാനും, എനിക്ക് നിങ്ങളും യോജിക്കില്ല എന്നാണ്. സത്യവിശ്വാസിക്ക് അവിശ്വാസി ചേരില്ല, അവിശ്വാസിക്ക് സത്യവിശ്വാസിയും ചേരില്ല എന്ന് ഖുറാനില്‍ പറയുന്നതാണ് അവര്‍ ആയുധമാക്കുന്നത്.

സ്ത്രീകളിലെ ചേലാ കര്‍മത്തിലും അനന്തരാവകാശ നിയമത്തിന്റെ കാര്യത്തിലും മുത്തലാഖ് വിഷയത്തിലും ഖുറാന്‍ സുന്നത്ത് സൊസൈറ്റി വാദി ഭാഗം ചേര്‍ന്നിട്ടുണ്ട്. ഇതുവരെയുള്ള ഇസ്ലാം തകര്‍ന്നു പോകും എന്ന് പറഞ്ഞ് ഞങ്ങളുടെ നിലപാടുകളെയൊന്നും വിവിധ മുസ്ലീം സംഘടനകളും വിഭാഗങ്ങളും അംഗീകരിക്കുന്നില്ല. 

എന്നാല്‍ സമൂഹത്തില്‍ ഗുണകരമായ കാര്യങ്ങള്‍ ചെയ്യാനാണ് ഖുറാന്‍ പറയുന്നത്. ചേലാകര്‍മത്തിന്റെ കാര്യത്തില്‍ മനുഷ്യനിലുള്ള സൃഷ്ടിപരമായ വൈകല്യമാണ് അത്. ആ ഒരു ഞരമ്പ് വിച്ഛേദിക്കുമ്പോള്‍ അതിന്റെ പ്രത്യാഘാതങ്ങള്‍ ആ കുട്ടിയുടെ ശരീരത്തില്‍ ഉണ്ടാകുന്നു. രോഗകാരണത്തെ തുടര്‍ന്ന് വിച്ഛേദിച്ചാല്‍ പ്രശ്‌നമില്ല. എന്നാല്‍ ഇസ്ലാമില്‍ നിന്നു പറയുമ്പോള്‍ സുന്നത്ത് തെറ്റാണ്. ഖുറാനില്‍ ഇതിനെ കുറിച്ച് പറയുന്നതായി യാതൊരു തെളിവുകളും ഇല്ല. 

സുന്നത്തിന്റെ അര്‍ഥം തന്നെ നടപടി എന്നാണ്. ഇസ്ലാം വിരുദ്ധമായ ഇതിനെതിരെ നിലപാടെടുക്കുന്നതിന് തങ്ങള്‍ക്ക് നേരെ എതിര്‍പ്പുകള്‍ ശക്തമാണ്. ഇങ്ങനെ തെറ്റുകള്‍ ചൂണ്ടിക്കാട്ടിയതിനാണ് ചേകന്നൂര്‍ മൗലവിയെ വധിച്ചത്. 1993ല്‍ വീട്ടില്‍ നിന്നും വലിച്ചിറക്കി കൊണ്ടുപോയി കഴുത്തില്‍ തോര്‍ത്ത് മുറുക്കി വധിക്കുകയായിരുന്നു. ഇതില്‍ പതിമൂന്നാം പ്രതിയാണ് കാന്തപുരം.

ഒരുപാട് വധ ഭീഷണികള്‍ എനിക്കെതിരെ വരുന്നുണ്ട്. അടുത്ത ദിവസം സൂര്യന്‍ കാണില്ല എന്നൊക്കെ മുത്തലാഖില്‍ സുപ്രീംകോടതി വിധി വന്നതിന് പിന്നാലെ ഫേസ്ബുക്കിലൂടെ തനിക്ക് ഭീഷണി സന്ദേശങ്ങള്‍ ലഭിച്ചിരുന്നു. ശക്തമായ ഒരു സംഘടനയോടാണ് ഞങ്ങള്‍ എതിരിടുന്നത്. ഞാനൊരു പട്ടാളക്കാരന്റെ മകളാണ്. അതുകൊണ്ട് പേടിച്ച് പിന്മറുമെന്ന് കരുതേണ്ട. എന്റെ മതത്തിന് വേണ്ടി ജീവന്‍ കളയാനും എനിക്ക് പേടിയില്ലെന്നും ജാമിദ ടീച്ചര്‍ പറയുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com